ഇരിങ്ങാലക്കുട: കോളേജ് ക്യാമ്പസ്സിനു പുറത്തു നഗരത്തിലെ പ്രധാന കേന്ദ്രങ്ങളില്‍ പൊതുജനങ്ങള്‍ക്കായി പൂക്കളങ്ങള്‍ തീര്‍ത്തും സംഗീത ആല്‍ബം അണിയിച്ചൊരുക്കിയും ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിന്റെ ഈ വര്‍ഷത്തെ ഓണാഘോഷം. ഓണത്തിന്റെ ആനന്ദവും ആരവവും എല്ലാവരിലേക്കും എത്തിക്കുക എന്ന ലക്ഷ്യത്തോടെ ക്യാമ്പസ്സിനു പുറത്തു മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ഡ്, സിവില്‍ സ്റ്റേഷന്‍, ഇരിങ്ങാലക്കുട സബ്ജയില്‍ , താലൂക്ക് ആശുപത്രി എന്നിവിടങ്ങളില്‍ വിദ്യാര്‍ത്ഥികള്‍ പൂക്കളങ്ങള്‍ ഒരുക്കി. രാവിലെ കോളേജ് ഓഡിറ്റോറിയത്തില്‍ വച്ച് നടന്ന സമ്മേളനത്തില്‍ എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര ഓണാഘോഷ പരിപാടികള്‍ ഉദ്ഘാടനം ചെയ്തു . ഐക്യവും ആനന്ദവും നിറഞ്ഞ മാവേലിക്കാലത്തിന്റെ പുനരാവിഷ്‌കരണമാകണം ഓരോ ഓണാഘോഷവുമെന്നു അദ്ദേഹം അഭിപ്രായപ്പെട്ടു. പ്രിന്‍സിപ്പല്‍ ഡോ. സജീവ്‌ജോണ്‍ ആശംസകള്‍ നേര്‍ന്നു. ചടങ്ങില്‍ വെച്ച് അധ്യാപകരും വിദ്യാര്‍ത്ഥികളും ചേര്‍ന്ന് അണിയിച്ചൊരുക്കിയ ‘പൊന്‍പൂവിളി’ എന്ന സംഗീത ആല്‍ബം ഫാ. ജോണ്‍ പാലിയേക്കര CMI പ്രകാശനം ചെയ്തു . ഇലക്ട്രോണിക്‌സ് & കമ്മ്യൂണിക്കേഷന്‍ എഞ്ചിനീയറിംഗ് വിഭാഗം അസി. പ്രൊഫ. രാഹുല്‍ മനോഹര്‍ രചനയും സംഗീതവും നിര്‍വഹിച്ചു. സിവില്‍ എഞ്ചിനീയറിംഗ് വിഭാഗം അസി. പ്രൊഫ. അര്‍ജജുന്‍ രാജ് ആലപിച്ച ആല്‍ബത്തിന്റെ ആദ്യ പ്രതി ജോയിന്റ് ഡയറക്ടര്‍ ഫാ. ജോയ് പയ്യപ്പിള്ളി, വൈസ് പ്രിന്‍സിപ്പല്‍ ഡോ. വി. ഡി. ജോണ്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി.തെയ്യം, കാവടി, പുലിക്കളി, കലാകാരന്‍ ബാന്‍ഡ് ഒരുക്കിയ ശിങ്കാരി മേളം എന്നിവയുടെ അകമ്പടിയോടെ നടന്ന ഘോഷയാത്രയും പാരമ്പരാഗത ഓണക്കളികളും ആഘോഷങ്ങള്‍ക്കു മിഴിവേകാനായി ഒരുക്കിയിരുന്നു .

 

LEAVE A REPLY

Please enter your comment!
Please enter your name here