ഇരിങ്ങാലക്കുട : കൊച്ചി രാജവംശത്തിലെ താവഴിയിലുള്ളവര്‍ക്ക് പാരമ്പര്യ അവകാശമായി സര്‍ക്കാര്‍ നല്‍കിപ്പോരുന്ന ഉത്രാടക്കിഴി അവിട്ടത്തൂര്‍ സ്വദേശി കൊട്ടാരത്തില്‍ മഠത്തില്‍ രാമവര്‍മ്മ തിരുമുല്‍പ്പാടിന്റെ പത്നിയും എഴുപത്തിയേട്ടുകാരിയായ ലീല തമ്പായി ആചാരപൂര്‍വ്വം ഏറ്റുവാങ്ങി. ഇരിങ്ങാലക്കുട ആര്‍ ടി ഓ സി ലതിക ലീല തമ്പായിക്ക് സര്‍ക്കാരിന്റെ ഓണ സമ്മാനം സമര്‍പ്പിച്ചത്. രാജവാഴ്ചയുടെ സ്മരണക്കായി രാജകുടുംബാംഗങ്ങള്‍ക്കു ലഭിക്കുന്ന പാരമ്പര്യത്തിന്റെ തിരുശേഷിപ്പായ ഉത്രാടക്കിഴി കൊച്ചി രാജകുടുംബത്തിലെ ഇളമുറക്കാരിക്കുള്ള സര്‍ക്കാരിന്റെ മുടങ്ങാത്ത സമ്മാനമാണ്. പണ്ട് ഓണക്കാലത്ത് കൊച്ചി രാജകുടുംബത്തിലെ സ്ത്രീകള്‍ക്ക് ഓണക്കോടി വാങ്ങാന്‍ രാജാക്കന്മാര്‍ ഉത്രാടക്കിഴി നല്‍കിപ്പോന്നിരുന്നു. പിന്നീട് ഒരു രാജാവ് ഈ ആവശ്യത്തിന് എന്‍ഡോവ്മെന്റ് ഏര്‍പ്പെടുത്തി. തിരുകൊച്ചി സംയോജനത്തിലൂടെ ഉത്രാടക്കിഴി നല്‍കുന്ന ചുമതല സര്‍ക്കാരിന്റേതായി. ഉത്രാടക്കിഴിയുടെ ഉള്ളടക്കം പതിനാലു രൂപയും ചില്ലറയുമായിരുന്നു. 2011 ലാണ് സര്‍ക്കാര്‍ ആയിരത്തിയോന്ന് രൂപയായി ഈ തുക ഉയര്‍ത്തിയത്. നാല്‍പ്പത്തിആറാമത്തെ തവണയാണ് ലീല തമ്പായി ഉത്രാടക്കിഴി ഏറ്റുവാങ്ങിയത് . മുകുന്ദപുരം താലൂക്കിലെ ഉത്രാടക്കിഴി ലഭിക്കുന്ന ഏക വ്യക്തി തമ്പുരാട്ടിയാണ്. കൊച്ചി രാജകുടുംബത്തിലെ ഇളങ്കുന്നപ്പുഴ നടക്കല്‍ കോവിലകത്തെ പിന്മുറക്കാരിയാണ് ലീല തമ്പായി. മകന്‍ രാജേന്ദ്രവര്‍മ്മ ഇരിങ്ങാലക്കുട പോസ്റ്റ് ഓഫീസിലും മരുമകള്‍ അംബിക അവിട്ടത്തൂര്‍ എല്‍.ബി.എസ്.എംലെ അധ്യാപികയുമാണ്. അവിട്ടത്തൂരിലെ തമ്പുരാട്ടിയുടെ വീട്ടില്‍ നടന്ന ലളിതമായ ചടങ്ങില്‍ മുകുന്ദപുരം താഹസില്‍ദാര്‍ ഐ ജെ മധുസൂദനന്‍, കടുപ്പശ്ശേരി വില്ലേജ് ഓഫീസര്‍ മനോജ് നായര്‍, അഡിഷണല്‍ തഹസില്‍ദാര്‍ മേരി, സ്പെഷ്യല്‍ വില്ലജ് ഓഫീസര്‍ മുരളീധരന്‍, ക്ലാര്‍ക്ക് സിന്ധ്യ, എന്നിവര്‍ സന്നിഹിതരായിരുന്നു.

 

LEAVE A REPLY

Please enter your comment!
Please enter your name here