21

ക്രൈസ്റ്റ് എന്‍ജിനീയറിങ് കോളേജിന് 15.53 ലക്ഷം രൂപയുടെ ഡി എസ് ടി ഫണ്ടിംഗ്

ഇരിങ്ങാലക്കുട : കേന്ദ്ര ശാസ്ത്ര സാങ്കേതിക വിഭാഗത്തിന്റെ (ഡി എസ് ടി) 15.53 ലക്ഷം രൂപ ഗവേഷണ ഗ്രാന്റ് നേടിയ ഇലക്ട്രോണിക്‌സ് ആന്‍ഡ് കമ്യൂണിക്കേഷന്‍ വിഭാഗം പ്രഫസറും റിസര്‍ച്ച് ഡീനുമായ ഡോ. വി സമ്പത്ത് കുമാറിനെ ആദരിച്ചു. ക്രൈസ്റ്റ് ഒട്ടോണമസ് കോളേജില്‍ ചേര്‍ന്ന യോഗത്തില്‍ ഗോവ ഗവര്‍ണര്‍ പി എസ് ശ്രീധരന്‍ പിള്ള പ്രശസ്തി പത്രം കൈമാറി. വയോജനങ്ങള്‍ക്കും പ്രമേഹ രോഗികള്‍ക്കുമായി ആര്‍ട്ടിഫിഷ്യല്‍ ഇന്റലിജന്‍സ് അധിഷ്ഠിത പരിചരണ സംവിധാനങ്ങള്‍ വികസിപ്പിക്കുന്നതിനായുള്ള ഗവേഷണങ്ങള്‍ക്കാണ് ഗ്രാന്റ്. മെക്കാനിക്കല്‍ വിഭാഗം അധ്യാപകരായ ഡോ. അരുണ്‍ അഗസ്റ്റിന്‍, സുനില്‍ പോള്‍ , പ്രോജക്ട് ഫെല്ലോ മാരായ ആദിത്യ സദാശക്തി, എസ് ആതിര എന്നിവരാണ് ഗവേഷണ സംഘത്തിലെ മറ്റ് അംഗങ്ങള്‍. ഐ ഐ ടി പാലക്കാടിന്റെ സ്റ്റാര്‍ട്ട് അപ്പ് ഗ്രാന്റ്, വി ഗാര്‍ഡിന്റെ ബിഗ് ഐഡിയ ഫെസ്റ്റ് പുരസ്‌കാരം, ദര്‍ശന ഇഗ്‌നൈറ്റ് പുരസ്‌കാരം എന്നിവയടക്കം നിരവധി ഗവേഷണ അംഗീകാരങ്ങള്‍ അദ്ദേഹം നേടിയിട്ടുണ്ട്. ക്രൈസ്റ്റ് കോളേജ് ഓഫ് എന്‍ജിനീയറിങ് എക്‌സിക്യൂട്ടീവ് ഡയറക്ടര്‍ ഫാ. ജോണ്‍ പാലിയേക്കര, ക്രൈസ്റ്റ് കോളേജ് ഓട്ടോണമസ് പ്രിന്‍സിപ്പല്‍ ഡോ. ജോളി ആന്‍ഡ്രൂസ്, മാനേജര്‍ ഫാ. ജോയി പീനിക്കപറമ്പില്‍ എന്നിവര്‍ സന്നിഹിതരായിരുന്നു.

Advertisement