നിറങ്ങളിൽ ആവേശം ചാലിച്ച് ചിത്രരചനാ മത്സരങ്ങൾ ; നിറവര്‍ണങ്ങളില്‍ വിരിഞ്ഞ് വർണ്ണക്കുട

31

ഇരിങ്ങാലക്കുട : നിയോജല മണ്ഡലത്തിലെ എല്ലാ വിഭാഗം ജനങ്ങളേയും ഒരുമിപ്പിച്ച് ഓണാഘോഷങ്ങളുടെ ഭാഗമായി സംഘടിപ്പിക്കുന്ന കലാ കായിക കാർഷിക സാഹിത്യ മഹോത്സവമായ വർണ്ണക്കുടയുടെ ഓഫ് സ്റ്റേജ് മത്സരങ്ങൾക്ക് ചിത്രരചനാ മത്സരത്തോടെ ഇന്ന് തുടക്കമായി. ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ നടന്ന ചിത്രരചനാ മത്സരങ്ങൾക്ക് നിയോജക മണ്ഡലത്തിലെ വിവിധ വിദ്യാലയങ്ങളിൽ നിന്നും നൂറുകണക്കിന് വിദ്യാർത്ഥികളാണ് ആവേശപൂർവ്വം പങ്കെടുത്തത്.പൊതു വിഭാഗത്തിലും മത്സരാർത്ഥികളുടെ പങ്കാളിത്തമേറെയായിരുന്നു.പ്രളയത്തിനും കോവിഡിനും ശേഷം ഇരിങ്ങാലക്കുടയിൽ ബഹുജന പങ്കാളിത്തത്തോടെ നടത്തപ്പെടുന്ന കലാ-കായിക കാർഷിക സാഹിത്യ മേളയാണ് ‘വർണ്ണക്കുട’. ഇടനെഞ്ചിലാണെൻ്റെ ഇരിങ്ങാലക്കുട എന്ന പരിപാടിയുടെ ആശയം നാട്ടുകാരേറ്റെടുത്തു കഴിഞ്ഞു.മത്സരങ്ങൾ പ്രശസ്ത ആർട്ടിസ്റ്റ് മോഹൻദാസ് ചിത്രം വരച്ച് ഉദ്ഘാടനം ചെയ്തു.ചിത്രകല വിദ്യാർത്ഥികളുടെ സർഗവാസനയെ പരിപോഷിപ്പിച്ച് മികച്ച വ്യക്തിത്വമുള്ളവരാക്കാൻ അവരെ സഹായിക്കുമെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.ആളൂർ ബ്ലോക്ക് പഞ്ചായത്ത് പ്രസിഡണ്ട് സന്ധ്യ നൈസൻ അധ്യക്ഷത വഹിച്ച ചടങ്ങിൽ സെൻറ് ജോസഫ്സ് കോളേജ് വൈസ് പ്രിൻസിപ്പൽ സിസ്റ്റർ ജെസി, എഴുത്തുക്കാരനും കവിയുമായ ബാലകൃഷ്ണൻ അഞ്ചത്ത് എന്നിവർ ആശംസകൾ നേർന്നു. പ്രസീത ടീച്ചർ സ്വാഗതവും അമൃത ടീച്ചർ നന്ദിയും പറഞ്ഞു.ഇരിങ്ങാലക്കുട നിയോജക മണ്ഡലത്തിലെ പഞ്ചായത്ത് പ്രസിഡൻ്റുമാരും, ഇരിങ്ങാലക്കുടയിലെ വിവിധ തുറയിലെ പൗരപ്രമുഖരും, വിവിധ വകുപ്പുകളിലെ ഉദ്യോഗസ്ഥരും രക്ഷിതാക്കളും മത്സരവേദിയായ സെൻ്റ് ജോസഫ് കോളേജ് ഓഡിറ്റോറിയത്തിൽ സന്നിഹിതരായിരുന്നു.സംസ്ഥാന ഉന്നത വിദ്യാഭ്യാസ മന്ത്രിയും എംഎൽഎ യുമായ ഡോ.ബിന്ദു ടീച്ചർ മത്സരവേദി സന്ദർശിച്ച് മത്സരാർത്ഥികൾക്ക് വിജയാശംസ നേരുകയും വർണ്ണക്കുട എന്ന പരിപാടി ഉറപ്പായും ഇരിങ്ങാലക്കുടയുടെ നെഞ്ചിലിടം പിടിക്കുമെന്നും അതിനു വേണ്ടിയുള്ള പരിപാടികളാണ് ആസൂത്രണം ചെയ്തിരിക്കുന്നതെന്നും നിറഞ്ഞ കയ്യടികളോടെയാണ് സദസ്സ് സ്വീകരിച്ചത്.സെപ്റ്റംബർ 2 മുതൽ 6 വരെ ഇരിങ്ങാലക്കുട മുനിസിപ്പൽ മൈതാനിയിലായിരിക്കും പ്രധാന പരിപാടികൾ അരങ്ങേറുക.

Advertisement