ഇരിങ്ങാലക്കുട: കൂടല്‍മാണിക്യം ദേവസ്വത്തിന് ആയൂര്‍വേദ ക്ലീനിക്ക് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു. ദേവസ്വം നല്‍കിയ സമഗ്രമായ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് അനുമതി. തെക്കേ നടയില്‍ കൂടല്‍മാണിക്യം ദേവസ്വം ഉടമസ്ഥതയിലുള്ള കര്‍മ്മവേദി കെട്ടിടത്തില്‍ ഈ മാസം തന്നെ ക്ലീനിക്കിന്റെ ഒ.പി. വിഭാഗം പ്രവര്‍ത്തനം ആരംഭിക്കാനാണ് ഉദ്ദേശിക്കുന്നതെന്ന് ചെയര്‍മാന്‍ യു. പ്രദീപ് മേനോന്‍ പറഞ്ഞു. ഇതിനായി കര്‍മ്മവേദി കെട്ടിടം സ്‌പോണ്‍സര്‍മാരുടെ സഹായത്തോടെ നവീകരിക്കും. ഭാവിയില്‍ ക്ഷേത്രം കൊട്ടാരപറമ്പ്, തെക്കേക്കുളം എന്നിവ പ്രയോജനപ്പെടുത്തി ഇതിനെ ഒരു ആയൂര്‍വേദ ഹബ്ബാക്കി മാറ്റാനാണ് പദ്ധതി. ഉദരരോഗത്തിനുള്ള വഴുതനങ്ങാ നിവേദ്യവും മുക്കുടി നിവേദ്യവുമെല്ലാം കൂടല്‍മാണിക്യം ക്ഷേത്രത്തിന്റെ പ്രത്യേകതകളാണ്. നിരവധി ഭക്തജനങ്ങളാണ് ഈ നിവേദ്യങ്ങള്‍ സേവിക്കാനായി ക്ഷേത്രത്തിലെത്തുന്നത്. ഇതുള്‍ക്കൊണ്ട് ടെമ്പിള്‍ ടൂറിസവും ആയൂര്‍വേദവും ഒരുമിച്ച് പ്രയോജനപ്പെടുത്തുകയാണ് ലക്ഷ്യം. ഇതിനായി ക്ഷേത്രത്തിലെ 10 ഏക്കറോളം വരുന്ന കൊട്ടാര പറമ്പിന്റെ ഒരു ഭാഗത്ത് ഔഷധ തോട്ടം വെച്ചുപിടിപ്പിക്കും. കോണ്‍ക്രീറ്റ് ഇതര കോട്ടേജുകള്‍ നിര്‍മ്മിച്ചും തെക്കേ കുളവും മറ്റു സൗകര്യങ്ങളും പ്രയോജനപ്പെടുത്തി പൂര്‍ണ്ണതോതില്‍ ഒരു ആയുര്‍വേദ ഹബ്ബാക്കി മാറ്റുകയാണ് ലക്ഷ്യമെന്നും ചെയര്‍മാന്‍ പറഞ്ഞു. ഇതോടെ വെറുതെ കിടക്കുന്ന ക്ഷേത്രപറമ്പുകളിലെല്ലാം ഔഷധ തോട്ടം നിറയും. മാത്രമല്ല, ഇരിങ്ങാലക്കുടയുടെ വികസനത്തിന് ഇതൊരു മുതല്‍കൂട്ടാകുമെന്നും ചെയര്‍മാന്‍ കൂട്ടിച്ചേര്‍ത്തു.
കൂടല്‍മാണിക്യം ദേവസ്വത്തിന് ആയൂര്‍വേദ ക്ലീനിക്ക് ആരംഭിക്കുന്നതിന് സര്‍ക്കാര്‍ അനുമതി ലഭിച്ചു
Advertisement