ഇരിങ്ങാലക്കുട നഗരസഭ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി.) പ്രവര്‍ത്തന സജ്ജമായി

73

ഇരിങ്ങാലക്കുട: കോവിഡ് വ്യാപനം രൂക്ഷമായി വരുന്ന സാഹചര്യത്തില്‍ വീട്ടുനിരീക്ഷണത്തില്‍ സൗകര്യങ്ങള്‍ ഇല്ലാതെ കഴിയുന്നവര്‍ക്കായി ഇരിങ്ങാലക്കുട നഗരസഭ ഡൊമിസിലറി കെയര്‍ സെന്റര്‍ (ഡി.സി.സി.) പ്രവര്‍ത്തന സജ്ജമായി. ഇരിങ്ങാലക്കുട നഗരസഭയുടെ കീഴില്‍ കാട്ടുങ്ങച്ചിറയില്‍ കോവിഡ് കെയര്‍ സെന്ററായി കഴിഞ്ഞ വര്‍ഷം പ്രവര്‍ത്തിച്ച ഔവ്വര്‍ ആശുപത്രി കെട്ടിടത്തിലാണ് സെന്റര്‍ സജ്ജീകരിക്കുന്നത്. കോവിഡ് രണ്ടാം തരംഗത്തിന്റെ പശ്ചാത്തലത്തില്‍ നഗരസഭ പരിധിയില്‍ ഫസ്റ്റ് ലൈന്‍ ട്രീറ്റ്‌മെന്റ് സെന്റര്‍ പ്രവര്‍ത്തനം ആരംഭിക്കണമെന്ന് കഴിഞ്ഞ മാസം ചേര്‍ന്ന അടിയന്തര കൗണ്‍സില്‍ യോഗത്തില്‍ താലൂക്ക് ആശുപത്രി സൂപ്രണ്ട് ആവശ്യപ്പെട്ടിരുന്നു. സര്‍വകക്ഷി യോഗത്തിലും ഇതേ ആവശ്യം ഉയര്‍ന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ഗുരുതരാവസ്ഥയില്‍ അല്ലാത്ത രോഗികള്‍ക്കായിട്ടാണ് ഇപ്പോള്‍ ഡി.സി.സി. ആരംഭിക്കുന്നത്. റവന്യൂ വകുപ്പ് ഔവ്വര്‍ ആശുപത്രി കെട്ടിടം എറ്റെടുത്ത് നഗരസഭക്ക് കൈ മാറിക്കഴിഞ്ഞു. അടച്ചിട്ടിരുന്ന കെട്ടിടത്തില്‍ ശുചീകരണ പ്രവ്യത്തകള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ആദ്യഘട്ടത്തില്‍ 30 ഓളം കിടക്കകളാണ് ഇവിടെ സജ്ജീകരിച്ചിരിക്കുന്നത്. മെഡിക്കല്‍ വിഭാഗത്തിന്റെ പരിശോധനയും പൂര്‍ത്തിയായിക്കഴിഞ്ഞു. ഇതിനുപുറമെ ക്രൈസ്റ്റ് കോളേജിലെ പെണ്‍കുട്ടികളുടെ ഹോസ്റ്റലും ഏറ്റെടുത്തിട്ടുണ്ട്. ഭക്ഷണം ഉള്‍പ്പെടെ സൗകര്യങ്ങള്‍ക്ക് കുടുംബശ്രീ സംവിധാനങ്ങള്‍ ഉപയോഗപ്പെടുത്താനാണ് തീരുമാനം.

Advertisement