ടാറിങ്ങ് പൂര്‍ത്തിയായ റോഡിന്റെ ഉയരകൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു

114

പടിയൂര്‍: മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയായ റോഡിന്റെ ഉയരകൂടുതല്‍ അപകട ഭീഷണി ഉയര്‍ത്തുന്നു. വെള്ളാങ്കല്ലൂര്‍ മതിലകം റോഡിന്റെ എഡ്ജിലാണ് ഈ അവസ്ഥ. റോഡിന്റെ ലവലിങ്ങ് കഴിഞ്ഞ് മെക്കാഡം ടാറിങ്ങ് പൂര്‍ത്തിയായതോടെ പലയിടത്തും റോഡും അരികും തമ്മില്‍ ഒന്നര അടിയോളമാണ് ഉയരവ്യത്യാസം വന്നിരിക്കുന്നത്. പടിയൂര്‍ പഞ്ചായത്തില്‍ വളവനങ്ങാടി ഭാഗത്താണ് ഏറ്റവും വലിയ വ്യത്യാസമുള്ളത്. റോഡിന്റെ നിര്‍മ്മാണം പൂര്‍ത്തിയായെങ്കിലും ഇതുവരേയും അരികില്‍ മണ്ണിട്ട് ഈ ഉയരവ്യത്യാസം ഇല്ലാതാക്കാന്‍ അധികൃതരുടെ ഭാഗത്തുനിന്നും യാതൊരു നടപടികളും ഉണ്ടായിട്ടില്ലെന്ന് നാട്ടുകാര്‍ പറയുന്നു. ബൈക്ക് അടക്കമുള്ള വാഹനങ്ങള്‍ ഈ എഡ്ജില്‍പ്പെട്ട് അപകടത്തില്‍പ്പെടുകയാണ്. ഇതുമൂലം വാഹനങ്ങള്‍ റോഡില്‍ നിറുത്തിയാണ് ആളുകള്‍ സാധനങ്ങള്‍ വാങ്ങാന്‍ കടയിലേക്ക് പോകുന്നത്. മാസങ്ങളായി നിര്‍ത്തിവെച്ചിരിക്കുന്ന നിര്‍മ്മാണ പ്രവര്‍ത്തികള്‍ അടിയന്തിരമായി പുനരാരംഭിക്കണമെന്നും ഉയരവ്യത്യാസം കൂടുതലുള്ള സ്ഥലങ്ങളില്‍ മണ്ണിട്ട് ലവല്‍ ചെയ്യണമെന്നും നാട്ടുകാര്‍ ആവശ്യപ്പെട്ടു. അതോടൊപ്പം വശങ്ങളിലുള്ള കാനകള്‍ ഉയര്‍ത്തി സ്ലാബിടുവാനും അധികൃതര്‍ തയ്യാറാകണമെന്നാണ് നാട്ടുകാരുടെ ആവശ്യം.ആലുവ എന്‍.എച്ച്. ഡിവിഷന്റെ കീഴില്‍ മലയും കടലും ബന്ധിപ്പിക്കുന്ന ചാലക്കുടി- മതിലകം ആറാട്ടുകടവ് ഹൈവേയില്‍ ഉള്‍പ്പെടുത്തിയാണ് വെള്ളാങ്ങല്ലൂര്‍ മുതല്‍ മതിലകം ആറാട്ടുകടവുവരെ വീതി കൂട്ടി മെക്കാഡം ടാറിങ്ങ് നടത്തിയത്. വെള്ളാങ്ങല്ലൂര്‍ മുതല്‍ മതിലകം ആറാട്ടുകടവ് വരെ 6.4 കിലോമീറ്റര്‍ റോഡാണ് 16 കോടിയോളം ചിലവഴിച്ച് അഞ്ചര മുതല്‍ ആറുമീറ്റര്‍ വരെ വീതിയില്‍ മെക്കാഡം ടാറിങ്ങ് നടത്തിയത്.

Advertisement