വോട്ടെണ്ണല്‍ നടക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നു

81

ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിന്റെ നിയമസഭാ തിരഞ്ഞെടുപ്പ് വോട്ടെണ്ണല്‍ നടക്കുന്ന ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജില്‍ ഒരുക്കങ്ങളും പൂര്‍ത്തിയാകുന്നു. കോളേജ് ഓഡിറ്റോറിയത്തില്‍ വോട്ടെണ്ണുന്നതിനായി മൂന്ന് കാബിനുകളും പോസ്റ്റല്‍ വോട്ട് എണ്ണുന്നതിനും ഇ.പി.പി.ക്കും ഓരോ ക്യാബിനുകളുമാണ് ഒരുക്കിയിരിക്കുന്നത്. മുന്നൊരുക്കങ്ങളുടെ ഭാഗമായി റിട്ടേണിങ്ങ് ഓഫീസര്‍ കെ.എം. സുനില്‍കുമാറിന്റെ അധ്യക്ഷതയില്‍ ഉദ്യോഗസ്ഥരുടേയും രാഷ്ട്രീയകക്ഷി പ്രതിനിധികളുടേയും യോഗം ചേര്‍ന്നു. കോളേജ് ഓഡിറ്റോറിയത്തിലെ ഒരുക്കങ്ങളെ കുറിച്ച് രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികളെ ബോധ്യപ്പെടുത്തി. 29ന് മുമ്പായി പോളിങ്ങ് ഏജന്റുമാരുടെ ഐഡി കാര്‍ഡ് കൈപറ്റാന്‍ നിര്‍ദ്ദേശം നല്‍കി. ഒരു ക്യാബിനില്‍ ഏഴ് ഡസ്‌കിലായി മൂന്ന് വീതം ഉദ്യോഗസ്ഥരെ നിയോഗിക്കുക. ഇതിന് പുറമെ റിസര്‍വ്വ് ഉദ്യോഗസ്ഥരേയും സജ്ജമാക്കിയിട്ടുണ്ട്. ഓരോ ഡസ്‌കിലും നാലോ, അഞ്ചോ വീതം ഏജന്റുമാര്‍ ഉണ്ടാകും. ഇവര്‍ക്ക് ഇരിക്കാനുള്ള സൗകര്യം ഒരുക്കിയിട്ടുണ്ട്. വോട്ടെണ്ണല്‍ ദിവസത്തിന് തലേദിവസം തന്നെ പോലീസ് വോട്ടെണ്ണല്‍ കേന്ദ്രത്തിന്റെ സെക്യൂരിറ്റി ഏറ്റെടുക്കും. കോവിഡ് പ്രോട്ടോകോള്‍ പാലിക്കുന്നതിനായി ആരോഗ്യവിഭാഗം രംഗത്തുണ്ടാകും. ഉദ്യോഗസ്ഥര്‍ക്ക് പുറമെ ഏജന്റുമാരെ മാത്രമെ അകത്തേക്ക് പ്രവേശിപ്പിക്കുകയൊള്ളു. അകത്തേക്ക് പ്രവേശിപ്പിക്കുന്നതിന് മുമ്പായി തെര്‍മോസ്‌കാനര്‍ പരിശോധനനടത്തും. അഗ്നിരക്ഷാസേനയുടെ സാന്നിധ്യം ഉണ്ടായിരിക്കും. പൊതുജനങ്ങള്‍ക്ക് മതിലിനകത്തേക്ക് പ്രവേശനം ഉണ്ടായിരിക്കില്ല. മീഡിയയ്ക്ക് ഡിജിറ്റല്‍ സംവിധാനങ്ങളോടെ മീഡിയാ റൂമും ഒരുക്കും. യോഗത്തില്‍ ഇ.ആര്‍.ഒ. ബാലകൃഷ്ണന്‍, എ.ആര്‍.ഒ. എ.ജെ. അജയ്, അഗ്നിരക്ഷാസേന സ്റ്റേഷന്‍ ഓഫീസര്‍ വെങ്കിട്ടരാമന്‍, ഇരിങ്ങാലക്കുട ആശുപത്രി സൂപ്രണ്ട് ഡോ. മിനിമോള്‍, രാഷ്ട്രീയപാര്‍ട്ടി പ്രതിനിധികള്‍ എന്നിവര്‍ യോഗത്തില്‍ പങ്കെടുത്തു.

Advertisement