നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് പ്ലാന്റില്‍ വളം ഉല്‍പാദനം തുടങ്ങി

124

ഇരിങ്ങാലക്കുട: സംസ്ഥാനത്തെ ഏറ്റവും വലിയ സംസ്‌ക്കരണ ശാലകളിലൊന്നായ നഗരസഭയുടെ വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് പ്ലാന്റില്‍ വളം ഉല്‍പാദനം തുടങ്ങി. ഇരിങ്ങാലക്കുട നഗരസഭ ട്രെഞ്ചിങ്ങ് ഗ്രൗണ്ടില്‍ സജ്ജമാക്കിയിരിക്കുന്ന പ്ലാന്റില്‍ ദിവസേനെ മൂന്ന് ടണ്‍ ജൈവ വളമാണ് നിര്‍മ്മിക്കുന്നത്. 2019-20, 2020-21 ബഹുവര്‍ഷ പദ്ധതിയായി ഉള്‍പ്പെടുത്തി 35 ലക്ഷം രൂപ ചിലവഴിച്ച് ഏഴായിരം സ്‌ക്വയര്‍ഫീറ്റിലാണ് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. പാലക്കാട് ആസ്ഥാനമായി പ്രവര്‍ത്തിക്കുന്ന ഐ.ആര്‍.ടി.സി.യുമായി സഹകരിച്ചാണ് പദ്ധതി നടപ്പിലാക്കുന്നത്. ഐ.ആര്‍.ടി.സി. വളം ഉല്‍പാദിപ്പിക്കുന്നതിനായി ആറ് വനിത ജീവനക്കാരെയാണ് നിയോഗിച്ചിരിക്കുന്നത്. കോഴി മാലിന്യം സംസ്‌ക്കരിക്കാനുള്ള സൗകര്യവും ഈ പ്ലാന്റില്‍ നഗരസഭ പരിധിയിലെ വീടുകളില്‍ നിന്നും സ്ഥാപനങ്ങളില്‍ നിന്നും ശേഖരിക്കുന്ന ജൈവമാലിന്യമാണ് പ്ലാന്റിലൂടെ വളമാക്കുന്നത്. വളം പാക്കറ്റുകളാക്കി വില്‍ക്കുന്നതിന് നഗരസഭ കൗണ്‍സില്‍ തീരുമാനമെടുത്തിട്ടുണ്ട്. കര്‍ഷകര്‍ക്ക് ഗുണനിലവാരമുള്ള വളം ലഭ്യമാക്കുകയെന്ന ലക്ഷ്യത്തോടെ കിലോയ്ക്ക് 15 രൂപ നിരക്കിലാണ് വളം വില്‍പ്പന നടത്തുവാന്‍ തിരൂമാനിച്ചിരിക്കുന്നത്. നേരത്തെ ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിനായി നിര്‍മ്മിച്ച കോണ്‍ക്രീറ്റ് തൂണുകള്‍ക്ക് ചുറ്റും ഒരടി ചതുരത്തില്‍ ഇരുമ്പ് പൈപ്പുപയോഗിച്ച് ഉയര്‍ത്തിയും വീതികൂട്ടിയും ബലപ്പെടുത്തിയാണ് കെട്ടിടം നിര്‍മ്മിച്ചിരിക്കുന്നത്. ശുചിത്വമിഷനുമായി ചേര്‍ന്ന് 15 ലക്ഷം രൂപയുടെ മെഷിനറികളാണ് ഇവിടെ സ്ഥാപിച്ചിരിക്കുന്നത്. 2005- 2006ല്‍ വാര്‍ഷിക പദ്ധതിയില്‍ ഉള്‍പ്പെടുത്തി 30 ലക്ഷം രൂപ ചിലവഴിച്ച് ഖരമാലിന്യ സംസ്‌ക്കരണ പ്ലാന്റിനായി നിര്‍മ്മിക്കാന്‍ പദ്ധതി ഒരുക്കിയിരുന്നു. ഇതിനായി ട്രഞ്ചിങ്ങ് ഗ്രൗണ്ടില്‍ 30 കോണ്‍ക്രീറ്റ് തൂണുകള്‍ നിര്‍മ്മിച്ചു. എന്നാല്‍ പദ്ധതി നടപ്പിലായില്ല. കാടുകയറി കിടന്നിരുന്ന ഈ തൂണുകളെ ഉപയോഗപ്പെടുത്തി മാലിന്യ സംസ്‌ക്കരണ പദ്ധതി പൂര്‍ത്തിയാക്കാന്‍ മുന്‍ ചെയര്‍പേഴ്‌സന്‍ നിമ്യാ ഷിജു മുന്‍കൈയ്യെടുത്ത് 2018ല്‍ നഗരസഭ ബഹുവര്‍ഷ പദ്ധതിക്ക് അംഗീകാരം നല്‍കിയത്. ഇതിന്റെ ബാക്കി തൂണുകള്‍ കൂടി ഉപയോഗപ്പെടുത്തി പതിനായിരം സ്‌ക്വയര്‍ ഫീറ്റില്‍ പ്ലാന്റ് വികസിപ്പിക്കാനും നഗരസഭ തീരുമാനിച്ചിട്ടുണ്ട്. ജില്ലയില്‍ കുന്നംകുളം, ഗുരുവായൂര്‍ നഗരസഭകളില്‍ വിന്‍ഡ്രോ കമ്പോസ്റ്റിങ്ങ് പ്ലാന്റ് ഉണ്ടെങ്കിലും അതിനേക്കാളും കൂടുതല്‍ മെച്ചപ്പെടുത്തിയാണ് പ്ലാന്റ് നിര്‍മ്മിച്ചിരിക്കുന്നത്. നഗരസഭ പരിധിയിലുള്ള സ്‌കൂളുകളിലെ കുട്ടികളില്‍ നിന്നും ഇതിനുള്ള ലോഗോ ക്ഷണിച്ചിട്ടുണ്ട്. മികച്ച ലോഗോയ്ക്ക് പ്രോത്സാഹനം നല്‍കുമെന്ന് നഗരസഭ വ്യക്തമാക്കി. ലോഗോ തയ്യാറായി കഴിഞ്ഞാല്‍ വാണിജ്യ അടിസ്ഥാനത്തില്‍ വില്‍പ്പന നടത്താനും പദ്ധതിയുണ്ട്.

Advertisement