സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്ന് മന്ത്രി വി എസ് സുനില്‍കുമാര്‍

82

ഇരിങ്ങാലക്കുട: തദ്ദേശ തിരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് അനുകൂലമായ സാഹചര്യമാണുള്ളതെന്നും ഇരിങ്ങാലക്കുട നഗരസഭയില്‍ ഇത്തവണ എല്‍ഡിഎഫ് വ്യക്തമായ ഭൂരിപക്ഷം നേടുമെന്നും കൃഷി വകുപ്പ് മന്ത്രി വി എസ് സുനില്‍ കുമാര്‍.എല്‍ഡിഎഫ് സ്ഥാനാര്‍ത്ഥി അഡ്വ.ജിഷ ജോബിയുടെ തിരഞ്ഞെടുപ്പ് പ്രചരണാര്‍ത്ഥം വാര്‍ഡ് 32 ല്‍ വാട്ടര്‍ ടാങ്ക് പരിസരത്ത് എത്തിയതായിരുന്നു അദ്ദേഹം.കഴിഞ്ഞ നാലര വര്‍ഷത്തിനുള്ളില്‍ സാധാരണക്കാരുടെ ജീവിതത്തെ തുണക്കുന്ന ഒട്ടേറെ നടപടികള്‍ സ്വീകരിക്കുവാന്‍ ഇടതുപക്ഷ സര്‍ക്കാരിന് കഴിഞ്ഞു. 60 ലക്ഷം കുടുംബങ്ങള്‍ക്കാണ് ക്ഷേമപെന്‍ഷനുകള്‍ നല്കി വരുന്നത്. പൊതുവിതരണ ശൃംഖലയെയും സര്‍ക്കാര്‍ ആശുപത്രികളെ ശക്തിപ്പെടുത്താനും പൊതുവിദ്യാലയങ്ങള്‍ അന്താരാഷ്ട്ര നിലവാരത്തിലേക്ക് ഉയര്‍ത്താനും കഴിഞ്ഞു. സര്‍ക്കാരിനെതിരെ കള്ളക്കഥകള്‍ പ്രചരിപ്പിക്കാനാണ് കോണ്‍ഗ്രസ്സും ബിജെപി യും ചില മാധ്യമങ്ങളും ശ്രമിക്കുന്നതെന്നും മന്ത്രി പറഞ്ഞു. എല്‍ഡിഎഫ് നേതാക്കളായ കെ ശ്രീകുമാര്‍, പി മണി, എന്‍ കെ ഉദയപ്രകാശ് എന്നിവര്‍ ഒപ്പം ഉണ്ടായിരുന്നു.

Advertisement