അണുകുടുംബങ്ങൾ വർദ്ധിച്ചപ്പോൾ പാലിയേറ്റീവ് കെയറുകളുടെ പ്രാധാന്യം വർദ്ധിച്ചുവെന്ന് കളക്ടർ എസ് .ഷാനവാസ്

78

ഇരിങ്ങാലക്കുട :കൂട്ടുകുടുംബങ്ങൾ ഇല്ലാതാവുകയും അണുകുടുംബങ്ങൾ ഉണ്ടാകുകയും ബന്ധങ്ങളിൽ മാറ്റങ്ങളും സംഭവിക്കുകയും ചെയ്തപ്പോൾ പാലിയേറ്റീവ് കെയറുകളുടെ പ്രാധാന്യം വർദ്ധിച്ചുവെന്ന് കളക്ടർ എസ് .ഷാനവാസ്.ഇരിങ്ങാലക്കുടയിൽ മാര്‍ ജെയിംസ് പഴയാറ്റില്‍ മെമ്മോറിയല്‍ ഹൃദയ പാലിയേറ്റീവ് കെയര്‍ ഹോസ്പിസ് ട്രസ്റ്റ് കേന്ദ്രമന്ദിരവും പാലിയേറ്റീവ് കെയര്‍ സെന്ററും ഉദ്ഘാടനം ചെയ്ത് സംസാരിക്കുകയായിരുന്നു അദ്ദേഹം.ഇരിങ്ങാലക്കുട രൂപത മെത്രാന്‍ മാര്‍ പോളി കണ്ണൂക്കാടന്‍ അധ്യക്ഷത വഹിച്ചു . ഹൃദയ പാലിയേറ്റീവ് കെയര്‍ ട്രസ്റ്റ് പ്രസിഡന്റ് മോണ്‍. ലാസര്‍ കുറ്റിക്കാടന്‍ സ്വാഗതവും കെഎസ്ഇ എക്‌സിക്യൂട്ടിവ് ഡയറക്ടറും ഐടിയു ബാങ്ക് ചെയര്‍മാനുമായ എം. പി. ജാക്‌സണ്‍ ശിലാഫലകം അനാച്ഛാദനകര്‍മവും നിര്‍വഹിച്ചു . ഹൃദയ പാലിയേറ്റീവ് കെയര്‍ ഡയറക്ടര്‍ റവ. ഫാ. തോമസ് കണ്ണമ്പിള്ളി നന്ദി അര്‍പ്പിച്ചു .കത്തീഡ്രല്‍ വികാരി റവ. ഡോ. ആന്റു ആലപ്പാടന്‍, പാസ്റ്ററല്‍ കൗണ്‍സില്‍ സെക്രട്ടറി ടെല്‍സണ്‍ കോട്ടോളി, കത്തീഡ്രല്‍ ട്രസ്റ്റി ജിയോ പോള്‍ തട്ടില്‍,നഗരസഭ ഹെൽത്ത് സൂപ്പർവൈസർ പി. ആർ സ്റ്റാൻലി എന്നിവര്‍ ആശംസകൾ അർപ്പിച്ചു .കഴിഞ്ഞ മൂന്നു വര്‍ഷങ്ങളില്‍ 2700 ല്‍പരം രോഗികള്‍ക്ക് സാന്ത്വന പരിചരണം ഒരുക്കുന്നതിന് ഹൃദയ പാലിയേറ്റീവിന് കഴിഞ്ഞിട്ടുണ്ട്. 33 ഡോക്ടര്‍മാരും 40 നഴ്‌സുമാരും 300 വോളന്റിയര്‍മാരും 12 സ്ഥിര ജോലിക്കാരും ഇപ്പോള്‍ സൗജന്യ സേവനങ്ങള്‍ക്ക് നേതൃത്വം കൊടുക്കുന്നുണ്ട്. മാത്രമല്ല കോവിഡ്-19 ന്റെ പശ്ചാത്തലത്തില്‍ 290 അംഗങ്ങളെ ഉള്‍പ്പെടുത്തി ക്രൈസിസ് മാനേജ്‌മെന്റ് സംവിധാനങ്ങളൊരുക്കിയിട്ടുണ്ട്. ഇതുവരെ 15 കൊറോണ ബാധിതരുടെ മരണാനന്തര ചടങ്ങുകളില്‍ ഈ സംഘം സഹായങ്ങള്‍ ചെയ്തിട്ടുണ്ട്. 35 ല്‍പരം യുവവൈദികരും ചെറുപ്പക്കാരും ഉള്‍പ്പെട്ടതാണ് ഈ ടീം.ആംബുലന്‍സ്, ഫ്രീസര്‍ എന്നിവയും രോഗികള്‍ക്ക് ആവശ്യമായ മരുന്നുകള്‍, ഉപകരണങ്ങള്‍ തുടങ്ങിയവയും സൗജന്യമായി നല്‍കിവരുന്ന ഹൃദയ പാലിയേറ്റീവ് കെയര്‍ ഇപ്പോള്‍ ഫിസിയോതെറാപ്പി സൗകര്യങ്ങളും അത്യാഹിത സേവന സംവിധാനങ്ങളും കോവിഡ്-19 ഡെത്ത് മാനേജ്‌മെന്റ് പ്രോഗ്രാമുകളും ഒരുക്കിയിട്ടുണ്ട്. 3 കോടിയില്‍ അധികം രൂപ ഇതുവരെ ചെലവഴിച്ചതായി ഡയറക്ടര്‍ റവ. ഫാ. തോമസ് കണ്ണമ്പിള്ളി അറിയിച്ചു. ഫാ. ഡിബിന്‍ ഐനിക്കല്‍, ഫാ. വിമല്‍ പേങ്ങിപറമ്പില്‍, ഫാ. ടോം വടക്കന്‍, ഫാ. ഫ്രാങ്കോ പറപ്പുള്ളി, ഫാ. റീസ് വടാശ്ശേരി, ഫാ. ആല്‍ബിന്‍ പുന്നേലിപ്പറമ്പില്‍, ഫാ. സ്റ്റേണ്‍ കൊടിയന്‍ എന്നിവര്‍ ഉദ്ഘാടന പരിപാടികള്‍ക്ക് നേതൃത്വം നൽകി .സെന്റ് തോമസ് കത്തീഡ്രല്‍ ഇടവകയുടെയും അഭ്യുദയകാംക്ഷികളുടെയും സഹകരണത്തോടെ നിര്‍മ്മാണം പൂര്‍ത്തിയാക്കിയ മന്ദിരം ഹൃദയ പാലിയേറ്റീവ് കെയറിന്റെ വെള്ളിക്കുളങ്ങര, കൊടകര, ചാലക്കുടി, മാള, ഇരിങ്ങാലക്കുട മേഖലകളിലെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിനാണ് ഉപയോഗപ്പെടുത്തുക. കോവിഡ്-19 ന്റെ മാനദണ്ഡങ്ങള്‍ പാലിച്ചുകൊണ്ടാണ് സമ്മേളനം സംഘടിപ്പിച്ചത്.

Advertisement