ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ പുരസ്‌കാരം ചാലക്കുടി നഗരസഭ 20-ാം വാര്‍ഡ് കൗണ്‍സിലര്‍ വി.ജെ ജോജിക്ക്

118

ഇരിങ്ങാലക്കുട : ഇരിങ്ങാലക്കുട വെസ്റ്റ് ലയണ്‍സ് ക്ലബിന്റെ ആഭിമുഖ്യത്തില്‍ സംഘടിപ്പിച്ച തൃശ്ശൂര്‍ ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് ചാലക്കുടി നഗരസഭ 20-ാം വാര്‍ഡ് (ഹൗസിംഗ് ബോര്‍ഡ്)കൗണ്‍സിലര്‍ വി.ജെ ജോജി അര്‍ഹനായി. പൊതുരംഗത്തും ചാലക്കുടി നഗരസഭയിലും പ്രത്യേകിച്ച് വാര്‍ഡിലും നടത്തിയിട്ടുളള പ്രവര്‍ത്തനങ്ങളെ മുന്‍നിറുത്തിയാണ് ജില്ലയിലെ ബെസ്റ്റ് കൗണ്‍സിലര്‍ അവാര്‍ഡിന് അര്‍ഹനായത് .ശില്‍പവും പതിനായിരം രൂപയും അടങ്ങുന്നതാണ് അവാര്‍ഡ്.അഞ്ച് വര്‍ഷം കൊണ്ട് 21 കോടി രൂപയുടെ വികസനപ്രവര്‍ത്തികള്‍ സ്വന്തം വാര്‍ഡില്‍ നടത്തി ശ്രദ്ധേയനായ ജോജി,മാലിന്യസംസ്‌ക്കരണം, വിവിധ റോഡുകളുടെ വികസനം, സ്‌കൂള്‍ കെട്ടിടങ്ങളുടെ നിര്‍മ്മാണം, കനാല്‍ പുറമ്പോക്കിലുള്ളവരെ പുനരധിവസിപ്പിക്കല്‍ , അര്‍ഹരായ മുഴുവന്‍ പേര്‍ക്കും സര്‍ക്കാര്‍ ആനുകൂല്യങ്ങള്‍ നേടികൊടുത്തും നഗരസഭയില്‍ മാതൃകയായി. സ്വന്തം വാര്‍ഡിലെ പടിഞ്ഞാറേ കുരുശിന് സമീപം കനാല്‍ പുറമ്പോക്കിലെ 13 വീട്ടുകാരെയാണ് സ്ഥലവും വീടും നല്‍കി പുനരധിവസിപ്പിച്ചത്. നഗരസഭ അതിര്‍ത്തിയില്‍ തന്നെ സ്ഥലം വാങ്ങി വീടുവച്ച് നല്‍കിയാണ് ഇവരെ പുനരധിവസിപ്പിച്ചത്. സുമനസ്സുകളുടേയും സര്‍ക്കാരിന്റേയും സഹകരണത്തോടെയാണ് ഈ പദ്ധതി നടപ്പിലാക്കിയത്. ഇതിന് പുറമെ കണ്ണംമ്പുഴ ക്ഷേത്രത്തിന് സമീപത്തെ ഒരു
നിര്‍ധനയായ വിധവയക്കും വീട് നിര്‍മ്മിച്ച് നല്‍കി. കെ.എസ്.ആര്‍.ടി.സി റോഡ്, സെന്റ് മേരീസ് ഫൊറോന ചര്‍ച്ച് റോഡ്,ഈസ്റ്റ് സ്‌കൂള്‍ റോഡ്, പാലസ് ബൈ ലൈന്റോഡ് എന്നിവിടങ്ങളിലേതടക്കമുള്ളറോഡുകള്‍ ടൈല്‍ വിരിച്ച് നവീകരിച്ചു. രൂക്ഷമായ വെള്ളകെട്ട് അനുഭവപ്പെട്ടിരുന്ന ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ ശാസ്ത്രീയമായ രീതിയില്‍ കാന നിര്‍മ്മിച്ച് വെള്ളക്കെട്ടിന് ശാശ്വത പരിഹാരം കണ്ടു.ഗവ.എല്‍.പി. സ്‌കൂളിന്റെ പുതിയ കെട്ടിടത്തിന്റെ നിര്‍മ്മാണം അവസാനഘട്ടത്തിലാണ്. നൂറ് വിദ്യാര്‍ഥിനികള്‍ക്ക് താമസിച്ച് പഠിക്കാന്‍ മൂന്ന് കോടി രൂപ ചിലവില്‍ നിര്‍മ്മിക്കുന്ന കേരളത്തിലെ തന്നെ ആദ്യത്തെ ഹോസ്റ്റല്‍ നിര്‍മ്മാണവും അന്തിമഘട്ടത്തിലാണിപ്പോള്‍ .വാര്‍ഡില്‍ ഉള്‍പ്പെടുന്ന പ്രൈവറ്റ് ബസ് സ്റ്റാന്റ് കെട്ടിടം ഭാഗികമായി നവീകരിച്ചു. സ്റ്റാന്റിലെ നടപ്പാതകള്‍ ടൈല്‍ വിരിച്ച് യാത്രക്കാര്‍ക്കുള്ള ആധുനിക ഇരിപ്പിടങ്ങളും ഒരുക്കി പെയിന്റടിച്ച് നവീകരിച്ചു. ബസ്റ്റാന്റിനോട്‌ചേര്‍ന്നുള്ള നഗരസഭയുടെ പൗലോസ് താക്കോല്‍ക്കാരന്‍ പാര്‍ക്ക് അപ്പോളടയേഴ്‌സിന്റെ സഹകരണത്തോടെ നവീകരിച്ചു.ഹൗസിംഗ് ബോര്‍ഡ് കോളനിയില്‍ കോണ്‍ഫ്രന്‍സ് ഹാള്‍ നിര്‍മ്മിച്ചു.വാര്‍ഡില്‍ അര്‍ഹരായ മുഴുവന്‍പേര്‍ക്കും പെന്‍ഷനും മറ്റ് സര്‍ക്കാര്‍ ആനൂകൂല്യങ്ങളും ലഭ്യമാക്കി.ഹൗസിംഗ് ബോര്‍ഡിലെ മുഴുവന്‍ വീടുകളില്‍ നിന്നും എല്ലാ ദിവസവും മാലിന്യങ്ങള്‍ ശേഖരിച്ച് തരം തിരിച്ച് സംസ്‌ക്കരിക്കുന്ന പദ്ധതിനടപ്പിലാക്കി .ചാലക്കുടി ഗവ.ഹോസ്പിറ്റലിലെ ഡെന്റല്‍സര്‍ജന്‍ ഡോ.സിബിയ ജോജിയാണ് ഭാര്യ. എം.ബി.ബി.എസ്.വിദ്യാര്‍ഥി ജെസ്വിന്‍ ജോജി,പ്ലസ്സ്-വണ്‍ വിദ്യാര്‍ഥിനി ജെസ്റ്റീന ജോജി എന്നിവര്‍ മക്കളാണ്.ചാലക്കുടി ഹൗസിംഗ് ബോര്‍ഡ് കോളനിയിലാണ് ജോജിയും കുടുംബവും താമസം.

Advertisement