ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ട്രിപ്പിൾ ലോക്ക് ഡൗൺ പിൻവലിക്കണം: നഗരസഭാ ചെയർപേഴ്സൺ

170

ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്ത് നിലവിലുള്ള കോവിഡ് വ്യാപനം കുറഞ്ഞ സാഹചര്യത്തിൽ നഗരസഭ പരിധിയിൽ ഏർപ്പെടുത്തിയിരിക്കുന്ന ട്രിപ്പിൾ ലോക് ഡൗൺ പിൻവലിക്കുവാൻ ജില്ലാ ഭരണകൂടം നടപടികൾ സ്വീകരിക്കണമെന്ന് നഗരസഭ ചെയർപേഴ്സൺ നിമ്യ ഷിജു ആവശ്യപ്പെട്ടു. നഗരസഭാ പരിധിയിലെ 41 വാർഡുകളിൽ നിന്നും ആഗസ്റ്റ്‌ ഒന്ന് മുതൽ ദിനം പ്രതി 3, 2, 1, 3, 4 വീതമാണ് പോസിറ്റീവ് കേസുകൾ റിപ്പോർട്ട്‌ ചെയ്യപ്പെട്ടിട്ടുള്ളത്. സർക്കാരിന്റെ പുതിയ ഉത്തരവിൽ പോസിറ്റീവ് കേസുകളും വ്യാപന സാധ്യതയുള്ള പ്രദേശങ്ങളും മാത്രം കണ്ടെയ്‌ൻമെൻറ് സോണുകളാക്കി നിലനിർത്തുക എന്ന മുഖ്യമന്ത്രിയുടെ നിർദേശം പോലും ഇരിങ്ങാലക്കുട നഗരസഭയുടെ കാര്യത്തിൽ നടപ്പിലാക്കി കാണുന്നില്ല. തുടർച്ചയായി ഇക്കാര്യം മന്ത്രി ഏ.സി.മൊയ്തീന്റെയും ,ജില്ലാ കളക്ടറുടെയും ശ്രദ്ധയിൽ പെടുത്തിയിട്ടും യാതൊരു നടപടിയും ഉണ്ടായിട്ടില്ല. സാധാരണക്കാരായ ജനങ്ങളെ മാനസികമായും സാമ്പത്തികമായും ബുദ്ധിമുട്ടിലാക്കുന്ന ട്രിപ്പിൾ ലോക്ക് ഡൗൺ നഗരത്തിലെ സമസ്ത മേഖലകളെയും ബാധിച്ചിരിക്കുകയാണ്. വ്യാപാര സ്ഥാപനങ്ങളിൽ നഷ്ടങ്ങൾ സംഭവിച്ചു കൊണ്ടിരിക്കുന്നു. ചെറുകിട കച്ചവടക്കാരും ദിവസ വേതനക്കാരും പട്ടിണിയിലാണ്. പ്ലസ്‌വൺ അപേക്ഷ സമർപ്പിക്കുന്നതിനും ഭവനരഹിതർക്കായുള്ള ലൈഫ് പദ്ധതിയിൽ അപേക്ഷ സമർപ്പിക്കുന്നതിനും ഓൺലൈൻ സൗകര്യങ്ങൾ ആവശ്യമാണ്. അക്ഷയകേന്ദ്രങ്ങൾ, വില്ലേജ് ഓഫീസ് എന്നിവയും തുറന്നു പ്രവർത്തിക്കേണ്ടത് അത്യാവശ്യമായി വന്നിരിക്കുന്ന സാഹചര്യത്തിൽ എത്രയും പെട്ടെന്ന് തന്നെ ട്രിപ്പിൾ ലോക്ക് ഡൗൺ മാറ്റി നടപടികൾ സ്വീകരിക്കണമെന്നും ആവശ്യപ്പെട്ടു. നഗരസഭാ പരിധിയിൽ ഓരോ വാർഡിലും 3 വീതം വോളന്റിയർമാരെ സന്നദ്ധ സേവനത്തിനായി നിയോഗിച്ചുകൊണ്ട് ഓരോ വാർഡിലേക്കും രണ്ടാഴ്ചത്തേക്കായി 2800 രൂപയുടെ പെട്രോൾ കൂപ്പണും, മാസ്കും, ഗ്ലൗസും സാനിറ്റൈസറും ഫേസ് ഷീൽഡും നൽകി കൊണ്ട് സന്നദ്ധ സേവനത്തിനു താങ്ങായി നഗരസഭാ കൂടെ നിൽക്കുന്നു. ആത്മാർത്ഥ സേവനം കാഴ്ച വെക്കുന്ന സന്നദ്ധസേവകർക്ക് നഗരസഭയുടെ അഭിനന്ദനങ്ങളും ചെയർപേഴ്സൺ അറിയിച്ചു.

Advertisement