മുരിയാട് ഗ്രാമ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചത് ഭരണ സമിതിയുടെ അനാസ്ഥ എന്ന ആരോപണം വാസ്തവ വിരുദ്ധം :എൽ ഡി എഫ്

281

മുരിയാട്: ഗ്രാമ പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പ്രവേശിച്ചത് ഭരണ സമിതിയുടെ അനാസ്ഥയാണ് എന്ന കോൺഗ്രസ്സ് മണ്ഡലം പ്രസിഡന്റിന്റെയും BJP പ്രസിഡന്റിന്റെയും പ്രസ്താവനകൾ വസ്തുതാ വിരുദ്ധം LDF മുരിയാട് പഞ്ചായത്ത് കമ്മറ്റി . മുരിയാട് പഞ്ചായത്ത് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് തള്ളിവിട്ടത് LDF ഭരണ സമിതിയല്ല മറിച്ച് കോൺഗ്രസ്സിന്റെ KPCC നിർവ്വാഹക സമിതി അംഗത്തിന്റെ ഉമസ്ഥതയിലുള്ള സോൾവന്റ്. കമ്പനിയുടെ ലാഭക്കൊതിയാണ്. ആ കമ്പനിയിൽ ബീഹാറിൽ നിന്നുള്ള തൊഴിലാളികളെ വിമാന മാർഗ്ഗം എത്തിച്ച് നിരീക്ഷണത്തിൽ ഇരുത്താതെ കമ്പനിയിൽ ജോലിക്ക് കയറ്റിയതാണ് മുരിയാട് പഞ്ചായത്തിലും ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റിയിലും സമീപ പഞ്ചായത്തുകളിലും അതി തീവ്ര വ്യാപനത്തിന് ഇട വരുത്തിയത് എന്ന കാര്യം മറക്കുവാൻ ഇത്തരം ദുരാരോപണങ്ങൾ കൊണ്ട് കഴിയില്ല. ഇരിങ്ങാലക്കുടയിൽ KPCC നിർവ്വാഹക സമിതി അംഗത്തിന്റെ നേതൃത്വത്തിൽ നടത്തിയ ഒരു സമരം കോവിഡ് പ്രോട്ടോകോൾ ലംഘിച്ചായിരുന്നു എന്നത് നമുക്ക് അറിയാവുന്നതാണ്. ശാരീരിക അകലവും ആൾക്കൂട്ടവും ഒഴിവാക്കണമെന്ന ആരോഗ്യ വകുപ്പിന്റെ നിർദ്ദേശം പരസ്യമായി ലംഘിച്ചത് ഇവിടുള്ള കോൺഗ്രസ്സും ബി ജെ പി യുമാണ്. അവർക്ക് തിയ്യതികളിലെ വ്യക്തതയില്ലായ്മ ഉണ്ടെങ്കിലും മറ്റുള്ളവർക്ക് അത് ഉണ്ടാകുമെന്ന് തോന്നുന്നില്ല. ജൂലായ് 15 ന് മുരിയാട് രണ്ട് വാർഡുകൾ കണ്ടെയ്മെന്റ് സോണാക്കി പിന്നെ 3 എണ്ണം കൂടി പിന്നെ 2 വാർഡും പിന്നെ പുല്ലൂരും, മുരിയാടും ഓരോന്നും കൂടി കൂട്ടി അവസാനം കഴിഞ്ഞ ഞായറാഴ്ചയാണ് 19 ന് പഞ്ചായത്ത് പൂർണ്ണമായി കണ്ടെയ്മെന്റ് സോണാക്കിയത്. 15 ന് രണ്ട് വാർഡ് കണ്ടെയ്മെന്റാക്കിയതിനെ തുടർന്ന് കോ വിഡ് പ്രതിരോധ പ്രവർത്തനത്തെ വിലയിരുത്തുവാനും കൂടുതൽ കരുതലും സുരക്ഷയും ഉറപ്പു വരുത്തുവാനും വേണ്ടിയാണ്
പോലീസ്, ആരോഗ്യം, എല്ലാ രാഷ്ട്രീയ കക്ഷികളുടെയും നേതൃത്വം എന്നിവയുടെ അടിയന്തിര യോഗം ചേർന്നത്. അന്ന് പൊതുപ്രവർത്തകർക്കാർക്കും മുരിയാട് പോസിറ്റീവില്ല. ആശാ വർക്കർ കൂടിയായ പഞ്ചായത്ത് അംഗം തന്റെയും സമീപ വാർഡുകളിലും പ്രതിരോധ പ്രവർത്തനത്തിൽ സജീവമായി ഇടപെട്ട് സേവനമനുഷ്ഠിക്കുകയായിരുന്നു . ഇതിനിടയിൽ താൻ പോയ ഒരു വീട്ടിലെ K se കമ്പനിയിലെ ജീവനക്കാരൻ പോസിറ്റീവായതിനെ തുടർന്ന് പ്രൈമറി കോണ്ടാക് ടായതിൽ സ്വയം നിരീക്ഷണത്തിൽ പോകുകയും ചെയ്തു. പിന്നീട് സ്രവം എടുത്ത് പരിശോധനക്ക് അയച്ച് റിസൽട്ട് വരുന്നത് ജൂലൈ 23 നായിരുന്നു. പഞ്ചായത്ത് മൊത്തം ലോക്ക് ഡൗണായത് 19 ന് വൈകീട്ടാണ്.
ഇക്കാര്യങ്ങളെല്ലാം നമുക്ക് എല്ലാവർക്കും അറിയാവുന്നതാണെങ്കിലും നമ്മുടെ ഓർമ്മശക്തി പരീക്ഷിക്കുകയാണ് കോൺഗ്രസ്സ്. കോൺഗ്രസ്സ് നേതാവിന്റെ നേതൃത്വത്തിലുള്ള കമ്പനിയിൽ നിന്നുള്ള കോണ്ടാക്ടിൽ നിന്നും ആകെ 14 പേരാണ് മുരിയാട് പോസിറ്റീവായത്. മറ്റുള്ളവർ ക്വാറന്റീനിൽ ഇരുന്നിരുന്ന പ്രവാസികളായിരുന്നു. അവരിൽ നിന്ന് സമ്പർക്ക വ്യാപനമുണ്ടായിട്ടില്ല.ഇതുവരെ ആകെ 35 പോസിറ്റീവ് കേസുകളിൽ 14 ഉം കോൺഗ്രസ്സ് നേതാവിന്റെ കമ്പനിയായ കെ എസ് ഇ യിൽ നിന്നു കിട്ടിയതാണ് എന്ന വസ്തുത മറക്കുന്നതിനാണ് ഇത്തരത്തിൽ കള്ള പ്രചരണവുമായി കോൺഗ്രസ്സിന്റെയും BJP യുടെയും മണ്ഡലം കമ്മറ്റിക്കാർ വരുന്നത്. കോ വിഡ് പരത്തുവാനായി KPCC നേതാവിന്റെ കമ്പനി ചെയ്തതുപോലെ മുരിയാട് ഒരു കോൺഗ്രസ്സ് നേതാവ് കുളം വൃത്തിയാക്കൽ ചടങ്ങും നടത്തി കോവിഡ് പരത്തൽ പൂർത്തിയാക്കി. പഞ്ചായത്ത് കുളം വൃത്തിയാക്കുന്നതിന് പഞ്ചായത്ത് അനുമതിയില്ലാതെയും കോവിസ് പ്രോട്ടോകോൾ ലംഘിച്ചും ഒരു കൂട്ടം യുവാക്കളെ കൂട്ടി , അതും ക്വാറന്റീനിൽ ഇരിക്കുന്ന യുവതിയുടെ ഭർത്താവിനെയും മകനെയും അടക്കം ചേർത്ത് അതിനെ തുടർന്ന് എത്രയോ വീട്ടുകാരാണ് ഭയചകിതരായി നിരീക്ഷണത്തിൽ ഇരിക്കേണ്ടി വന്നത്. ഇപ്പോൾ ഇത്തരം പ്രവർത്തി ചെയ്തത് പുല്ലൂർ വില്ലേജിലേത് പോലെ മുരിയാടും സമ്പർക്ക വ്യാപനം നടത്തുന്നതിന് വേണ്ടി കോൺഗ്രസ്സ് കരുതി കൂട്ടി ചെയ്തതാണ് എന്ന് ജനം സംശയിച്ചാൽ തെറ്റുപറയാനാവില്ല എന്ന് അവർക്കറിയാം. ഇതിനെതിരെ പോലീസിൽ പരാതി കൊടുത്തതാണ് അപരാധമായി പറയുന്നത്. കോൺഗ്രസ്സിന്റെ നേതൃത്വത്തിന്റെ ഇടപെടൽ കൊണ്ട് ട്രിപ്പിൾ ലോക്ക് ഡൗണിലേക്ക് പോയ മുരിയാട് പഞ്ചായത്തിലും ഇരിങ്ങാലക്കുട നഗരസഭയിലും ജനഹിതം എതിരാണെന്ന് ബോധ്യപ്പെട്ട കോൺഗ്രസ്സിന്റെ നിലനിൽപിന് വേണ്ടിയുള്ള ജൽപനമായി മാത്രം അവരുടെ പ്രസ്താവനയെ കാണാൻ കഴിയുകയുള്ളൂ. ബി ജെ പി നിലപാടാണ് ഏറ്റവും രസകരം. കഴിഞ്ഞ 6 മാസമായി BJP കോവിഡ് പ്രതിരോധവുമായി എന്ത് പ്രവർത്തനമാണ് മുരിയാട് പഞ്ചായത്തിൽ ചെയ്തിട്ടുള്ളത് ? ഒരു പ്രവർത്തനവും ചെയ്യാത്തവരാണ് ഭരണ സമിതിയെ വിമർശിക്കുന്നത് ഇന്ത്യക്ക് തന്നെ മാതൃകയായ പ്രതിരോധ സംവിധാനത്തിലൂടെ കോ വിഡ് പ്രതിരോധം തീർക്കുന്ന കേരളത്തിൽ എന്ത് സഹായമാണ് BJP നടത്തിയിട്ടുള്ളത് ..ഒരു കാര്യത്തിലും ഇടപെടാതെ ഗ്യാലറിയിൽ കളി കണ്ടിരിക്കുന്ന അവർക്ക് വിമർശിക്കുവാനുള്ള എന്ത് ധാർമ്മികതയാണുള്ളത്. മുരിയാട് പഞ്ചായത്തിൽ ഒരു ഘട്ടത്തിലും പ്രതിരോധ പ്രവർത്തനം താളം തെറ്റിയിട്ടില്ല. മുരിയാട് പഞ്ചായത്ത് പരിധിയിൽ സ്രവ പരിശോധനക്കുള്ള നടപടികൾ എല്ലാം പൂർത്തിയായി ഉടൻ ഇരിങ്ങാലക്കുട ബ്ലോക്കിന്റെ കീഴിൽ സാമൂഹ്യാരോഗ്യ കേന്ദ്രം മുഖേന സ്രവ പരിശോധന ആരംഭിക്കും . കോൺഗ്രസ്സുകാർ ജനത്തെ മൊത്തം കോവിഡ് രോഗികളാക്കുന്നതിന് ശ്രമിക്കുകയും കോവിഡ് പ്രതിരോധത്തെ ഫലപ്രദമായി നേരിടുന്ന LDF ഭരണ സമിതിയെ ഇകഴ്തി കാണിക്കുകയും ചെയ്യുന്നത് ബഹുമാന്യരായ ജനങ്ങൾ കാണുകയും ബോധ്യപ്പെടുകയും ചെയ്യുന്നുവെന്നത് അവർക്ക് സ്ഥലജല വിഭ്രാന്തിയിലേക്ക് നയിക്കുകയും അതിന്റെ ഭാഗമായി കള്ള പ്രചരണവുമായി വരുന്നതും. ബഹുമാന്യരായ ജനങ്ങൾ ഇതെല്ലാം തള്ളിക്കളയണെമെന്നും തുടർന്നും പഞ്ചായത്തിന്റെ കോവിഡ് പ്രതിരോധ പ്രവർത്തനങ്ങളിൽ സഹകരിക്കണമെന്നും വിനീതമായി അഭ്യർത്ഥിക്കുന്നു. എൽഡിഎഫ് മുരിയാട് കമ്മറ്റിക്കു വേണ്ടി ചെയർമാൻ സുന്ദരരാജൻ കൺവീനർ ടി.ജി.ശങ്കരനാരായണൻ

Advertisement