ഇരിങ്ങാലക്കുട : വയനാടന്‍ കാടുകളില്‍ നടത്തിയ പഠനത്തില്‍ ശാസ്ത്രലോകത്തിനു കൗതുകമായി മൂന്നിനം പുതിയ ചിലന്തികളെ കണ്ടെത്തി. ചാട്ട ചിലന്തി കുടുംബത്തില്‍ വരുന്ന മാരാങ്കോ ജനുസ്സില്‍ പെട്ട രണ്ടിനം പുതിയ ചിലന്തികളെയും, അസിമോണിയ ജനുസ്സില്‍ വരുന്ന ഒരു പുതിയ ഇനം ചിലന്തിയേയുംആണ് കണ്ടെത്തിയത്. മാരാങ്കോ ജനുസ്സില്‍ വരുന്ന പുതിയ ഇനം ചിലന്തിയുടെ ശരീരത്തില്‍ സീബ്രയുടെ ശരീരത്തിലുള്ളതിനു സമാനമായ കറുപ്പും വെളുപ്പും വരകളുള്ളതു കൊണ്ടു മാരാങ്കോ സീബ്രാ (Marengo zebra) എന്ന ശാസ്ത്ര നാമമാണ് നല്‍കിയിരിക്കുന്നത് . ലോകത്തു മറ്റൊരിടത്തുമില്ലാതെ വയനാട്ടിലെ ബത്തേരിയില്‍ മാത്രം കാണപ്പെടുന്ന രണ്ടാമത്തെ ഇനം പുതിയ ചിലന്തിക്ക് മാരാങ്കോ ബത്തേരിയെന്‍സിസ് (Marengo batheryensis) എന്ന ശാസ്ത്ര നാമമാണ് നല്‍കിയിരിക്കുന്നത്. മാരാങ്കോ സീബ്രായുടേ നീളം 4 മില്ലിമീറ്ററും മാരാങ്കോ ബത്തേരിയെന്‍സിസ് നീളം 3 മില്ലിമീറ്ററും ആണ് . മരത്തിന്റെ വിടവിലും മറ്റും താമസിക്കുന്ന ഇവ ചെറു പ്രാണികളെയാണ് ഭക്ഷിക്കുന്നത്. ആണ്‍ സീബ്ര ചിലന്തിയുടെ തല ഭാഗം ഓറഞ്ച് നിറത്തിലും ഉദരം തവിട്ടു മഞ്ഞ നിറത്തില്‍ കറുത്ത വരകളോടും കൂടിയതാണ്. പെണ്‍ സീബ്ര ചിലന്തിയുടെ തല ഭാഗം കറുത്തതും ഉദരം വെളുപ്പും കറുപ്പും വരകളോടും കൂടിയതാണ്. ബത്തേരി ചിലന്തിയുടെ തല ഓറഞ്ച് നിറത്തിലും ഉദരം മഞ്ഞ നിറത്തിലുമാണ്. ഉദരത്തിന്റെ പാര്‍ശ്വ ഭാഗങ്ങളിലായി കാണുന്ന വെളുത്ത പൊട്ടുകളാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. ഈ ജനുസ്സില്‍ വരുന്ന മറ്റൊരിനം ചിലന്തിയെ ഇതിനു മുന്‍പ് കണ്ടെത്തിയിരിക്കുന്നത് ഹിമാലയന്‍ താഴ്വരകളില്‍ നിന്നാണ്. ഇപ്പോള്‍ പശ്ചിമ ഘട്ട മലനിരകളില്‍ നിന്നും അതേ ജനുസ്സില്‍ പെട്ട ഈ രണ്ടു പുതിയ ചിലന്തികളുടെ കണ്ടെത്തല്‍ ലക്ഷകണക്കിനു വര്‍ഷങ്ങള്‍ക്കു മുന്‍പ് ഹിമാലയന്‍ താഴ്വരകളില്‍ നിന്നും ജീവജാലങ്ങള്‍ ജീവിക്കാന്‍ അനുയോജ്യമായ ഇടങ്ങള്‍ തേടി സത്പുര മല നിരയുടെ താഴ്വാരങ്ങളിലുടെ പശ്ചിമ ഘട്ടത്തിലേക്കു പലായനം ചെയ്തു എന്നു പറയപ്പെടുന്ന സത്പുര സിദ്ധാന്തത്തിനു (Satpura hypothesis) പിന്തുണയേകുന്നതാണ്. അസിമോണിയ ക്രിസ്റ്റാറ്റ (Asemonea cristata) എന്ന ഇനം ചിലന്തിയെയാണ് വയനാട്ടില്‍നിന്നും കണ്ടെത്തിയ മറ്റൊരിനം ചിലന്തി. പച്ച ഇലകളില്‍ ചാടി നടക്കുന്ന ഇവയുടെ ആണ്‍ ചിലന്തി കറുത്ത നിറത്തിലും പെണ്‍ ചിലന്തി വെളുത്ത നിറത്തിലുമാണ് കാണപ്പെടുന്നത്. 4 മില്ലിമീറ്റര്‍ മാത്രം വലിപ്പം വെക്കുന്ന ഇവ ഇലയുടെ അടിയില്‍ സില്‍ക്ക് നൂലുപയോഗിച്ചു കൂടുണ്ടാക്കി അതിലാണ് മുട്ടയിടുന്നത്.ചാട്ട ചിലന്തികളുടെ കുടുംബത്തില്‍ തന്നെ വരുന്ന പിരാന്തുസ് എന്ന ജനുസ്സില്‍ വരുന്ന ചിലന്തിയെയാണ് മുരിയാട് കോള്‍ നിലങ്ങളിലെ നെല്പാടങ്ങളില്‍നിന്നും പുതിയതായി കണ്ടെത്തിയത്. പിരാന്തുസ് പ്ലാനോലന്‍സിസ് (Piranthus planolancis) എന്ന ശാസ്ത്രനാമമുള്ള ഇവയുടെ ആണ്‍ ചിലന്തി കറുത്ത നിറത്തിലും പെണ്‍ ചിലന്തി മഞ്ഞ നിറത്തിലുമുള്ളവയാണ്. 6 മില്ലിമീറ്റര്‍ വലിപ്പമുള്ള ഇവ നെല്‍ച്ചെടിയുടെ ഉണങ്ങിയ ഇല മടക്കി കൂടുണ്ടാക്കിയാണ് ജീവിക്കുന്നത്. മുഖ്യമായും ചാഴിപോലുള്ള ശത്രു കീടങ്ങളെ ഭക്ഷിക്കുന്ന ഇവ ജൈവിക കീട നിയന്ത്രണത്തില്‍ പ്രധാന പങ്ക് വഹിക്കുന്നതായി പഠനത്തില്‍ കണ്ടെത്തി.വട്ട വല ചിലന്തി കുടുംബത്തില്‍ വരുന്ന മുള്ളന്‍ ചിലന്തി ജനുസില്‍പ്പെട്ട ഇനം ചിലന്തിയെയാണ് മുരിയാടില്‍നിന്നും കണ്ടെത്തിയ മറ്റൊരിനം പുതിയ ചിലന്തി. ഫോറോണ്‍സിഡിയ് സെപ്റ്റമകലീറ്റ (Phoroncidia septemaculeata) എന്ന ശാസ്ത്ര നാമമുള്ള ഇവയുടെ ശരീരത്തിന്റെ പാര്‍ശ്വ ഭാഗങ്ങളിലേക്ക് ഉന്തി നില്‍ക്കുന്ന മുള്ളുകളാണ് ഇവയെ തിരിച്ചറിയാന്‍ സഹായിക്കുന്നത്. പകല്‍ സമയങ്ങളില്‍ ഇലകള്‍ക്കിടയില്‍ ഒളിച്ചിരിക്കുന്ന ഇവ രാത്രി മാത്രമാണ് പുറത്തിറങ്ങുന്നത്.കേന്ദ്ര ശാസ്ത്ര സാങ്കേതിക വകുപ്പിന്റെയും കേരള സംസ്ഥാന ശാസ്ത്ര സാങ്കേതിക പരിസ്ഥിതി സംഘടന യുടെയും സാമ്പത്തിക സഹായത്തോടു കൂടെയാണ് പഠനങ്ങള്‍ നടത്തിയത്. ജൈവവൈവിദ്ധ്യ ഗവേഷണ കേന്ദ്രം മേധാവി ഡോ. സുധികുമാര്‍ എ. വി. യുടെ നേതൃത്വത്തില്‍ നടത്തിയ പഠനത്തില്‍ കാനഡയിലെ യൂണിവേഴ്‌സിറ്റി ഓഫ് ബ്രിട്ടീഷ് കൊളംബിയയിലെ ചിലന്തി ഗവേഷകനായ ഡോ. വൈന്‍ പി. മാഡിസണ്‍, ശ്രീലങ്കയിലെ നാഷണല്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് ഫണ്ടമെന്റല്‍ സയന്‍സിലെ ചിലന്തി ഗവേഷകനായ ഡോ. സുരേഷ് പി. ബെഞ്ചമിന്‍, കല്‍ക്കട്ട സൂവോളജിക്കല്‍ സര്‍വ്വേ ഓഫ് ഇന്ത്യയിലെ ഗവേഷകനായ ഡോ. ജോണ്‍ കാലെബ്, ജൈവവൈവിദ്ധ്യ ഗവേഷണ കേന്ദ്രത്തിലെ ഗവേഷണ വിദ്യാര്‍ത്ഥികളായ സുധിന്‍ പി.പി., നഫിന്‍ കെ.എസ്., സുമേഷ് എന്‍.വി. എന്നിവര്‍ പങ്കാളികളായി.ഇവരുടെ കണ്ടെത്തല്‍ റക്ഷ്യയില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന ആര്‍ത്രോപോഡ സെലക്ട (Arthropoda selecta), ന്യൂസിലന്‍ഡില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന സൂടാക്‌സ (Zootaxa), ഇംഗ്‌ളണ്ടില്‍ നിന്നും പ്രസിദ്ധീകരിക്കുന്ന പെഖാമിയ (Peckhamia) എന്നീ അന്താരാഷ്ട്ര ശാസ്ത്ര മാസികകളുടെ അവസാന ലക്കങ്ങളില്‍ പ്രസിദ്ധീകരിച്ചിട്ടുണ്ട്.
Dr. Sudhikumar A.V.
Mob: 8547553174
മുരിയാട് കോള്‍ പാടങ്ങളില്‍ നിന്നും വയനാട്ടില്‍ നിന്നും പുതിയ ഇനം ചിലന്തികളുമായി ക്രൈസ്റ്റ് കോളേജിലെ ജൈവവൈവിദ്ധ്യ ഗവേഷണ കേന്ദ്രം
Advertisement