3D മാസ്ക് ഉണ്ടാക്കി ക്രൈസ്റ്റ് എൻജിനീയറിങ് കോളേജ് വിദ്യാർത്ഥി

222

ഇരിങ്ങാലക്കുട :ലോക്ക് ഡൗൺ കാലം വിദ്യർത്ഥികൾക്കെല്ലാം വിരസതയുടെ കാലമായിക്കൊണ്ടിക്കുകയാണ്. കമ്പ്യൂട്ടറിലും മൊബൈലിലും ഗെയിം കളിച്ചും സിനിമകൾ കണ്ടുമെല്ലാം സമയം കളയുന്നവരാണ് വിദ്യാർത്ഥികളിൽ ബഹു ഭൂരിപക്ഷം പേരും. എന്നാൽ ലോക്ക് ഡൗൺ കാലത്ത്, കൊറോണയെ പ്രതിരോധിക്കാൻ മാസ്ക്ക് 3D പ്രിൻ്റ് ചെയ്തു കൊടുക്കുകയാണ് ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എൻജിനീയറിങ് കോളേജിലെ മൂന്നാം വർഷ ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എഞ്ചിനീയറിംഗ് വിദ്യാർഥിയായ കൃഷ്ണൻ കെ വി. ചുറ്റുപാടുമുള്ള ആരോഗ്യപ്രവർത്തകർക്ക് സുരക്ഷാസംവിധാനങ്ങൾ കുറഞ്ഞു വരുന്ന സമയത്ത്, ഇത്തരം പ്രതിബദ്ധതയാർന്ന പ്രവർത്തനങ്ങൾക്ക് എൻജിനീയറിങ് വിദ്യാർഥികൾ മുന്നിട്ടിറങ്ങേണ്ടതിൻ്റെ ആവശ്യകതയാണ് കൃഷ്ണൻറെ കഥ നമുക്ക് മുന്നിൽ തുറന്നു വയ്ക്കുന്ന പാഠം. രണ്ടു വർഷങ്ങൾക്കു മുമ്പ് 3D പ്രിൻറിംഗ് എന്ന ആശയം അധ്യാപകർ മുന്നോട്ടുവച്ചതു മുതൽ കൃഷ്ണൻ ഈ മേഖലയിൽ വിവരശേഖരണം നടത്തി വരികയാണ്. സ്വന്തമായി അസംബിൾ ചെയ്ത് 3Dപ്രിൻ്ററിലാണ് അധ്യാപകരുടെ നിർദ്ദേശപ്രകാരം കൃഷ്ണൻ മാസ്ക്കുകൾ പ്രിൻ്റ് ചെയ്യുന്നത്. ഗുണനിലവാരമുള്ള ഫിൽട്ടറുകളുടെ സഹായത്തോടെ കുറഞ്ഞ ചെലവിൽ ഈ മാസ്ക്കുകൾ സുരക്ഷിതമായി ഉപയോഗിക്കാൻ പറ്റുമെന്ന് കൃഷ്ണൻ അവകാശപ്പെടുന്നു. കാലത്തിനനുസരിച്ചുള്ള ഉള്ള സാങ്കേതികവിദ്യകൾ പരിചയപ്പെടുത്തുകയും പഠിപ്പിക്കുകയും ചെയ്യുന്ന അധ്യാപകരും അതിനു വേണ്ടി പഠന സാഹചര്യങ്ങൾ ഒരുക്കി തരുന്ന മാനേജുമെൻറുമാണ് ഇത്തരം പ്രവർത്തനങ്ങൾക്കുള്ള പ്രചോദനമെന്ന് കൃഷ്ണൻ കൂട്ടിച്ചേർത്തു.

Advertisement