ഇരിങ്ങാലക്കുട: പാപികള്‍ക്ക് വേണ്ടി കുരിശുമരണം വരിച്ച് മൂന്നാം ദിനം ഉത്ഥാനം ചെയ്യ്തതിന്റെ ഓര്‍മ്മ പുതുക്കി ലോകമെമ്പാടുമുള്ള ക്രൈസ്തവര്‍ ഇന്ന് ഉയിര്‍പ്പു തിരുനാള്‍ ആഘോഷിക്കുന്നു. ലോകത്തിന്റെ പാപങ്ങള്‍ മുഴുവന്‍ സ്വന്തം ചുമലിലേറ്റുവാങ്ങിയ യേശുക്രിസ്തുവിന്റെ ഉയര്‍ത്തേഴുന്നേല്‍പ്പിന്റെ ഓര്‍മ്മയാണ് ഈസ്റ്റര്‍. മരണത്തിലൂടെ ഉറ്റവരെ വേര്‍പിരിയുമ്പോള്‍ ഇനി നിത്യതയില്‍ കണ്ടുമുട്ടാമെന്ന ക്രൈസ്തവ വിശ്വാസത്തിന്റെ കാതല്‍ പുനരുദ്ധാനം തന്നെ. ക്രൂശിക്കപ്പെടുമ്പോള്‍ ഉയര്‍ത്തേഴുന്നേല്‍പ്പില്‍ പ്രതീക്ഷ അര്‍പ്പിക്കുക എന്ന മഹത്തായ സന്ദേശം ഈസ്റ്റര്‍ നല്‍കുന്നു. ദാരിദ്രത്തിന്റെയും അവശതയുടെയും അടിച്ചമര്‍ത്തലിന്റെയും ഇരയായി കഷ്ടതയുടെ പടുകുഴി ദര്‍ശിക്കുന്ന മാനവസമൂഹത്തിന് പ്രത്യാശയുടെയും നവജീവിതത്തിന്റെയും ഉള്‍വിളിയും ഉത്സവവുമാണ് യേശുക്രിസ്തുവിന്റെ ഉയര്‍പ്പു തിരുനാള്‍. ആദിമ ക്രൈസ്തവ സഭയുടെ കാലത്ത്, റോമിലെ ക്രിസ്ത്യാനികള്‍ ഈസ്റ്റര്‍ ദിനത്തെ വിളിച്ചിരുന്നത് ആനന്ദത്തിന്റെ ഞായര്‍ എന്നായിരുന്നു. പൗരസ്ത്യ ക്രിസ്ത്യാനികള്‍ അന്നേ ദിവസം പരസ്പരം ഉപചാര വാക്കുകള്‍ പറഞ്ഞിരുന്നില്ല. അതിനു പകരമായി യേശുവിന്റെ ഉത്ഥാനത്തിന്റെ വിശ്വാസ പ്രഖ്യാപനമായിരുന്നു നടത്തിയിരുന്നത്. ‘ക്രിസ്തു ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു എന്നൊരാള്‍ പറയുമ്പോള്‍ ‘സത്യം സത്യമായി അവിടന്ന് ഉയിര്‍ത്തെഴുന്നേറ്റിരിക്കുന്നു ‘ എന്ന് മറ്റേയാള്‍ മറുപടി പറഞ്ഞിരുന്നു. ഈസ്റ്റര്‍ ശരിക്കും ആനന്ദത്തിന്റെ ഞായര്‍തന്നെയാണ്. രണ്ടായിരം വര്‍ഷങ്ങളായി ഈ ആഘോഷം പലവിധത്തില്‍ ലോകം കൊണ്ടാടുന്നു. നിറംപിടിപ്പിച്ച മുട്ടകളും വെളുത്ത ലില്ലിപുഷ്പങ്ങളും ഈസ്റ്ററിന്റെ പ്രതീകങ്ങളായി കണക്കാക്കപ്പെടുന്നു. പീഡാനുഭവത്തിന്റെയും ഉപവാസ പ്രാര്‍ഥനകള്‍ക്കുംശേഷം മൂന്നാംനാള്‍ ക്രൈസ്തവര്‍ ലോകമെങ്ങും പ്രത്യാശയുടെ ഈസ്റ്റര്‍ ആഘോഷിച്ചു. ദേവാലയങ്ങളിലും ആഘോഷപൂര്‍ണമായ പ്രാര്‍ഥനാശുശ്രൂഷകള്‍ നടന്നു. ഇരിങ്ങാലക്കുട സെന്റ്.തോമാസ് കത്തീഡ്രല്‍ ദേവാലയത്തില്‍ രാത്രി ആരംഭിച്ച ഉയര്‍പ്പ് തിരുകര്‍മ്മങ്ങള്‍ക്ക് ബിഷപ്പ് മാര്‍ പോളി കണ്ണൂക്കാടന്‍ മുഖ്യാകാര്‍മ്മികത്വം വഹിച്ചു. വൈദികരും സന്യസ്തരുമടക്കം നിരവധി വിശ്വാസികള്‍ ഈസ്റ്റര്‍ തിരുകര്‍മങ്ങളില്‍ പങ്കെടുത്തു.
എല്ലാവര്‍ക്കും ‘ഇരിങ്ങാലക്കുട ഡോട്ട് കോം’ന്റെ ഹൃദയം നിറഞ്ഞ ഈസ്റ്റര്‍ ആശംസകള്‍.
Advertisement