പ്രളയം. സര്‍ട്ടിഫിക്കേറ്റ് അദാലത്ത് പടിയൂരില്‍ നടത്തണമെന്ന്

422

ഇരിങ്ങാലക്കുട.പ്രളയത്തില്‍ നഷ്ടപ്പെട്ട രേഖകളും സര്‍ട്ടിഫിക്കേറ്റുകളും ലഭ്യമാക്കാനായി സര്‍ക്കാര്‍ പ്രഖ്യാപിച്ച സര്‍ട്ടിഫിക്കേറ്റ് അദാലത്ത് പടിയൂരില്‍ നടത്തണമെന്ന ആവശ്യം ശക്തമായി.താലൂക്ക് തലത്തില്‍ അല്ലെങ്കില്‍ ബ്ലോക്ക് തലത്തില്‍ അദാലത്ത് നടത്താനാണ് നിലവിലെ തീരുമാനം.പ്രത്യേക സാഹചര്യത്തില്‍ പഞ്ചായത്ത് തലത്തിലും നടത്താന്‍ സര്‍ക്കാര്‍ നിര്‍ദ്ദേശമുണ്ട്.പ്രളയത്തില്‍ ഏതാണ്ട് പൂര്‍ണ്ണമായി മുങ്ങിയ പ്രദേശമെന്ന പരിഗണനനല്‍കി പടിയൂര്‍ പഞ്ചായത്തില്‍ അദാലത്ത് നടത്തണമെന്ന് ദുരിതബാധിതര്‍ ആവശ്യപ്പെടുന്നു. ആധാരവും,റേഷന്‍ കാര്‍ഡും,തിരിച്ചറിയല്‍ രേഖകളും വിദ്യഭ്യാസസര്‍ട്ടിഫിക്കറ്റുകളും നഷ്ടപ്പെട്ടവര്‍ മേഖലയിലേറെയുണ്ട്.ഫീസിളവു നല്‍കി പ്രളയബാധിതര്‍ക്ക് രേഖകളും സര്‍ട്ടിഫിക്കേറ്റുകളും നല്‍കാന്‍ നിലവില്‍ വകുപ്പുകള്‍ക്ക് സര്‍ക്കാരിന്റെ നിര്‍ദ്ദേശമുണ്ട്.എന്നാല്‍ പ്രളയത്തില്‍ രേഖകള്‍ നഷ്ടപ്പെട്ടുവെന്ന സര്‍ട്ടിഫിക്കേറ്റ് ഹാജരാക്കാന്‍ വിവിധവകുപ്പുകള്‍ അപേക്ഷകരോട് നിര്‍ദ്ദേശിക്കുന്നതായി പരാതിയുയര്‍ന്നിട്ടുണ്ട്.ഇത്തരം സര്‍ട്ടിഫിക്കേറ്റ് നല്‍കേണ്ടതാരെന്ന കാര്യത്തില്‍ വ്യക്തതയില്ല.ഗസറ്റഡ് ഓഫീസറെന്നും വില്ലേജ് ഓഫീസറെന്നുമുള്ള അഭിപ്രായങ്ങള്‍ക്ക് ആധികാരികതയായിട്ടില്ല.ഫലത്തില്‍ ഫീസില്ലാതെ രേഖാ പകര്‍പ്പുകള്‍ ദുരിതബാധിതര്‍ക്ക് ലഭിക്കാത്ത സ്ഥിതിയാണിപ്പോഴുള്ളത്.പ്രളയമുണ്ടായ പ്രദേശത്തുതന്നെ വിവിധ വകുപ്പ് ഉദ്യോഗസ്ഥരെ പങ്കെടുപ്പിച്ച് അദാലത്ത് സംഘടിപ്പിച്ച് രേഖകള്‍ വിതരണം നടത്തുന്നത് നടപടിക്രമങ്ങള്‍ ലളിതമാക്കുമെന്ന് കരുതപ്പെടുന്നു. അതോടൊപ്പം അന്വേഷണവും സാക്ഷ്യപ്പെടുത്തലും രേഖകളുടെ വിതരണവും ഒരിടത്തുതന്നെ നടത്താനാകുമെന്നത് ജനങ്ങള്‍ക്കേറെ സൗകര്യപ്രദമാകും.പൂര്‍ണ്ണമായും ഫീസ് ഒഴിവാക്കിയാകും രേഖകള്‍ നല്‍കുക.

ഐ ടി മിഷന്‍ ജില്ലാ പ്രോജക്ട്റ്റ് മാനേജര്‍ക്കാണ് അദാലത്ത് നടത്തുന്നതിനുള്ള ജില്ലാതല ചുമതല.തദ്ദേശ സ്വയംഭരണ സ്ഥാപനങ്ങളുടെ സൗകര്യംകൂടി കണക്കിലെടുത്താണ് അദാലത്ത് നടത്തുന്നതിനുള്ള തിയ്യതിയും സമയവും തീരുമാനിക്കുന്നത്.ഈ മാസം 27 മുതല്‍ ജില്ലയില്‍ അദാലത്ത് നടത്താനാകുമെന്നാണ് ഐ ടി മിഷന്‍ ജില്ലാകളക്ടറെ അറിയിച്ചിട്ടുള്ളത്.അക്ഷയ കേന്ദ്രങ്ങളുടെ സേവനം അദാലത്തിനായി വിനിയോഗിക്കാമെന്ന് ജില്ലാകളക്ടര്‍ ഉത്തരവിട്ടിട്ടുണ്ട്.അദാലത്തിനായി തയ്യാറെടുക്കാന്‍ അക്ഷയകേന്ദ്രങ്ങള്‍ക്ക് ജില്ലാ ഓഫീസില്‍ നിന്നും അറിയിപ്പ് ലഭിച്ചിട്ടുണ്ട്.റവന്യൂ,പഞ്ചായത്ത്,മോട്ടോര്‍വാഹനം,രജിസ്ട്രേഷന്‍,സിവില്‍ സപ്ലൈസ്,വിദ്യഭ്യാസം,ആരോഗ്യം തുടങ്ങിയ വകുപ്പുകളിലെ ഉദ്യോഗസ്ഥര്‍ അദാലത്തില്‍ സന്നിഹിതരായിരിക്കും.പത്യേക സോഫ്റ്റ വെയര്‍ നല്‍കി പ്രളയബാധിതരുടെ നഷ്ടപ്പെട്ട രേഖകള്‍ വീണ്ടെടുക്കുന്നതിനുള്ള സ്ഥിരം ഓണ്‍ലൈന്‍ സംവിധാനം അക്ഷയകേന്ദ്രങ്ങളില്‍ ഏര്‍പ്പെടുത്തുമെന്നും സൂചനയുണ്ട്.

Advertisement