കഞ്ചാവുമായി കൗമാരക്കാര്‍ പിടിയില്‍.

559

കോണത്ത്കുന്ന് -കഞ്ചാവുമായി കൗമാരക്കാര്‍ പിടിയില്‍.രാത്രി 9 മണിക്ക് പതിവ് വാഹന പരിശോധനക്കിടെ കഞ്ചാവുമായി SN പുരം സ്വദേശി തോപ്പില്‍ വീട്ടില്‍ അജി ( I9 ), വഴിയമ്പലം സ്വദേശി കൊല്ലപറമ്പത്ത് വീട്ടില്‍ അഭിജിത്ത് എന്നിവരെ ഇരിങ്ങാലക്കുട സബ്ബ് ഇന്‍സ്‌പെക്ടര്‍ കെ. എസ്സ് . സുശാന്തും സംഘവും പിടി കൂടി.

കോണത്തുകുന്നിനു സമീപം അമിത വേഗതയില്‍ യുവാക്കള്‍ ന്യൂജനറേഷന്‍ മോട്ടോര്‍ സൈക്കിളില്‍ വരുന്നതു കണ്ട് തടയാന്‍ പോലീസ് ശ്രമിച്ചെങ്കിലും യുവാക്കള്‍ വാഹനം നിര്‍ത്താതെ ഓടിച്ചു പോവുകയായിരുന്നു. പിന്നീട് വാഹനത്തെ പോലീസ് പിന്‍തുടര്‍ന്ന് പിടികൂടുകയായിരുന്നു. മോട്ടോര്‍ സൈക്കിളിന്റെ സീറ്റിനടിയില്‍ പ്രത്യേകം തയ്യാറാക്കിയ രഹസ്യ അറയിലായിരുന്നു കഞ്ചാവ് സൂക്ഷിച്ചിരുന്നത്.
മൂവ്വായിരത്തി അഞ്ഞൂറു രൂപക്ക് വാങ്ങിയ അഞ്ചു പൊതി കഞ്ചാവാണ് പോലീസ് ഇവരില്‍ നിന്നും കണ്ടെടുത്തത്.
ഇവര്‍ക്കു ലഭിച്ച കഞ്ചാവിന്റെ ഉറവിടത്തെ കുറിച്ച് പോലീസിനു വിവരം ലഭിച്ചിട്ടുണ്ട്.കൗമാരക്കാരില്‍ ലഹരി ഉപയോഗം വര്‍ദ്ധിച്ചു വരുന്നതിനാല്‍ ലഹരി വസ്തുക്കളുടെ ഉപയോഗവും, വിപണനവും തടയുന്നതിനായി പ്രത്യേക അന്യേഷണ സംഘം രൂപീകരിച്ചിട്ടുണ്ടെന്നും സബ്ബ് ഇന്‍സ്‌പെക്ടര്‍ സുശാന്ത് പറഞ്ഞു. പ്രതികളെ പിടികൂടിയ അന്വേഷണ സംഘത്തില്‍ മുരുകേഷ് കടവത്ത് ,
എ .കെ. രാഹുല്‍ എന്നിവരാണ് ഉണ്ടായിരുന്നത്.

 

Advertisement