സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ സമരത്തില്‍ ഇരിങ്ങാലക്കുട താലൂക്കാശുപത്രിയില്‍ രോഗികള്‍ വലഞ്ഞു.

616

ഇരിങ്ങാലക്കുട : ആവശ്യമായ ഡോക്ടര്‍മാരേയും ജീവനക്കാരേയും നിയമിക്കാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപി ആരംഭിച്ചതില്‍ പ്രതിഷേധിച്ചു സംസ്ഥാനത്തെ സര്‍ക്കാര്‍ ഡോക്ടര്‍മാര്‍ വെള്ളിയാഴ്ച്ച മുതല്‍ അനിശ്ചിതകാല സമരം ആരംഭിച്ചു.ഇരിങ്ങാലക്കുട താലൂക്കാശുപത്രിയിലും ഡോക്ടര്‍മാരുടെ സമരം രോഗികളെ സാരമായി ബാധിച്ചു.ആശുപത്രിയിലെ രണ്ട് ഓപികളും അടച്ചിട്ടതിനാല്‍ രാവിലെ മുതല്‍ അത്യാഹിത വിഭാഗത്തിലാണ് ഡോക്ടര്‍മാര്‍ ഓപി രോഗികളെ ചികിത്സിച്ചിരുന്നത്.അത്യാഹിത വിഭാഗത്തിന് മുന്നില്‍ നീണ്ട നിരയാണ് രോഗികളുടെ ഉണ്ടായിരുന്നത്.എന്നാല്‍ നേരത്തേ തിയ്യതി തീരുമാനിച്ചിരുന്ന ഓപ്പറേഷനുകള്‍ നടന്നിരുന്നതായും അഡ്മിറ്റ് ചെയ്ത രോഗികളെ ഡോക്ടര്‍മാര്‍ സന്ദര്‍ശിച്ചിരുന്നുവെന്നും താലൂക്കാശുപത്രി സുപ്രണ്ട് മിനിമോള്‍ അറിയിച്ചു.മുന്നൊരുക്കമില്ലാതെ കുടുംബാരോഗ്യ കേന്ദ്രങ്ങളില്‍ സായാഹ്ന ഒപികള്‍ തുടങ്ങിയതില്‍ പ്രതിഷേധിച്ചു ജോലിയില്‍ നിന്നു വിട്ടുനിന്ന പാലക്കാട് കുമരംപുത്തൂര്‍ കുടുംബാരോഗ്യകേന്ദ്രത്തിലെ ഡോ. ലതികയെ സസ്‌പെന്‍ഡ് ചെയ്യുകയും രണ്ടു ഡോക്ടര്‍മാര്‍ക്ക് നോട്ടീസ് നല്‍കുകയും ചെയ്തു. ഇതോടെയാണു സര്‍ക്കാര്‍ ഡോക്ടര്‍മാരുടെ സംഘടന അനിശ്ചിതകാല സമരത്തിലേക്കു കടന്നത്. രാവിലെ ഒന്‍പതുമുതല്‍ ഉച്ചകഴിഞ്ഞു രണ്ടുവരെയാണ് ഒപികള്‍ പ്രവര്‍ത്തിക്കുന്നത്. ഒപി സമയം വൈകുന്നേരം ആറുവരെ നീട്ടണമെന്നാണ് ആരോഗ്യവകുപ്പ് ഉത്തരവിറക്കിയത്.

Advertisement