കെട്ടുചിറ ഷട്ടര്‍ അപാകം; കോള്‍കൃഷി പ്രതിസന്ധിയില്‍

456
പടിയൂര്‍: പടിയൂര്‍ കെട്ടുചിറ സ്ലൂയിസിയിലെ റെഗുലേറ്റര്‍ ഷട്ടറിന്റെ അപാകം മൂലം കോള്‍കൃഷി പ്രതിസന്ധിയിലാകുമെന്ന് ആശങ്ക. റിസര്‍വോയറിലെ ജലനിരപ്പ് ക്രമപ്പെടുത്തുവാന്‍ കഴിയും വിധം ഷട്ടറുകള്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്ത നിര്‍മ്മാണത്തിലെ അപാകമാണ് പ്രതിസന്ധിക്ക് കാരണം. ഇതുമൂലം പൂമംഗലം, പടിയൂര്‍, വെള്ളാങ്ങല്ലൂര്‍ പഞ്ചായത്തുകളിലായി വ്യാപിച്ചുകിടക്കുന്ന നാനൂറ് ഹെക്ടറോളം വരുന്ന കോള്‍ മേഖലയിലെ ഭൂരിഭാഗവും വര്‍ഷങ്ങളായി തരിശുകിടക്കുകയാണ്. ഈ മേഖലയില്‍ ഇപ്പോള്‍ കൃഷി ചെയ്തുവരുന്ന 200 ഹെക്ടര്‍ പ്രദേശത്തെ കൃഷിക്കാര്‍ കെട്ടുചിറ ഷട്ടര്‍ പ്രവര്‍ത്തനക്ഷമമല്ലാത്തതിനാല്‍ ആശങ്കയിലാണ്. ഡിസംബര്‍ ആദ്യവാരം കൃഷിയിറക്കേണ്ട പാടശേഖരത്തിലാണ് ഇപ്പോഴും വെള്ളം നിറഞ്ഞുകിടക്കുന്നത്. തുലാവര്‍ഷത്തിന് ശേഷം ജലസംഭരണിയിലേക്ക് ഓരുവെള്ളം കയറാതിരിക്കാന്‍ ഷട്ടറുകളിട്ടിരുന്നു. എന്നാല്‍ പെയ്തുവെള്ളം വന്ന് ജലനിരപ്പ് ഉയര്‍ന്നതോടെ ഭൂരിഭാഗം കോള്‍ ബണ്ടുകളും വെള്ളത്തിനടിയിലായതായി കര്‍ഷകര്‍ പറഞ്ഞു. അധികമുള്ള വെള്ളം ഓരു കടക്കാതിരിക്കാന്‍ ക്രമികരിക്കുന്നതിന് ഷട്ടര്‍ പ്രവര്‍ത്തിപ്പിക്കാന്‍ കഴിയാത്തതാണ് ഇതിന് കാരണം. ഷട്ടര്‍ അടച്ചതിന് ശേഷവും ഓരുവെള്ളം ലീക്ക് ചെയ്ത് കടക്കാതിരിക്കാന്‍ മണ്ണ് നിറച്ച ചാക്കുകെട്ടുകള്‍ ഉപയോഗിച്ച് കെട്ടുകയാണ് ചെയ്യുന്നത്. വെള്ളം മുഴുവന്‍ ഒഴുക്കി കളഞ്ഞശേഷം ഓരുവെള്ളം കയറാതിരിക്കാന്‍ വീണ്ടും ഇത്തരത്തില്‍ ബണ്ട് കെട്ടണം. ഇത് അധികചിലവാണെന്ന് കര്‍ഷകര്‍ വ്യക്തമാക്കി. മൂന്ന് പഞ്ചായത്തുകളും വര്‍ഷം തോറും കൃഷിയിറക്കാന്‍ താല്‍ക്കാലിക ബണ്ട് കെട്ടേണ്ട അവസ്ഥയ്ക്ക് പരിഹാരമായിട്ടാണ് 25 ലക്ഷത്തോളം രൂപ ചിലവഴിച്ച് ബ്ലോക്ക് പഞ്ചായത്ത് റെഗുലേറ്റിങ്ങ് സംവിധാനം ഒരുക്കിയത്. എന്നാല്‍ നിര്‍മ്മാണത്തിലെ അപാകം മൂലം വര്‍ഷം തോറും ഗ്രാമപഞ്ചായത്തുകള്‍ മാറി മാറി മണ്‍ചാക്കുകള്‍ കൊണ്ട് കെട്ടുകളുണ്ടാക്കേണ്ട അവസ്ഥയാണെന്ന് കര്‍ഷകര്‍ കുറ്റപ്പെടുത്തി. ഈ വര്‍ഷവും മണ്‍ ചാക്കുകള്‍ ഉപയോഗിച്ച് കെട്ടിയിട്ടുണ്ട്. ഈ വര്‍ഷം ഷട്ടര്‍ പ്രവര്‍ത്തനങ്ങളുടെ ചുമതല പടിയൂര്‍ പഞ്ചായത്തിനാണ്. അധികൃതരോട് പ്രശ്നം പരിഹരിക്കണമെന്നാവശ്യപ്പെട്ടതിന്റെ അടിസ്ഥാനത്തില്‍ നിര്‍ദ്ദേശങ്ങള്‍ സമര്‍പ്പിക്കാന്‍ പഞ്ചായത്ത് ഒരു സബ്ബ് കമ്മിറ്റിയെ ചുമതലപ്പെടുത്തിയിട്ടുണ്ട്. പാടശേഖരങ്ങളിലെ അധികജലം ഒഴുക്കികളയാന്‍ മദ്ധ്യത്തിലുള്ള ഷട്ടര്‍ തുറന്നിരിക്കുകയാണ്. എന്നാല്‍ എത്രയും പെട്ടന്ന് ജലവിതാനം ക്രമീകരിക്കുകയും ഷട്ടര്‍ ആവശ്യാനുസരണം പ്രവര്‍ത്തിപ്പിക്കാന്‍ കഴുയും വിധം നിര്‍മ്മാണത്തിലെ അപാകങ്ങള്‍ പരിഹരിക്കണമെന്നാണ് കര്‍ഷകരുടെ ആവശ്യം.
Advertisement