ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്തെ ലോക്ക് ഡൗണ്‍ പിന്‍വലിക്കണം-വ്യാപാരി വ്യവസായി ഏകോപന സമിതി

ഇരിങ്ങാലക്കുട: നഗരസഭാ പ്രദേശത്തെ ലോക്ക് ഡൗണ്‍ പിന്‍വലിക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ആവശ്യപ്പെട്ടു. നഗരസഭാ പ്രദേശത്ത് കഴിഞ്ഞ 16 ദിവസമായി ലോക്ക് ഡൗണും ട്രിപ്പില്‍ ലോക്ക് ഡൗണുമായി വ്യാപാര സ്ഥാപനങ്ങളും മറ്റും അടഞ്ഞു കിടക്കുകയാണ്. തുറന്ന സ്ഥാപനങ്ങള്‍ കുറവായതിനാല്‍ അവശ്യ സാധനങ്ങള്‍ വാങ്ങുവാന്‍ പോലും സാധിക്കുന്നില്ല. ഇതു മൂലം ഈ പ്രദേശത്തെ ജനങ്ങള്‍ ഏറെ ദുരിതമാണ് അനുഭവിക്കുന്നത്. തൃശൂര്‍-കൊടുങ്ങല്ലൂര്‍ സംസ്ഥാന പാതയും പോട്ട-മൂന്നുപീടിക സംസ്ഥാന പാതയും പൂര്‍ണമായും അടച്ചിട്ടിരിക്കുന്നതിനാല്‍ തുറന്ന വ്യാപാര സ്ഥാപനങ്ങളിലേക്ക് സാധനങ്ങള്‍ കൊണ്ടു വരുവാന്‍ സാധിക്കുന്നില്ല. വ്യാപാരസ്ഥാപനങ്ങള്‍ തുറക്കാത്തതിനാല്‍ വ്യാപാരികള്‍ ഏറെ ബുദ്ധിമുട്ടിലാണ്. സ്ഥാപനങ്ങള്‍ തുറക്കാത്തതിനാല്‍ നാശനഷ്ടങ്ങള്‍ പരിശോധിക്കുവാന്‍ പോലും സാധിക്കാത്ത അവസ്ഥയാണ് ഇപ്പോഴുള്ളത്. ബേക്കറി, പലചരക്ക്, പച്ചക്കറി തുടങ്ങിയ സ്ഥാപനങ്ങളിലെ ഭക്ഷ്യവസ്തുക്കള്‍ നശിച്ചു കൊണ്ടിരിക്കുന്നതിനാല്‍ ഭീമമായ നഷ്ടമാണ് വ്യാപാരികള്‍ക്ക് ഉണ്ടായിരിക്കുന്നത്. കഴിഞ്ഞ കുറെ ദിവസങ്ങളായി സമീപ പഞ്ചായത്തുകളില്‍ രോഗവ്യാപനം ഉണ്ടായിട്ടുണ്ടെങ്കിലും ഇരിങ്ങാലക്കുട നഗരസഭാ പ്രദേശത്ത് ഇത് വളരെ കുറവാണ്. കഴിഞ്ഞ 25 ന് ട്രിപ്പിള്‍ ലോക്ക് ഡൗണ്‍ പ്രഖ്യാപിച്ചപ്പോള്‍ ഏഴു ദിവസത്തേക്ക് മാത്രമാണ് എന്നാണ് പറഞ്ഞിരുന്നത്. ഏഴു ദിവസം കഴിഞ്ഞിട്ടും ഇക്കാര്യത്തില്‍ ബന്ധപ്പെട്ടവര്‍ യാതൊരു വിധ നിലപാടും ഇതുവരെ എടുത്തിട്ടില്ല. കോവിഡ് വ്യാപനം തടയുന്നതിന് സര്‍ക്കാര്‍ നിര്‍ദേശിച്ച നടപടികളോട് വ്യാപാരികള്‍ പരിപൂര്‍ണായി സഹകരിച്ചിട്ടുണ്ട്. തീവ്ര രോഗവ്യാപനം വരുന്ന വാര്‍ഡുകളെ മാത്രം തിരിച്ച് ലോക്ക് ഡൗണായി പ്രഖ്യാപിച്ച് നഗരം പൂര്‍ണമായി തുറന്ന് ജനജീവതം സുഗമാക്കണമെന്ന് വ്യാപാരി വ്യവസായി ഏകോപന സമിതി ഇരിങ്ങാലക്കുട യൂണിറ്റ് ആവശ്യപ്പെട്ടു. യൂണിറ്റ് പ്രസിഡന്റ് എബിന്‍ വെള്ളാനിക്കാന്‍ അധ്യക്ഷത വഹിച്ചു. ജനറല്‍ സെക്രട്ടറി ഷാജു പാറേക്കാടന്‍, വൈസ് പ്രസിഡന്റുമാരായ അനില്‍ കുമാര്‍, ബാലസുബ്രഹ്മണ്യം, ട്രഷറര്‍ തോമസ് അവറാന്‍ എന്നിവര്‍ പ്രസംഗിച്ചു.