ഇരിങ്ങാലക്കുട: നിയോജകമണ്ഡലത്തിൽ കെ എൽ ഡി സി യുടെ സമഗ്രപദ്ധതികൾ നടപ്പിലാക്കുമെന്ന് തോമസ് ഉണ്ണിയാടൻ എം എൽ എ പറഞ്ഞു. നഗരസഭാ, പൊറത്തിശേരി കൃഷിഭവനുകളുടെ കീഴിൽ വരുന്ന പദ്ധതികളെ സംബന്ധിച്ച് നടന്ന അവലോകന യോഗത്തിൽ സംസാരിക്കുകയായിരുന്നു. അദ്ദേഹം. കോൾ, നോൺ കോൾ മേഖലകളിൽ വ്യത്യസ്തങ്ങളായ പദ്ധതികൾ ആവിഷ്‌കരിക്കും. ആവശ്യമായ സ്ഥലങ്ങളിൽ മോട്ടോർ പമ്പ് സെറ്റ്, വൈദ്യുതി, ജലസേചനത്തിനുള്ള തോട് നിർമ്മാണം, മോട്ടോർഷെഡ് നിർമ്മാണം, കാടത്തോട് നിർമ്മാണം, ഫാം റോഡ്, റാംപ്, തോടുകളുടെ വശം കെട്ടി സംരക്ഷിക്കൽ, തോടുകൾക്ക് കുറുകെ ചെറിയ പാലങ്ങൾ, ബണ്ടുകളുടെ നവീകരണം, ബണ്ടുകൾ ബലപ്പെടുത്തൽ, വൈദ്യുതി ലൈൻ വലിക്കൽ, ട്രാൻസ്‌ഫോർമർ സ്ഥാപിക്കൽ തുടങ്ങി കാർഷിക മേഖലക്ക് ഗുണപ്രദമാകുന്ന പദ്ധതികൾ നടപ്പിലാക്കുമെന്നും അദ്ദേഹം പറഞ്ഞു.
നഗരസഭാ അധ്യക്ഷൻ എം.പി. ജാക്സൺ, വൈസ് ചെയർമാൻ ചിന്ത ധർമ്മരാജൻ, സ്ഥിരം സമിതി അധ്യക്ഷരായ വി. സി. വർഗീസ്, ടി.എ. പോൾ, റോണി പോൾ മാവേലി, കെ എൽ ഡി സി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ ജി. അഖിൽനാഥ്, കൃഷി ഓഫീസർ കെ.പി. അഖിൽ എന്നിവർ സംസാരിച്ചു




