പിന്നാക്ക വിഭാഗങ്ങളുടെ ശാക്തീകരണത്തിന് ഈ വർഷം എൻ.എസ്.എസ് “മാനസഗ്രാമം” പദ്ധതി നടപ്പിലാക്കും : ഡോ:ആർ.ബിന്ദു*
ദേശീയ എൻ.എസ്.എസ് ദിനാചരണവുമായി ബന്ധപ്പെട്ട് തിരുവനതപുരം ടാഗോർ ഹാളിൽ വെച്ച് നടന്ന ചടങ്ങിൽ “പക്ഷിവനം പദ്ധതി” യുടെയും കർത്തവ്യ വാരത്തിന്റേയും ഉദ്ഘാടനവും “മാനസഗ്രാമം” പദ്ധതിയുടെ പ്രഖ്യാപനവും ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു .
ജൈവ വൈവിധ്യം സംരക്ഷിക്കുന്നതിനും പാരിസ്ഥിതിക അവബോധം വളർത്തുന്നതിനുമായി പക്ഷിജാലങ്ങൾക്ക് ജലവും ഭക്ഷണവും നൽകിക്കൊണ്ട് പക്ഷികൾക്ക് ക്യാംപസുകളിൽ ഇടങ്ങളൊരുക്കുന്നതാണ് “പക്ഷിവനം പദ്ധതി”. സിനിമാ ഡയറക്ടറായ ആർ ജയരാജിന്റെ ഫൗണ്ടേഷനുമായി സഹകരിച്ചാണ് ഇത് നടപ്പിലാക്കുന്നത്. എല്ലാ ക്യാമ്പസുകളിലും പക്ഷികൾക്കായിട്ടുള്ള ഇടങ്ങൾ ഉറപ്പാക്കും. ഇതിന്റെ ഭാഗമായി പാരിസ്ഥിതിക വിഷയങ്ങളുമായി ബന്ധപ്പെട്ട് ഷോർട്ട് ഫിലിം, ഡോക്യുമെന്ററി മത്സരങ്ങൾ വിദ്യാർത്ഥികൾക്കായി സംഘടിപ്പിക്കും. പ്രകൃതി സംരക്ഷണവും പാരിസ്ഥിതിക അവബോധവുമായി ബന്ധപ്പെട്ട ആശയങ്ങളെ സംബന്ധിച്ചുള്ള ഫിലിമുകളുടെ പ്രദർശനം ഉൾക്കൊള്ളുന്ന റെയിൻ ഇന്റർനാഷണൽ നാച്വറൽ ഫിലിം ഫെസ്റ്റിവലിൽ എൻ.എസ്.എസിന്റെ വോളന്റിയേഴ്സിനെ പങ്കെടുപ്പിക്കും.
പക്ഷിവനം പദ്ധതിയുടെ ധാരണാപത്രം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ സാന്നിധ്യത്തിൽ ജയരാജ് ഫൗണ്ടേഷൻ സ്ഥാപകനും ചെയർമാനുമായ ആർ. ജയരാജും നാഷണൽ സർവീസ് സ്‌കീം സംസ്ഥാന ഓഫീസർ ഡോ.ദേവിപ്രിയയും കൈമാറി.
സാമൂഹ്യമായും സാമ്പത്തികമായും പിന്നാക്കം നിൽക്കുന്നവർ താമസിക്കുന്ന കേന്ദ്രങ്ങളെ ഏറ്റെടുത്ത് അവിടുത്തെ വിദ്യാർത്ഥികൾക്ക് വിദ്യാഭ്യാസവും നൈപുണി വികസന പരിശീലനവും തൊഴിലും ഉറപ്പാക്കി സ്വയം പര്യാപ്തരാക്കുന്ന “മാനസഗ്രാമം”പദ്ധതിയും ഈ വര്ഷം നാഷണൽ സർവ്വീസ് സ്‌കീം വഴി നടപ്പിലാക്കുമെന്ന് ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതിവകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു ചടങ്ങിൽ പ്രഖ്യാപിച്ചു .