ഇരിങ്ങാലക്കുട : ആളൂർ സ്റ്റേഷൻ പരിധിയിലെ കുപ്രസിദ്ധ ഗുണ്ടയും വധശ്രമ കേസിലെ പ്രതിയുമായ മുരിയാട് ഉളളാട്ടിക്കുളം വീട്ടിൽ മിൽജോ (29) എന്നയാളെ കാപ്പ ചുമത്തി 6 മാസക്കാലത്തേക്ക് തടങ്കലിൽ ആക്കി.
ആളൂർ പൊലീസ് സ്റ്റേഷൻ റൗഡിയായ മിൽജോക്കെതിരെ മയക്കു മരുന്ന് വിൽപ്പന നടത്തിയതിന് തൃശൂർ മെഡിക്കൽ കോളെജ് പൊലീസ് സ്റ്റേഷനിലും ആളൂർ സ്റ്റേഷനിലും ഇരിങ്ങാലക്കുടയിലും കേസുകളുണ്ട്. കൂടാതെ ആളൂർ സ്റ്റേഷനിൽ ഒരു വധശ്രമ കേസും അടിപിടി കേസും അടക്കം 11 ക്രിമിനൽ കേസുകളിലെ പ്രതിയാണ്.
റൂറൽ ജില്ലാ പൊലീസ് മേധാവി ബി. കൃഷ്ണകുമാർ ഐപിഎസ് നൽകിയ ശുപാർശയിൽ ജില്ലാ കളക്ടർ അർജ്ജുൻ പാണ്ഡ്യൻ ഐഎഎസ് ആണ് ഉത്തരവ് പുറപ്പെടുവിച്ചത്.
ആളൂർ സ്റ്റേഷൻ ഇൻസ്പെക്ടർ ബി. ഷാജിമോൻ, സബ്ബ് ഇൻസ്പെക്ടർ ജോര്‍ജ്ജ്, സിവിൽ പൊലീസ് ഓഫീസർമാരായ ജിബിന്‍, ആഷിക്, ശ്രീജിത്ത് എന്നിവരാണ് കാപ്പ ചുമത്തുന്നതിലും ഉത്തരവ് നടപ്പാക്കുന്നതിലും പ്രധാന പങ്ക് വഹിച്ചത്.
ഈ വർഷം ഇതുവരെ തൃശൂർ റൂറൽ പരിധിയിൽ 169 ഗുണ്ടകൾക്കെതിരെയാണ് കാപ്പ നിയമ പ്രകാരം നടപടികൾ സ്വീകരിച്ചിട്ടുളളത്.
ഇതിൽ 57 ഗുണ്ടകൾ തടങ്കലിലാണ്. 112 ഗുണ്ടകൾക്കെതിരെ നാട് കടത്തുന്നതുൾപ്പെടെയുള്ള നടപടികൾ സ്വീകരിച്ചു.
“ഓപ്പറേഷൻ കാപ്പ” പ്രകാരം കൂടുതൽ ഗുണ്ടകൾക്കെതിരെ കാപ്പ ചുമത്തുന്നതിന് നടപടി സ്വീകരിച്ചു വരുന്നുണ്ട്.