ഇരിങ്ങാലക്കുട: ദേശീയ ബഹിരാകാശ ദിനാഘോഷങ്ങളുടെ ഭാഗമായി സ്പേസ് വിഷൻ 2047 എന്ന വിഷയത്തെ ആസ്പദമാക്കി ഇരിഞ്ഞാലക്കുട ക്രൈസ്റ്റ് എഞ്ചിനീയറിംഗ് കോളേജിൽ ഐഎസ്ആർഒ സിമ്പോസിയം സംഘടിപ്പിച്ചു.
കോളേജ് ഓഡിറ്റോറിയത്തിൽ നടന്ന ചടങ്ങിൽ ഐഎസ്ആർഒ തിരുവനന്തപുരം വലിയമല ലിക്വിഡ് പ്രൊപ്പൽഷൻ സിസ്റ്റം സെന്റർ (എൽ പി എസ് സി) ഗ്രൂപ്പ് ഡയറക്ടർ വി ദിലീപ് ഉദ്ഘാടനം നിർവഹിച്ചു. ബഹിരാകാശ രംഗത്ത് ഇന്ത്യ കടന്നുവന്ന വഴികളെക്കുറിച്ചും ഇനി ഉണ്ടാകാൻ പോകുന്ന മാറ്റങ്ങളെ കുറിച്ചും വിദ്യാർത്ഥികളുമായി അദ്ദേഹം സംവദിച്ചു.
കോളേജ് എക്സിക്യൂട്ടീവ് ഡയറക്ടർ ഫാ. ജോൺ പാലിയേക്കര സി എം ഐ അധ്യക്ഷത വഹിച്ച ചടങ്ങിൽ പ്രിൻസിപ്പൽ ഡോ. എം ടി സിജോ, ഇലക്ട്രോണിക്സ് ആൻഡ് കമ്മ്യൂണിക്കേഷൻ എൻജിനീയറിങ് വിഭാഗം മേധാവി ഡോ. കാരൻ ബാബു എന്നിവർ പ്രസംഗിച്ചു.
വിദ്യാർത്ഥി പ്രതിനിധികളായ അനിറ്റ വിൻസെൻ്റ്, അഭിരാം ഹരി, ജാസ്മിൻ ബേബി, ആഗ്നസ് ഷനോജ്, ആർദ്ര മരിയ, എയ്ഞ്ചൽ റോസ് ഐവിൻ, പോൾ ജോജോ കോക്കാട്ട് എന്നിവർ ‘ സ്പേസ് 2047’ എന്ന ആശയത്തെ സംബന്ധിച്ച് പ്രസന്റേഷൻ അവതരിപ്പിച്ചു. തദവസരത്തിൽ തിരുവനന്തപുരം എൽ പി എസ് സിയിലെ ശാസ്ത്രജ്ഞരായ ശ്രീ ജിത്തു ആൻ്റണി, വി എം ദീപക് എന്നിവരുടെ നേതൃത്വത്തിൽ പൊതു ചർച്ചയും സംഘടിപ്പിച്ചു. സിമ്പോസിയത്തിൽ ഉയർന്നുവന്ന നിർദ്ദേശങ്ങൾ ഉയർന്ന നിലവാരം പുലർത്തുന്നതാണെന്ന് അദ്ദേഹം അഭിപ്രായപ്പെട്ടു.
സ്റ്റാഫ് കോ ഓർഡിനേറ്റർമാരായ ടി ശ്രീലേഖ, പി എം സ്വാതി ഒ എസ് അഭിലാഷ്, വിദ്യാർഥികളായ ജോസഫ് തോമസ്, പി എസ് നിമ്മി എന്നിവർ നേതൃത്വം നൽകി