തൃശ്ശൂർ : കാർഷിക വികസന ക്ഷേമ വകുപ്പിന്റെ മികച്ച കൃഷി അസിസ്റ്റന്റ് ഡയറക്ടർ അവാർഡ് വെള്ളാങ്ങല്ലൂർ കൃഷി അസിസ്റ്റൻ്റ് ഡയറക്ടർ എം കെ സ്മിതക്ക് .
വെള്ളാങ്ങല്ലൂർ ബ്ലോക്ക് പഞ്ചായത്ത് പരിധിയിൽ കൃഷിവകുപ്പിന്റെ വിവിധ പദ്ധതികൾ വിജയകരമായി നടപ്പിലാക്കുന്നതിൽ വഹിച്ച പങ്ക് കണക്കിലെടുത്താണ് ബഹുമതി. കാർഷിക വികസന സമിതിയിൽ ചർച്ചകൾ നടത്തി സമയബന്ധിതമായി കർഷകർക്ക് ആനുകൂല്യങ്ങൾ ലഭ്യമാക്കുന്നതിലും നിർണായക പങ്കുവഹിച്ചിട്ടുണ്ട്. ബ്ലോക്ക് തല വിള പരിപാലന കേന്ദ്രം, ഡ്രോൺ ഉപയോഗിച്ച് സസ്യസംരക്ഷണം, എന്റെ പാടം എന്റെ പുസ്തകം, പച്ചക്കുട തുടങ്ങിയ പദ്ധതികൾക്ക് നേതൃത്വം നൽകി. തരിശു ഭൂമികളെ കൃഷിയോഗ്യമാക്കുന്നതിനുള്ള പ്രവർത്തനങ്ങൾക്കും സ്കൂളുകളിൽ പച്ചക്കറി കൃഷി ആരംഭിക്കുന്നതിനും നേതൃത്വം നൽകി.
പഞ്ചായത്ത് തല ഉൽപാദന പ്ലാനുകൾ ക്രോഡീകരിച്ച് ബ്ലോക്ക് തല പ്ലാനുകളാക്കി രൂപപ്പെടുത്തുന്നതിലും മുൻപന്തിയിലുണ്ടായിരുന്നു.ശാസ്ത്രീയമായി നെൽകൃഷി,പച്ചക്കറി, തെങ്ങ് കൃഷി,വിവിധ കാർഷികവിളകളിൽ നിന്നും മൂല്യ വർദ്ധിത ഉൽപ്പന്നങ്ങളുടെ നിർമ്മാണവും വിപണനവുമായി ബന്ധപ്പെട്ട് കർഷകർക്ക് മാർഗ്ഗ നിർദ്ദേശങ്ങൾ നൽകാനും സ്മിതയ്ക്ക് കഴിഞ്ഞിട്ടുണ്ട്.2015ലും 2017 ലും മികച്ച കൃഷി ഓഫീസർക്കുള്ള ജില്ലാതല പുരസ്കാരവും സ്മിതയ്ക്ക് ലഭിച്ചിട്ടുണ്ട്. തൃശ്ശൂർ ജില്ലയിലെ കോലഴി സ്വദേശിയാണ്. ഭർത്താവ് – സി എസ് ഹരിദാസ്, മകൾ -ഗായത്രി