ഇരിങ്ങാലക്കുട: ക്രൈസ്റ്റ് കോളേജിൽ എട്ടുവർഷമായി അരങ്ങേറുന്ന ‘സവിഷ്കാര’ എന്ന ഭിന്നശേഷി കുട്ടികളുടെ സംഗമത്തിൽ നിന്ന് പ്രചോദനം സ്വീകരിച്ച് അവർക്കായി ജീവിതം മാറ്റിവെച്ച ഭിന്നശേഷി അധ്യാപകരെ അധികരിച്ചുള്ള ഒരു ഗവേഷണ പ്രബന്ധം ക്രൈസ്റ്റ് കോളേജിൽ അവതരിപ്പിച്ചു. കൊമേഴ്സ് വിഭാഗത്തിലെ അധ്യാപികയായ ഡോ. ജോഷീന മാർട്ടിൻ്റെ മേൽനോട്ടത്തിൽ കേരളവർമ്മ കോളേജിലെ അധ്യാപിക ഫെമി എ. ഒ. നടത്തിയ ക്രൈസ്റ്റ് കൊമേഴ്സ് വിഭാഗത്തിലെ ആദ്യ ഗവേഷണ പ്രബന്ധം ഭിന്നശേഷി അധ്യാപകരുടെ ജീവിതത്തെയും ത്യാഗത്തെയും കുറിച്ച് ആഴത്തിൽ പഠിച്ചതിൻ്റെ ഫലമായിരുന്നു. കേരളത്തിലെ നാലായിരത്തോളം വരുന്ന ഈ അധ്യാപകരുടെ ജീവിതത്തെ ആസ്പദമാക്കി നടത്തിയ ഈ പഠനം ഗവൺമെൻറ് സ്വീകരിക്കേണ്ട ചില പരിഷ്കാരങ്ങളിലക്കും വിരൽചൂണ്ടുന്നുണ്ട്. ഗവേഷകയുടെ ഭർത്താവും ക്രൈസ്റ്റ് കോളേജ് അധ്യാപകനും കാലിക്കറ് യൂണിവേഴ്സിറ്റി സെനറ്റ് മെമ്പറുമായ മൂവിഷിൻ്റെ നേതൃത്വത്തിൽ നടക്കുന്ന ‘സവിഷ്കാര’ ദേശീയതലത്തിലേക്ക് വളരുന്ന ഈ വർഷം അനേകം ഭിന്നശേഷി വിദ്യാർത്ഥികളെയും അവരുടെ അധ്യാപകരേയും ചേർത്തുപിടിക്കുന്ന ഈ പഠനം മാനവികതയുടെ ഒരു മുഖം കാണിച്ചുതരുന്നു.