ആളൂർ ജംഗ്ഷൻ വികസന പ്രവർത്തനങ്ങൾ ത്വരിതഗതിയിൽ പൂർത്തിയാക്കുമെന്ന് ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ. ആർ. ബിന്ദു അറിയിച്ചു. ആളൂർ ഗ്രാമപഞ്ചായത്തിലെ കൊമ്പൊടിഞ്ഞാമാക്കൽ ജംഗ്ഷനിൽ ഗതാഗതക്കുരുക്കുകൾക്ക് ശാശ്വതപരിഹാരമായി റോഡ് വികസന പദ്ധതിയുടെ ഭാഗമായി പൊതുമരാമത്തു വകുപ്പ് തയ്യാറാക്കിയ അലൈൻമെന്റ് പ്ലാൻ അംഗീകരിക്കുന്നതിനും തുടർ നടപടികൾ സ്വീകരിക്കുന്നതിന്റെ ഭാഗമായി ജനപ്രതിനിധികൾ, പൊതുജനങ്ങൾ, വ്യാപാരികൾ, എന്നിവരുമായി കൊമ്പൊടിഞ്ഞാമാക്കൽ സെയിന്റ്. മേരീസ് ചർച്ച് പാരീഷ് ഹാളിൽ നടന്ന യോഗത്തിൽ അധ്യക്ഷത വഹിച്ച് സംസാരിക്കുകയായിരുന്നു മന്ത്രി.
2024-25 സംസ്ഥാന ബജറ്റിൽ 20 കോടി രൂപയാണ് ആളൂർ ജംഗ്ഷൻ വികസനത്തിനായി വകയിരുത്തിയിരിക്കുന്നത്. പ്രാരംഭ ഘട്ടത്തിൽ 1.20 ലക്ഷം രൂപ പി ഡബ്ല്യു ഡി ക്ക് കൈമാറിയിട്ടുണ്ട്. ഇതിനടിസ്ഥാനത്തിൽ അലൈൻമെന്റ് പ്ലാനും ഇൻവെസ്റ്റിഗേഷനും പൂർത്തിയായി.
നാലു ദിശകളിലേക്കും 100 മീറ്റർ വീതി കൂട്ടിയാണ് അലൈൻമെന്റ് പ്ലാൻ ഒരുക്കിയിരിക്കുന്നത്. കൊടകര-കൊടുങ്ങല്ലൂർ സംസ്ഥാന പാതയിൽ 20 മീറ്ററും ചാലക്കുടി-വെള്ളാങ്കല്ലൂർ ജില്ലാതല റോഡിൽ 15 മീറ്ററുമാണ് നിർദ്ദേശിച്ചിട്ടുള്ള വീതി. പദ്ധതിയുടെ ഭാഗമായി ഏകദേശം ഒരു ഏക്കർ 8 സെന്റ് ഭൂമി ഏറ്റെടുക്കേണ്ടതുണ്ടാകും. റോഡിനൊപ്പം ബസ് വേയുടെയും നിർമാണം പദ്ധതിയിൽ ഉൾപ്പെടുത്തിയിട്ടുണ്ട്.
ഭൂമി ഏറ്റെടുക്കലിനായി മതിയായ നഷ്ടപരിഹാരം നൽകുമെന്നും ആവശ്യമായ ഭൗതിക സൗകര്യങ്ങൾ ഒരുക്കി പ്രദേശവാസികളെ ഉൾപ്പെടുത്തി പദ്ധതി നടപ്പാക്കുമെന്നും മന്ത്രി പറഞ്ഞു. പദ്ധതിയുമായി ബന്ധപ്പെട്ടവർക്ക് കൂടുതൽ വിവരങ്ങൾ നൽകുന്നതിന് അടുത്ത ഘട്ടത്തിൽ കൂടുതൽ യോഗങ്ങൾ നടത്തുമെന്നും മന്ത്രി വ്യക്തമാക്കി.
യോഗത്തിൽ അലൈൻമെന്റ് പ്ലാൻ അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എഞ്ചിനിയർ നവീൻ അവതരിപ്പിച്ചു. ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് കെ.ആർ. ജോജോ, വൈസ് പ്രസിഡന്റ് രതി, ജില്ലാ പഞ്ചായത്ത് അംഗം പി.കെ. ഡേവിസ് മാസ്റ്റർ, വികസന സ്റ്റാൻഡിങ് കമ്മിറ്റി ചെയർമാൻ ദിപിൻ പാപ്പച്ചൻ, ക്ഷേമകാര്യ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ഷൈനി തിലകൻ, വാർഡ് മെമ്പർ മിനി പോളി, മാള ബ്ലോക്ക് പഞ്ചായത്ത് അംഗം ജുമൈല ഷഗീർ, എക്സിക്യൂട്ടീവ് എഞ്ചിനിയർ രാകേഷ്, മറ്റ് പൊതുമരാമത്ത് വകുപ്പ് ഉദ്യോഗസ്ഥർ തുടങ്ങിയവർ യോഗത്തിൽ പങ്കെടുത്തു.