ഇരിങ്ങാലക്കുട ഗവൺമെന്റ് മോഡൽ ഗേൾസ് ഹൈസ്കൂളിന്റെയും വി.എച്ച്.എസ്.ഇ യുടെയും പുതിയ കെട്ടിടങ്ങളുടെ നിർമ്മാണോദ്ഘാടനം ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ:ആർ.ബിന്ദു നിർവ്വഹിച്ചു.
എല്ലാ കുട്ടികൾക്കും മികച്ച വിദ്യാഭ്യാസം ഒരുക്കണമെന്ന് സർക്കാരിന്റെ ലക്ഷ്യത്തോടെ സൗന്ദര്യവും സൗകര്യവും ഒത്തിണങ്ങിയ വിദ്യാലയമായി മാറുകയാണ് ഇരിങ്ങാലക്കുട ഗേൾസ് സ്കൂൾ എന്ന് മന്ത്രി ആർ.ബിന്ദു പറഞ്ഞു.
അധ്യാപകരുടെ ഏറ്റവും പ്രധാനപ്പെട്ട ഉത്തരവാദിത്വം വിദ്യാർത്ഥികളുടെ സർഗ്ഗവാസനയ്ക്കും കഴിവുകൾക്കും പ്രചോദനം നൽകി കൂടെ നിൽക്കുക എന്നതാണ്. സമൂഹം അഭിമുഖീകരിക്കുന്ന പ്രശ്നങ്ങൾക്ക് പരിഹാരം നിർദേശിക്കാൻ കഴിയുന്ന പ്രതിഭാശാലികളായി വിദ്യാർത്ഥികൾ മാറണമെന്നും മന്ത്രി കൂട്ടിച്ചേർത്തു.
സംസ്ഥാന സർക്കാരിന്റെ പ്ലാൻ ഫണ്ടിൽ നിന്ന് രണ്ടുകോടി രൂപ ഉപയോഗിച്ചാണ് ഇരിങ്ങാലക്കുട ഗവൺമെന്റ് ഗേൾസ് ഹൈസ്കൂളിന് പുതിയ കെട്ടിടം നിർമ്മിക്കുന്നത്. കിഫ്ബി പദ്ധതിയിൽ ഒരുകോടി 30 ലക്ഷം രൂപ വിനിയോഗിച്ചാണ് വി.എച്ച്.എസ്.ഇ ബ്ലോക്കിന്റെ മൂന്നാമത്തെ നില നിർമ്മിക്കുന്നത്.
ഇരിങ്ങാലക്കുട നഗരസഭ ചെയർപേഴ്സൺ മേരിക്കുട്ടി ജോയ് അധ്യക്ഷത വഹിച്ചു. പി.ഡബ്ല്യു.ഡി അസിസ്റ്റന്റ് എക്സിക്യൂട്ടീവ് എൻജിനീയർ നിമേഷ്, ഇരിങ്ങാലക്കുട മുൻസിപ്പാലിറ്റി അസിസ്റ്റന്റ് എൻജിനീയർ ബിനു, സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൻമാരായ അഡ്വ. ജിഷ ജോബി, അംബിക പള്ളിപ്പുറത്ത്, വിദ്യാ കിരണം ജില്ലാ കോർഡിനേറ്റർ എൻ.കെ രമേഷ്, വി.എച്ച് എസ്.ഇ വിഭാഗം പ്രിൻസിപ്പാൾ കെ. ആർ ഹേന, എച്ച്. എസ്.എസ് വിഭാഗം പ്രിൻസിപ്പാൾ ബിന്ദു പി ജോൺ, ഹെഡ്മിസ്ട്രസ് കെ എസ് സുഷ, എൽ. പി വിഭാഗം ഹെഡ്മിസ്ട്രസ് പി. എം അസീന, പി.ടി.എ പ്രസിഡന്റ് പി.കെ അനിൽകുമാർ, എസ്.എം.സി ചെയർമാൻ എ. വി ഷൈൻ, ഒ. എസ്. എ പ്രതിനിധി അംബിക മുരളി എന്നിവർ പങ്കെടുത്തു.