ഇരിങ്ങാലക്കുട : കേരള എൻജിനീയറിംഗ് പ്രവേശന പരീക്ഷാ ഫലത്തിൽ സംസ്ഥാന തലത്തിൽ രണ്ടാം റാങ്ക് കരസ്ഥമാക്കി ഇരിങ്ങാലക്കുട സ്വദേശി ഹരികിഷൻ ബൈജു.
600 ൽ 588.5773 സ്കോർ കരസ്ഥമാക്കിയാണ് ഹരികിഷൻ എഞ്ചിനീയറിംഗ് പ്രവേശന പരീക്ഷ എഴുതിയ 86500 പേരെ പിന്തള്ളി ഇരിങ്ങാലക്കുട ശാന്തിനഗർ പോട്ടശ്ശേരി വീട്ടിൽ ബൈജുരാജ് – ജീന ദമ്പതികളുടെ മകനായ ഹരികിഷൻ സംസ്ഥാന തലത്തിൽ രണ്ടാം സ്ഥാനം കരസ്ഥമാക്കിയത്.
ഗൾഫിൽ ജോലി ചെയ്യുന്ന അച്ഛൻ ബൈജുവിനോടൊപ്പം ആയിരുന്നതിനാൽ ഹരികിഷൻ്റെ സ്കൂൾ വിദ്യാഭ്യാസം മുഴുവൻ അവിടെയായിരുന്നു.
ഉപരിപഠനത്തിനായി കേരളത്തിലെത്തിയ ഹരികിഷൻ ഇരിങ്ങാലക്കുട ഭാരതീയ വിദ്യാഭവനിൽ നിന്ന് കഴിഞ്ഞ സി.ബി.എസ്.ഇ. പ്ലസ് ടു പരീക്ഷയിൽ ബയോളജി വിഭാഗത്തിൽ 99.2% മാർക്കോടെയാണ് വിജയിച്ചത്.
പഠനത്തിൽ ഇതിനു മുൻപും ഹരികിഷൻ മികവ് തെളിയിച്ചിട്ടുണ്ട്.
ഇന്ത്യയിലെ വിവിധ ഐ. ഐ. ടി.കൾ, പ്രമുഖ എൻജിനീയറിങ് കോളെജുകൾ എന്നിവയിലേക്ക് പ്രവേശനം നേടുന്നതിനായി ദേശീയ തലത്തിൽ നടത്തപ്പെടുന്ന ജെ.ഇ.ഇ. മെയിൻ പരീക്ഷയിൽ 99.925 പെർസെൻ്റെയിൽ സ്കോറാണ് ഹരികിഷൻ കരസ്ഥമാക്കിയിരുന്നത്.
മുംബൈ ഐ ഐ ടി യിൽ ഇലക്ട്രിക്കൽ എഞ്ചിനീയറിംഗിൽ 5 വർഷത്തെ ഡുവൽ ഡിഗ്രി കോഴ്സിനു ചേരാനുള്ള തയ്യാറെടുപ്പിലാണ് ഹരികിഷൻ.