കൊടുങ്ങല്ലൂർ : എറിയാടുള്ള ആതിര കുറിക്കമ്പനിയുടെ പേരിൽ രണ്ട് പേരിൽ നിന്നായി ₹.988500/- (ഒമ്പത് ലക്ഷത്തി എൺപത്തിയെട്ടായിരത്തി അഞ്ഞൂറ്) രൂപയുടെ തട്ടിപ്പ് നടത്തിയതിന് കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിൽ രജിസ്റ്റർ ചെയ്ത 2 കേസുകളിലെയും പ്രതികളാണ് സഹോദരങ്ങളും കൊഴുക്കുള്ളി പള്ളിപ്പുറം സ്വദേശികളുമായ രണ്ടുതൈക്കൾ വീട്ടിൽ ആന്റണി 58 വയസ്, ജോൺസൺ 54 വയസ് എന്നിവർ. ഇവരെക്കുറിച്ച് അന്വേഷണം നടത്തി വരവെ പ്രതികൾ എറണാംകുളം സെൻട്രൽ പോലീസ് സ്റ്റേഷനിലെ ഒരു തട്ടിപ്പു കേസിൽ അറസ്റ്റിലായി എറണാംകുളം ജില്ലാ ജയിലിൽ തടവിൽ കഴിഞ്ഞ് വരുന്നതായി വിവരം ലഭിച്ചു. തുടർന്ന് പ്രതികളെ കോടതി ഉത്തരവ് പ്രകാരം കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ കേസുകളിലേക്ക് അറസ്റ്റ് ചെയ്യുകയായിരുന്നു. തുടർന്ന് കസ്റ്റഡിയിൽ വാങ്ങി ചോദ്യം ചെയ്ത് തിരികെ കോടതിയിൽ ഹാജരാക്കിയതിൽ കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷനിലെ കേസുകളിലേക്കും കൂടി റിമാന്റ് ചെയ്തു.
എറിയാട് ചൈതന്യ നഗർ സ്വദേശിനിയിൽ നിന്ന് 18.03.2021 തിയ്യതി മുതൽ 11.11.2024 തിയ്യതി വരെയുള്ള കാലയളവിൽ 12 ശതമാനം പലിശ വാഗ്ദാനം ചെയ്ത് ₹.500000/- (അഞ്ച് ലക്ഷം) രൂപയും കുറിപ്പണമായി ₹.82000/- (എൺപത്തി രണ്ടായിരം രൂപ) നിക്ഷേപമായി സ്വീകരിച്ച് ലാഭവിഹിതമോ വാങ്ങിയ പണമോ നല്കാതെ സ്ഥാപനം അടച്ച് പൂട്ടി തട്ടിപ്പ് നടത്തിയ സംഭവത്തിന് രജിസ്റ്റർ ചെയ്ത കേസിലേക്കും, എറിയാട് അത്താണി ഹെൽത്ത് സെന്റർ സ്വദേശിയിൽ നിന്ന് 17-01-2015 തിയ്യതി മുതൽ 29-01-2025 തിയ്യതി വരെയുള്ള കാലയളവിൽ പലിശ വാഗ്ദാനം ചെയ്ത് ₹.506500/- (നാല് ലക്ഷത്തി ആറായിരത്തി അഞ്ഞൂറ്) രൂപ നിക്ഷേപമായി സ്വീകരിച്ച് ലാഭവിഹിതമോ വാങ്ങിയ പണമോ നല്കാതെ തട്ടിപ്പ് നടത്തിയ സംഭവത്തിന് രജിസ്റ്റർ ചെയ്ത കേസിലേക്കുമാണ് പ്രതികളെ അറസ്റ്റ് ചെയ്തത്.
കൊടുങ്ങല്ലൂർ പോലീസ് സ്റ്റേഷൻ ഇൻസ്പെക്ടർ അരുൺ.ബി.കെ, സബ് ഇൻസ്പെക്ടർ കശ്യപൻ.ടി.എം, സീനിയർ സി പി ഒ ഗോപകുമാർ എന്നിവരാണ് അന്വേഷണ സംഘത്തിലുള്ളത്.