ദൈവീകതയിലേക്കുള്ള രൂപാന്തരീകരണമാകട്ടെ ഈസ്റ്റര്‍.

661
‘ക്രിസ്തു നമ്മുടെ പാപങ്ങള്‍ക്കുവേണ്ടി മരിക്കുകയും സംസ്‌ക്കരിക്കപ്പെടുകയും എഴുതപ്പെട്ടിരിക്കുന്നതുപോലെ മൂന്നാംനാള്‍ ഉയിര്‍പ്പിക്കപ്പെടുകയും ചെയ്തു’ (1കൊറി.15:4). ആദിമ ക്രൈസ്തവസഭയുടെ ഉത്ഥാനത്തിലുള്ള ഈ വിശ്വാസമാണ് സഭയുടെ പ്രവര്‍ത്തനമേഖലകളായ ദൈവാരാധന, പ്രബോധനം, സഭാപ്രവര്‍ത്തനങ്ങള്‍, സുവിശേഷപ്രഘോഷണം, സാമൂഹിക പ്രതിബന്ധത എന്നിവയുടെ അടിത്തറ.
ഉത്ഥാനത്തെക്കുറിച്ച് സുവിശേഷകന്മാര്‍ നല്‍കുന്ന  വിവരണങ്ങളെ മൂന്ന് തലങ്ങളിലായി കാണാവുന്നതാണ്.
ഒന്നാമത്തെ തലം: കല്ലറയിങ്കല്‍ പോയ സ്ത്രീകളുടെ അനുഭവങ്ങളും സാക്ഷ്യങ്ങളും. ഉത്ഥാനത്തിലുള്ള വിശ്വാസം സാധൂകരിക്കുന്ന ഈശോയുടെ ശൂന്യമായ കല്ലറയുമായി ബന്ധപ്പെട്ട സംഭവങ്ങളാണിവ. ഉഥാന പുലരിയില്‍ മഗ്ദലന മറിയവും മറ്റു സ്ത്രീകളും സുഗന്ധക്കൂട്ടുമായി യേശുവിന്റെ ദേഹം അഭിഷേകം ചെയ്യുന്നതിനായി വരുന്നതുതന്നെ ദൈവീക മായ ഒരു വെളിപ്പെടുത്തലിന്റെ ആവിഷ്‌കാരമായി കാണാവുന്നതാണ്. ദൂതന്‍ കല്ലറയുടെ മുന്നില്‍ നിന്ന് കല്ലുരുട്ടി മാറ്റുന്നത് ഈശോയ്ക്ക് പുറത്തു വരാനായിരുന്നില്ല. മറിച്ച്, അവര്‍ അന്വേഷിക്കുന്ന ക്രൂശിക്കപ്പെട്ട ഈശോ അവിടെയില്ല എന്ന യാഥാര്‍ത്ഥ്യം വെളിപ്പെടുത്താനാണ്. ‘ഭയപ്പെടേണ്ട, ക്രൂശിക്കപ്പെട്ട യേശുവിനെയാണ് നിങ്ങള്‍ അന്വേഷിക്കുന്നത് എന്ന് എനിക്കറിയാം. അവന്‍ ഇവിടെയില്ല. താന്‍ അരുളിച്ചെയ്തതുപോലെ അവന്‍ ഉയിര്‍പ്പിക്കപ്പെട്ടു’. ഈ സാക്ഷ്യവും ഈശോയുടെ ഉത്ഥാനത്തെക്കുറിച്ചുള്ള വിശ്വാസത്തിന് വലിയ മുതല്‍ക്കൂട്ടാണ്.
ഉത്ഥിതനായ ഈശോയുടെ പ്രത്യക്ഷപ്പെടലുകളാണ് രണ്ടാമത്തെ തലം. ഭയത്തോടും വലിയ സന്തോഷത്തോടുംകൂടെ ശിഷ്യരെ വിവരം അറിയിക്കുവാന്‍ കല്ലറയിങ്കല്‍ പോയ സ്ത്രീകള്‍ വഴിയില്‍വച്ച് യേശുവിനെ കണ്ടുമുട്ടി എന്ന് വി. മത്തായി രേഖപ്പെടുത്തുന്നു. വി. പൗലോസ് 1കൊറി.15:5-ല്‍ പറയുന്നു- ‘അവന്‍ കേപ്പായ്ക്കും പിന്നീട് പന്ത്രണ്ട് പേര്‍ക്കും പ്രത്യക്ഷനായി. അതിനുശേഷം ഒരുമിച്ച് അഞ്ഞൂറിലധികം സഹോദരര്‍ക്കും പ്രത്യക്ഷനായി. പിന്നീട് യാക്കോബിനും മറ്റെല്ലാ അപ്പസ്‌തോലര്‍ക്കും കാണപ്പെട്ടു. ഏറ്റവും ഒടുവില്‍ അകാലജാതന് എന്നതുപോലെ എനിക്കും അവിടുന്ന് പ്രത്യക്ഷനായി’. ലൂക്കായടെ സുവിശേഷത്തിില്‍ കാണുന്ന എമ്മാവൂസ് യാത്രയും യോഹന്നാന്‍ സുവിശേഷത്തില്‍ വിവരിക്കുന്ന തോമാശ്ലീഹായ്ക്കുള്ള പ്രത്യക്ഷപ്പെടലും തിബേരിയൂസ് കടല്‍ തീരത്തുള്ള ഈശോയുടെ സാന്നിധ്യവും ഈശോയുടെ ഉത്ഥാനത്തിന്റെ സ്ഥിരീകരണങ്ങളാണ്. 1കൊറി.15:14-ല്‍ ഈ ബോധ്യമാണ് അപ്പസ്‌തോലന്‍ വിവരിക്കുന്നത്. ‘ക്രിസ്തു ഉയിര്‍പ്പിക്കപ്പെട്ടിട്ടില്ലെങ്കില്‍ ഞങ്ങളുടെ പ്രസംഗം വ്യര്‍ത്ഥമാണ്, നിങ്ങളുടെ വിശ്വാസവും’.
മൂന്നാമത്തെ തലം ശിഷ്യര്‍ക്കുള്ള പ്രേഷിതദൗത്യമാണ്. ‘യുഗാന്ത്യംവരെ ഞാന്‍ നിങ്ങളോടൊപ്പമുണ്ടായിരിക്കും. എല്ലാ ജനതകളെയും ശിഷ്യപ്പെടുത്തുവിന്‍. നിങ്ങള്‍ എനിക്ക് സാക്ഷികളായിരിക്കുക’ (അപ്പ. പ്രവ..1/8).  ‘പരിശുദ്ധാത്മാവ് നിങ്ങളില്‍ വന്നു വസിക്കുമ്പോള്‍ നിങ്ങള്‍ ശക്തി പ്രാപിക്കും’ (അപ്പ. പ്രവ..1/8).  ഈ ബോധ്യമാണ് ക്രൈസ്തവജീവിതത്തില്‍ നമ്മെ നയിക്കുന്നത്.
‘സുവിശേഷത്തിന്റെ ആനന്ദം ‘ എന്ന തന്റെ ചാക്രികലേഖനത്തില്‍ ഫ്രാന്‍സിസ് മാര്‍പാപ്പ ഇങ്ങനെ പറയുന്നുണ്ട്.  ‘ ചില ക്രൈസ്തവരുടെ ജീവിതം ഉയിര്‍പ്പുതിരുനാള്‍ ഇല്ലാത്ത നോമ്പുകാലം പോലെയാണ്. ഉയിര്‍പ്പുതിരുനാള്‍ സന്തോഷത്തിന്റെ തിരുനാളാണ്. ഉതിര്‍പ്പുതിരുനാള്‍ സ്‌നേഹത്തിന്റെ തിരുനാളാണ്. ഈശോയുടെ ഉത്ഥാനത്തില്‍ നിന്ന് നമുക്ക് ഓടിയൊളിക്കാതിരിക്കാം. ഒരിക്കലും പ്രത്യാശ കൈവെടിയരുത്’. ഉത്ഥാനത്തിന്റെ സന്തോഷം അനുഭവിക്കാനാകാത്തത് സുവിശേഷത്തിന്റെ പൊരുള്‍ അനുഭവിക്കാനാകാത്തതുകൊണ്ടാണ്.
ഇന്നത്തെ ലോകത്തില്‍ ദൈവത്തെ സ്‌നേഹിക്കുന്നതിലേക്കാളേറെ ദൈവമാകുവാനാണ് ആഗ്രഹം. മനുഷ്യനെ സ്‌നേഹിക്കുന്നതിലേറെ അവനെ ഉപയോഗവസ്തുവായി കരുതാനാണ് ആഗ്രഹം. ലൗകികതയില്‍ നിന്നും ദൈവികതയിലേക്കുള്ള ഒരു രൂപാന്തരീകരണമുണ്ടാകുവാന്‍ ഈ ഉയിര്‍പ്പുതിരുനാള്‍ ഇടയാക്കട്ടെ. നമുക്ക് ഈശോയുടെ മിഴികളിലേക്ക് നോക്കി, മൊഴികളില്‍ ആശ്രയിച്ച്, അവിടുത്തെ വഴികളില്‍ ചരിക്കാം. ഉയിര്‍പ്പുതിരുനാളിന്റെ മംഗളങ്ങള്‍ എല്ലാവര്‍ക്കും ആശംസിക്കുന്നു.
Advertisement