കരുവന്നൂര്‍ ബണ്ട് റോഡില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി

48

കരുവന്നൂര്‍: മെയ് മാസത്തിലുണ്ടായ കനത്ത മഴയില്‍ ഇടിഞ്ഞ കരുവന്നൂര്‍ പുഴയിലെ ഇല്ലിക്കല്‍ റെഗുലേറ്ററിന് തെക്കുവശത്തെ ബണ്ട് റോഡില്‍ നിര്‍മ്മിക്കുന്ന താല്‍ക്കാലിക സംരക്ഷണ ഭിത്തിയുടെ നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയായി. പുഴയോട് ചേര്‍ന്ന് ഇറിഗേഷന്‍ വകുപ്പിന്റെ കീഴിലുള്ള മൂര്‍ക്കനാട് കാറളം ബണ്ട് റോഡിലെ സംരക്ഷണ ഭിത്തിയുടെ ഇടിഞ്ഞുപോയ ഭാഗമാണ് 17 ലക്ഷം രൂപ ചിലവഴിച്ച് നിര്‍മ്മാണ പ്രവര്‍ത്തികള്‍ പൂര്‍ത്തിയാക്കിയിരിക്കുന്നത്. ഇടിഞ്ഞുപോയ സ്ഥലത്തിന് പുറമെ കുറച്ചുകൂടി സ്ഥലം നീട്ടി 38 മീറ്ററോളം നീളത്തിലാണ് തെങ്ങിന്‍മുട്ടികള്‍ അടിച്ചിറക്കി ഒരു മീറ്ററോളം പുഴയില്‍ നിന്ന് ചെളി നീക്കം ചെയ്തശേഷം കരിങ്കല്ലിട്ട് പാക് ചെയ്താണ് സംരക്ഷണ ഭിത്തി നിര്‍മ്മിച്ചിരിക്കുന്നത്. മഴ കനത്തതോടെ കരിങ്കല്ല് കിട്ടാതെ നിലച്ചുപോയ നിര്‍മ്മാണ പ്രവര്‍ത്തികള്‍ കഴിഞ്ഞ ദിവസമാണ് തൃശ്ശൂര്‍ അഡീഷണല്‍ ഇറിഗേഷന്‍ ഡിവിഷന്‍ പൂര്‍ത്തിയാക്കിയത്. പ്രദേശവാസികള്‍ ആവശ്യപ്പെട്ടതനുസരിച്ച് പുതുതായി നിര്‍മ്മിച്ച സംരക്ഷണ ഭിത്തി മുതല്‍ ഇല്ലിക്കല്‍ റെഗുലേറ്റര്‍ വരെയുള്ള ഭാഗത്ത് കരിങ്കല്ലിട്ട് കോണ്‍ക്രീറ്റിങ്ങ് നടത്തുകയും ചെയ്തിട്ടുണ്ട്.മൂന്ന് തവണയാണ് ബണ്ട് റോഡ് ഓരേ സ്ഥലത്ത് ഇടിഞ്ഞത്. 2018 ലെ പ്രളയ സമയത്താണ് ഇല്ലിക്കല്‍ റെഗുലേറ്ററിന് സമിപം തെക്കേ ബണ്ട് റോഡ് ഇടിഞ്ഞത്. മൂന്ന് വര്‍ഷം ഇവിടെ യാതൊരു നിര്‍മ്മാണങ്ങളും നടത്തിയിരുന്നില്ല. 2021 മെയ് ആദ്യ വാരത്തില്‍ ഉണ്ടായ കനത്ത മഴയില്‍ അതേ സ്ഥലത്ത് റോഡ് കൂടുതല്‍ സ്ഥലത്ത് വീണ്ടും ഇടിഞ്ഞതിനെ തുടര്‍ന്ന് മുളകള്‍ കെട്ടിവെച്ച് അതിനിടയില്‍ മണല്‍ചാക്കുകള്‍ ഉപയോഗിച്ച് ഇറിഗേഷന്‍ വകുപ്പ് താല്‍ക്കാലികമായി ബണ്ട് ബലപ്പെടുത്തി. എന്നാല്‍ താല്‍ക്കാലിക സംവിധാനം ശാശ്വതമല്ലെന്ന് തെളിയിച്ച് കഴിഞ്ഞ മെയ് മാസത്തില്‍ നേരത്തെ സ്ഥാപിച്ച മുളംകുറ്റികള്‍ നോക്കുകുത്തികളാക്കി വീണ്ടും ഇടിഞ്ഞു. ഇതിനെ തുടര്‍ന്നാണ് മന്ത്രി ആര്‍. ബിന്ദു ഇടപെട്ട് 17 ലക്ഷം രൂപ അടിയന്തിരമായി അനുവദിച്ചത്.

Advertisement