കഥകളിയാശാന്റെ പുരസ്കാര ലബ്ധിയിൽ ആഹ്ലാദമറിയിക്കാൻ ശിഷ്യയുടെ സന്ദർശനം

31

ഇരിങ്ങാലക്കുട : പട്ടിക്കാം തൊടി സ്മാരകപുരസ്കാരം നേടിയ കലാനിലയം രാഘവനാശാനെ ഉന്നതവിദ്യാഭ്യാസ-സാമൂഹ്യനീതി മന്ത്രി ഡോ. ആർ ബിന്ദു ആശാന്റെ വീട്ടിലെത്തി അഭിനന്ദനമറിയിച്ചു. ആശാന്റെ മുൻകാല ശിഷ്യ കൂടിയാണ് മന്ത്രി. ഗുരുവിന് ലഭിച്ച ബഹുമതിയിലുള്ള തന്റെ അഭിമാനവും ആഹ്ലാദവും മന്ത്രി കൂടിക്കാഴ്ചയിൽ പങ്കിട്ടു. ഇരിങ്ങാലക്കുടയുടെ സാംസ്കാരികമേഖലക്ക് മാറ്റുകൂട്ടി ഒട്ടേറെ ശിഷ്യരെ കഥകളിയിലേക്ക് പ്രചോദിപ്പിച്ചാനയിച്ച ആശാൻ കേരളത്തിലെ കളിയരങ്ങിലെ സവിശേഷസാന്നിദ്ധ്യമാണെന്ന് മന്ത്രി പറഞ്ഞു. ‘ജീവിതഗന്ധിയായ തനതുശൈലിയിൽ, നൈസർഗ്ഗികമായ അഭിനയശേഷിയോടെ കഥകളിയരങ്ങിന്റെ ചൈതന്യമായി ഒരു ജീവിതകാലം മുഴുവൻ കലക്കു വേണ്ടി സമർപ്പിതചേതസ്സായി പ്രവർത്തിച്ച ഗുരുനാഥനാണ് ആശാനെന്ന് മന്ത്രി ഡോ.ആർ . ബിന്ദു പറഞ്ഞു.നളചരിതത്തിലെ ഹംസം, കാട്ടാളൻ, ലവണാസുരവധത്തിലെ ഹനുമാൻ, കുചേലവൃത്തത്തിലെ കുചേലൻ, സന്താനഗോപാലത്തിലെ ബ്രാഹ്മണൻ തുടങ്ങിയ കഥാപാത്രങ്ങൾ അനുപമമായ ശൈലിയിൽ രാഘവനാശാൻ അവതരിപ്പിക്കുമ്പോൾ, ആ കഥാപാത്രങ്ങൾ ജീവൻ വെച്ചു വരുന്നതു പോലെയാണ് തോന്നുക’ മന്ത്രി പറഞ്ഞു.

Advertisement