കൊച്ചുബാവയെ അനുസ്മരിക്കുമ്പോൾ….

54

പ്രതിഭാശാലിയായ ടി.വി കൊച്ചുബാവ :ഉണ്ണികൃഷ്ണൻ കിഴുത്താണി
നവംബർ 25 :ടി.വി കൊച്ചുബാവ :21-ാം ചരമവാർഷികം

‘രസമയരാജ്യസീമകാണ്മാൻ ഏഴാമിന്ദ്രിയ മിനിയമ്പൊടേകുമമ്മേ’ ( കാവ്യകല എന്ന കവിത ) എന്നാണ് പ്രതിഭാശാലികളിൽ പ്രതിഭാശാലിയായ മഹാകവി കുമാരനാശാൻ പ്രാർത്ഥിച്ചത്.വായനക്കാരന്റെ മനസ്സിൽ ചിരപ്രതിഷ്ഠ നേടി ,തൻറെ സൃഷ്ടികളോരോന്നും എക്കാലവും നിലനിൽക്കണമെന്ന് പ്രതിഭാ ധനരായ ഓരോ എഴുത്തുകാരനും ആഗ്രഹിക്കുന്നു,പ്രാർത്ഥിക്കുന്നു .ആത്മാവിന്റെ അടിത്തട്ടിൽ നിന്ന് പിറവിയെടുക്കുന്ന സൃഷ്ടിയുടെ ചൂടും ചൂരും ഏറ്റുവാങ്ങിയ കൃതികൾ മാത്രമേ കാലാതീതമായി നിലനിൽക്കുകയൊള്ളു .’സിദ്ധിയും സാധനയുമാണ് ‘ യഥാർത്ഥ എഴുത്തുകാരൻറെ അസംസ്‌കൃത വസ്തുക്കൾ .പ്രതിഭയാൽ അനുഗ്രഹീതരായവർക്ക് സിദ്ധിയുടെയും സാധനയുടെയും സഹായത്താൽ ഉത്തമകൃതികൾ സൃഷ്ട്ടിക്കാൻ സാധിക്കുന്നു.അസാമാന്യ പ്രതിഭ കൊണ്ട് അനുഗ്രഹീതനായിരുന്നു അകാലത്തിൽ നമ്മെ വിട്ടുപിരിഞ്ഞ ടി .വി കൊച്ചുബാവ .പ്രതികൂല ജീവിത സാഹചര്യങ്ങളെപ്പോലും അനുകൂലമാക്കി മാറ്റാനുള്ള അസാമാന്യമായ ആർജ്ജവം നന്നേ ചെറുപ്പത്തിൽ തന്നെ അദ്ദേഹം സമ്പാദിച്ചു .ജനിച്ചത് കാട്ടൂരിലാണെങ്കിലും ഇരിങ്ങാലക്കുടയുമായുള്ള അഭേദ്യമായ ബന്ധം ബാവയുടെ ജീവിതത്തിൽ വലിയ സ്വാധീനം ചെലുത്തി .സുഹൃത്തുക്കൾ അദ്ദേഹത്തിന്റെ ഏറ്റവും വലിയ സമ്പത്തായിരുന്നു .ഏറ്റവും അടുത്ത സുഹൃത്തുക്കളെല്ലാം ആ സൗഹൃദം ഓർമ്മയിൽ സുഗന്ധമായി എക്കാലവും സൂക്ഷിക്കുന്നു .ഇരിങ്ങാലക്കുടയിലെ കേരള ലിറ്റററി ഫോറം സംഘടനയിലെ സ്ഥിരം സാന്നിദ്ധ്യമായിരുന്നു അദ്ദേഹം .പ്രൊഫ മാമ്പുഴ കുമാരൻ കവി സച്ചിദാനന്ദൻ തുടങ്ങിയവർ സാഹിത്യ സംവാദങ്ങളിൽ പങ്കെടുത്ത് എഴുത്തുകാരെയും ആസ്വാദകരെയും വളർത്തിയ പാരമ്പര്യവും ഈ സംഘടനക്കുണ്ട് .
മലയാള ചെറുകഥ-നോവൽ സാഹിത്യ പ്രസ്ഥാനത്തിന് എക്കാലവും അഭിമാനിക്കാവുന്ന അപൂർവ്വം കൃതികളുടെ ഉടമ കൂടിയാണ് ഭാവ .അറിഞ്ഞതിനേക്കാൾ ആഴത്തിൽ ആവിഷ്കരിക്കുന്നതിൽ അപാരമായ പാടവം പ്രദർശിപ്പിച്ച ഈ സുഹൃത്ത് തൻറെ നിയോഗം എഴുത്ത് തന്നെ എന്ന് ചെറുപ്പത്തിൽ തന്നെ തിരിച്ചറിഞ്ഞു . വാക്കുകൾ തെരെഞ്ഞെടുക്കുന്നതിലും പ്രയോഗിക്കുന്നതിലും അതീവ ശ്രദ്ധാലുവായിരുന്നു .മാതൃകകളില്ലാത്ത ഒരു വാങ്മയലോകം പണിതുയർത്തിയിട്ടാണദ്ദേഹം ഈ ലോകത്തോട് വിട പറഞ്ഞത് .വായനയിലൂടെ വിരിയിച്ചെടുത്ത പുതിയ മേച്ചിൽപ്പുറങ്ങൾക്കൊപ്പം ഭാഷയുടെ അനന്ത സാധ്യതകളും ഭാവ തൻറെ സൃഷ്ടികളിൽ പ്രയോജനപ്പെടുത്തി .അക്കാലത്ത് അധികം പ്രചാരത്തിലല്ലാതിരുന്ന വൃദ്ധസദന സങ്കൽപങ്ങളെ യഥാർത്ഥമായി ആവിഷ്കരിച്ച ആ നോവൽ ഇന്നും ഈ രംഗത്ത് അഗ്രഗാമിയായി നിലകൊള്ളുന്നു .വിഷയ സ്വീകരണം മുതൽ ആവിഷ്കരണ രീതികളിലെ ഈ ‘ബാവടെച്ച് ‘ അനുവാചകനെ ആകർഷിച്ചു .അതുപോലെ നേരിയ മുൻപരിചയം പോലുമില്ലാത്ത ‘ബലൂൺ ‘ സിനിമക്ക് തിരക്കഥ തയ്യാറാക്കി സമ്മാനാർഹനായതും ഈ എഴുത്തുകാരന്റെ തൊപ്പിയിലെ ഒരു വ്യത്യസ്ത തൂവലായി മാറി .പറഞ്ഞതിനേക്കാളേറെ പറയാൻ ബാക്കി വെച്ച് പരലോകപ്രാപ്തനായ ഈ ഈ പ്രതിഭാ ധനൻറെ സൃഷ്ടികളോരോന്നും ഇപ്പോഴും നിരന്തരം കാലത്തിനോട് സംവദിച്ചും കലഹിച്ചും കൊണ്ടിരിക്കുന്നു .അനുഗ്രഹീതനായ എഴുത്തുകാരന് മാത്രം ലഭിക്കുന്ന ഏറ്റവും വലിയ അംഗീകാരവും ഇത് തന്നെയാണല്ലോ ….അനശ്വരനായ കൊച്ചുബാവയുടെ ഓർമ്മകൾക്ക് മുൻപിൽ ആത്മാർത്ഥ സുഹൃത്തിന്റെ അല്പം ചില വാക്കുകൾ സമർപ്പിക്കുന്നു .

ഉണ്ണികൃഷ്ണൻ കിഴുത്താണി

Advertisement