ഇരിങ്ങാലക്കുട : മുകുന്ദപുരം താലൂക്കിലെ മികച്ച ലൈബ്രറിയായി തിരഞ്ഞെടുക്കപ്പെട്ട അവിട്ടത്തൂര്‍ സ്‌പെയ്‌സ് ലൈബ്രറി വൈവിധ്യമാര്‍ന്ന പ്രവര്‍ത്തനങ്ങളിലൂടെ സാഹിത്യ സാംസ്‌കാരിക രംഗത്തെ ശ്രദ്ധാകേന്ദ്രമാകുന്നു.എല്ലാ രണ്ടാം ശനിയാഴ്ചകളിലും ലൈബ്രറി യില്‍ നടത്തുന്ന പുസ്തകചര്‍ച്ചയില്‍ പുനര്‍വായനയ്ക്ക് സാധ്യതയുള്ള മലയാളത്തിലെ സാഹിത്യ വൈജ്ഞാനിക ഗ്രന്ഥങ്ങളാണ് ഉള്‍പ്പെടുത്തുന്നത്.എല്ലാ വിഭാഗം ജനങ്ങളുടെയും പ്രാതിനിധ്യം ഈ പുസ്തക ചര്‍ച്ചയുടെ പ്രത്യേകതയാണ് . കലാസാഹിത്യ മത്സരങ്ങളും സെമിനാറുകളും സമ്മേളനങ്ങളുമായി പത്തു ദിവസം നീണ്ടു നില്‍ക്കുന്ന ലൈബ്രറിയുടെ വാര്‍ഷികാഘോഷം യഥാര്‍ത്ഥത്തില്‍ ഗ്രാമോത്സവം തന്നെയാണ്.ബാലവേദിയും ,വനിതാ വേദിയും, യുവജനവേദിയും പ്രത്യേകം പ്രത്യേകം സംഘടിപ്പിക്കുന്ന പരിപാടികളിലെ ജനപങ്കാളിത്തം എടുത്തു പറയേണ്ട താണ്.കേന്ദ്ര സര്‍ക്കാരിന്റെ രാജാറാം മോഹന്റായ് ലൈബ്രറി ഫൗണ്ടേഷന്റെ ഫണ്ട് ഉപയോഗിച്ച് എല്ലാ സജ്ജീകരണങ്ങളോടും കൂടി1300 ചതുരശ്ര അടിയുള്ള ഒരു കെട്ടിടമാണ് പണിതുയര്‍ത്തിയത്.അവിട്ടത്തൂര്‍ ഗ്രാമത്തില്‍ വായനശാല യൂടെ ആവശ്യം ബോധ്യപ്പെട്ട കെ പി രാഘവന്‍ മാസ്റ്റര്‍ മുന്‍കൈയെടുത്താണ് 1991 ല്‍ വായനശാല യ്ക്ക് തുടക്കം കുറിച്ചത്.അദ്ദേഹത്തിന്റെ കഠിന പ്രയത്‌നം ത്തിലൂടെയാണ് ലൈബ്രറി യ്ക്ക് സ്വന്തമായി സ്ഥലവും കെട്ടിടവും ഇന്നുള്ള സൗകര്യങ്ങളുമുണ്ടായത്.15000 പുസ്തകങ്ങളും,കംപ്യൂട്ടര്‍ സംവിധാനവും ആയിരത്തോളം മെമ്പര്‍മാരുമുള്ള ഈ ലൈബ്രറിയുടെ തുടക്കം മുതല്‍ ഇന്നുവരെ മാസ്റ്ററാണ് പ്രസിഡണ്ട്. അക്ഷരശ്ലോകം,കാവ്യകേളി എന്നിവ മാഷ് സൗജന്യമായി ഇവിടെ പരിശീലിപ്പിച്ചുവരുന്നു.സംസ്ഥാന കലോത്സവത്തില്‍ വര്‍ഷങ്ങളായി ഇവിടുത്തെ കുട്ടികള്‍ സമ്മാനം നേടിവരുന്നു.പി അപ്പുവാണ് വായനശാലയുടെ ഇപ്പോഴത്തെ സെക്രട്ടറി.
താലൂക്കിലെ മികച്ച ലൈബ്രറിയായി സ്‌പെയ്‌സ് ലൈബ്രറി ശ്രദ്ധാകേന്ദ്രമാകുന്നു.
Advertisement