വയലാർ കവിത -മലയാളത്തിൻറെ നിത്യവസന്തം : ഉണ്ണികൃഷ്ണൻ കിഴുത്താണി

333

വയലാർ കവിത -മലയാളത്തിൻറെ നിത്യവസന്തം : ഉണ്ണികൃഷ്ണൻ കിഴുത്താണി
ഒക്ടോബർ 27 :വയലാറിൻറെ 45 -ാ൦ ചരമവാർഷികം
“ദൈവം മനുഷ്യനെ സൃഷ്ടിച്ചു : മനുഷ്യൻ മതങ്ങളെ സൃഷ്ടിച്ചു… മണ്ണു പങ്ക് വെച്ചു :മനസ്സ് പങ്ക് വെച്ചു …” ഇത്രമാത്രം അർത്ഥ സമ്പുഷ്ടമായ കവിത എഴുതിയ കവി ഇന്നും എന്നും മനുഷ്യ മനസ്സിൽ ജീവിക്കുന്നു .മനുഷ്യനെ സൃഷ്‌ടിച്ച ദൈവത്തിന് ,അവർ ഏകോദര സഹോദരങ്ങളെപ്പോലെ ജീവിക്കണമെന്ന ചിന്ത മാത്രമേ ഉണ്ടായിരുന്നുള്ളു .’വിശ്വ ദർശന’ത്തിൽ നിന്ന് ,സ്വാർത്ഥതയുടെ, സ്വജന പക്ഷപാതത്തിൻറെ തങ്കത്തേരിലേറി ഇന്നിപ്പോൾ ‘ഞാൻ ,ഞാൻ ,ഞാൻ എന്ന ഭാവത്തിൽ എത്തി നിൽക്കുകയാണ് മനുഷ്യ വംശം .ഈ സന്ദർഭത്തിലാണ് വയലാറിനെപ്പോലുള്ള അനശ്വരകവികളുടെ ദീർഘ ദർശനങ്ങൾ നാം അടുത്തറിയേണ്ടത് .
കവി എന്നതിലുപരി അനീതികളെ ചെറുത്തു തോൽപിക്കണമെന്നാഹ്വാനം നൽകിയ കരുത്തനായ വിപ്ലവകാരി ,മനോഹരങ്ങളായ സിനിമാ ഗാനശില്പി എന്നീ വ്യത്യസ്‍ത നിലകളിലാണ് വയലാറിൻറെ സ്ഥാനം .കല മനുഷ്യൻറെ സാമൂഹികവും ,സാംസ്കാരികവുമായ ഉന്നമനത്തിന് പ്രയോജനപ്പെടുത്തണമെന്ന് അദ്ധേഹത്തിന്റെ രചനകളോരോന്നും സാക്ഷ്യപ്പെടുത്തുന്നു . ഉച്ചനീചത്വങ്ങൾക്കെതിരെ പടപൊരുതിയ മഹാകവി കുമാരനാശാനെപ്പോലെ വയലാറും തൂലിക പടവാളാക്കി .മനുഷ്യ നന്മ മാത്രമേ ശാശ്വതമായി നിലനിൽക്കുകയൊള്ളു എന്ന് ഉറക്കെ പ്രഖ്യാപിക്കുന്ന രചനകളോരോന്നും സുദീർഘമായ പഠനങ്ങൾ അർഹിക്കുന്നവ കൂടിയാണ് .
‘സിനിമാ ഗാനങ്ങൾ കവിതയുടെ മാറ്റ് കുറക്കുന്നു ‘ എന്ന അഭിപ്രായത്തെ മാറ്റി മറിക്കുന്നവയാണ് വയലാറിൻറെ ഗാനങ്ങളോരോന്നും .താള നിബഠമായ മനോഹരമായ പദാവലികളിലൂടെ മനസ്സിനെ കീഴടക്കുന്ന നിരവധി ഉദാഹരണങ്ങൾ വയലാറിൻറെ വരികളിൽ വന്ന് നിറയുന്നത് അനുവാചകർ അത്ഭുതത്തോടെ അനുഭവിച്ചറിയുന്നു .ശംഖുപുഷ്പം കണ്ണെഴുതുമ്പോൾ ശകുന്തളയെ ഓർമ്മ വരുന്നതും മറ്റും ചലച്ചിത്ര ഗാനങ്ങളെ ചലനാത്മകമാക്കുന്നതിൽ പ്രധാന പങ്ക് വഹിച്ചിട്ടുണ്ട് .
സാധാരണയായി ,വിപ്ലവ കവികൾ ദാർശനിക ചിന്താധാരകളെ അത്രയധികം വിലമതിക്കാറില്ല .പക്ഷെ വയലാർ എന്ന ഉല്പതിഷ്‌ണം ഉല്പത്തി വികാസ പരിണാമങ്ങൾ തേടി വേദേതിഹാസപുരാണങ്ങളിലൂടെ ഊളയിട്ട് വില തീരാത്ത നിരവധി മണിമുത്തുകൾ മുങ്ങിയെടുത്ത് മലയാള കവിതാ ഗാനശാഖയെ ധന്യമാക്കി .പ്രളയ പയോധിയിൽ ഉറങ്ങിയുണരുന്ന പ്രധാമയൂഖമായി കാലത്തെ കാണുന്ന കവി ശാസ്ത്രീയ വീക്ഷണത്തിലൂടെ ദാർശനിക ഭാവത്തെ തട്ടിയുണർത്തുന്നു .മാത്രമല്ല കാലത്തിൻറെ കരുത്തിന് മുൻപിൽ മനുഷ്യവംശം നിസ്സാരമാണെന്ന അർത്ഥവത്തായ അക്ഷരങ്ങളിലൂടെ കവി സാക്ഷാത്കരിക്കുന്നു .മാനസ പത്മതീർത്ഥത്തെ ഉണർത്തുന്നതും ,അഗ്നിരഥത്തിലുദിക്കുന്ന ഉഷസ്സിന് അർഘ്യം നൽകുന്നതും ചിത്രകാരന്റെ കരവിരുതോടെ വരച്ചു കാണിക്കുന്നു .കൽത്തുറുങ്കിലടച്ചാലും ചിന്താധാരകളെ കീഴടക്കാനാകില്ലെന്ന് വ്യക്തമാക്കുന്ന വയലാറിനും ,കവിതയ്ക്കും ഒരിക്കലും മരണമില്ല .കൊതിതീരും വരെ ജീവിച്ചു മരിക്കണമെന്നാഗ്രഹിച്ച കവി മാനവികതയുടെ ശക്തനായ വക്താവ് കൂടിയാണ് .

എഴുത്തുകാരൻ : ഉണ്ണികൃഷ്ണൻ കിഴുത്താണി

Advertisement