സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണം.

57

ഇരിങ്ങാലക്കുട: സ്ത്രീകൾക്കെതിരെ വർദ്ധിച്ചു വരുന്ന സൈബർ കുറ്റകൃത്യങ്ങളെ സമൂഹം ഒറ്റക്കെട്ടായി നേരിടണമെന്നും അത് തടയാൻ പര്യാപ്തമായ നിയമനിർമ്മാണം നടത്തണമെന്നും പുരോഗമന കലാ സാഹിത്യ സംഘം ഇരിങ്ങാലക്കുട ടൗൺ യൂണിറ്റ് യോഗം ആവശ്യപ്പെട്ടു.ഒരു പരിഷ്കൃത ജനാധിപത്യ സമൂഹത്തിൻ്റെ അനിവാര്യതയാണ് ആ സമൂഹത്തിലെ സ്ത്രീകളുടെ അന്തസ്സും അഭിമാനവും സംരക്ഷിക്കുകയെന്നത്.ഇന്ത്യൻ ഭരണഘടനയുടെ ആമുഖത്തിൽ തന്നെ സ്ത്രീസമത്വത്തിൻ്റെ ആവശ്യകത എടുത്ത് കാണിക്കുന്നുണ്ട്. ചൂഷണത്തിൽ നിന്നും മോചിതരായി ശാക്തീകരണാവകാശങ്ങൾ നേടിയെടുക്കാൻ സ്ത്രീകൾക്ക് സാധിക്കണം. എന്നാൽ ഇന്ന് നാം ഉപയോഗപ്പെടുത്തുന്ന നൂതന സാങ്കേതിക വിദ്യകൾ സ്ത്രീകളേയും കുട്ടികളേയും ചൂഷണം ചെയ്യുന്നതിനായി ദുരുപയോഗം ചെയ്യപ്പെടുന്നു എന്നത് ഖേദകരവും പ്രതിഷേധാർഹവുമാണ്. ഇത്തരം വർദ്ധിച്ചു വരുന്ന കുറ്റകൃത്യങ്ങൾ നേരിടാൻ നിലവിലുള്ള നിയമങ്ങൾ അപര്യാപ്തമാണ്. സ്ത്രീകളുടെ സ്വകാര്യത ലംഘിക്കുന്ന അക്രമങ്ങൾക്കെതിരെ സൈബർ സെല്ലുകളിൽ ലഭിക്കുന്ന പരാതികൾ പലപ്പോഴും നിയമ പഴുതുമൂലം കുറ്റവിചാരണയിലേക്ക് നീങ്ങിപ്പോകാറില്ല. രജിസ്റ്റർ ചെയ്യുന്ന കേസുകൾ ഗൗരവത്തോടെ അന്വേഷിച്ച് നടപടിയെടുക്കണം.നിലവിലുള്ള സൈബർ നിയമങ്ങളിൽ കാലാനുസൃതമായ മാറ്റങ്ങൾ വരുത്തികൊണ്ട് സ്ത്രീകൾക്കെതിരെയുള്ള അതിക്രമങ്ങളും അപകീർത്തി പ്രചരണങ്ങളും നടത്തുന്നത് തടയാൻ കർശനമായ നിയമ നിർമ്മാണം നടത്തണമെന്നും യോഗം ആവശ്യപ്പെട്ടു.

Advertisement