ഭക്തജനപ്രക്ഷോഭങ്ങളിലൂടെ അന്യാധീനപ്പെട്ട ദേവസ്വം ഭൂമികള്‍ തിരിച്ചുപിടിക്കും. കെ.പി.ശശികലടീച്ചര്‍

227

ഇരിങ്ങാലക്കുട : നഷ്ടപ്പെട്ട ദേവസ്വം ഭൂമികള്‍ ഭക്തജനങ്ങള്‍ അണിനിരന്ന് തിരിച്ചുപിടിക്കുമെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന അദ്ധ്യക്ഷ ശശികലടീച്ചര്‍ പറഞ്ഞു. ശ്രീ കൂടല്‍മാണിക്യം കച്ചേരിവളപ്പ് ദിനത്തിന്റെ ഭാഗമായി സംഘടിപ്പിച്ച ഹിന്ദു സ്വാഭിമാന്‍ സമ്മേളനത്തില്‍ മുഖ്യപ്രഭാഷണം നടത്തുകയായിരുന്നു ടീച്ചര്‍. ആയിരകണക്കിന് ഏക്കര്‍ ദേവസ്വം ഭൂമി ഇനിയും കൈയ്യേറ്റക്കാരുടെ കൈവശമാണെന്നും അത് ഇപ്പോഴും നിര്‍ബാധം തുടരുകയാണെന്നും പാഞ്ചാലിമേടിനെ ഓര്‍മ്മിപ്പിച്ചുകൊണ്ട് ടീച്ചര്‍ പറഞ്ഞു. സര്‍ക്കാരും ദേവസ്വം ബോര്‍ഡും കൈയ്യേറ്റക്കാര്‍ക്കൊപ്പമാണെന്നും അവര്‍ പറഞ്ഞു. ശബരിമല പ്രശ്നത്തില്‍ 52000 കേസുകളാണ് ഭക്തജനങ്ങള്‍ക്കെതിരെ എടുത്തത്. 3000 പേരെ റിമാന്റ് ചെയ്തു. ശബരിമലയുടെ ആചാരസംരക്ഷണത്തിനുവേണ്ടി കാട്ടിയ വീറും വാശിയും ഹൈന്ദവകൂട്ടായ്മയും ഹിന്ദുവിരുദ്ധശക്തികള്‍ക്ക് താക്കിതാണെന്നും ടീച്ചര്‍ പറഞ്ഞു. രാഷ്ട്രീയക്കാരുടെ കരാളഹസ്തങ്ങളില്‍ നിന്ന് ദേവസ്വത്തെ മോചിപ്പിക്കാതെ ക്ഷേത്രങ്ങള്‍ക്ക് രക്ഷയില്ല. അതിന് ഭക്തജനങ്ങള്‍ തന്നെ സ്വയം മുന്നോട്ടിറങ്ങും. ശബരിമലയില്‍കണ്ടത് അതാണെന്നും ടീച്ചര്‍ പറഞ്ഞു. അവര്‍ വിളിച്ച ശരണമന്ത്രങ്ങള്‍ക്കും കണ്ണീരിന്റയും ഫലം കണ്ടുതുടങ്ങിയതാണ് ഇപ്പോള്‍ സിപിഎം അനുഭവിച്ചുകൊണ്ടിരിക്കുന്നത്. കൂടല്‍മാണിക്യം കച്ചേരിവളപ്പ് സമരം കേരളത്തിനാകെ മാതൃകയും സൂചനയുമാണെന്ന് ടീച്ചര്‍ പറഞ്ഞു. കേരളത്തിലെ ഒരു സെന്റ് ക്ഷേത്രഭൂമിയും ഇനി നഷ്ടപ്പെടാന്‍ അനുവദിക്കില്ല. പഞ്ചാലിമേട്ടില്‍ കുരിശ് നാട്ടിയവരെകൊണ്ടുതന്നെ ഊരിക്കുമെന്നും ടീച്ചര്‍ പറഞ്ഞു. അതിനായി എല്ലാവിധ ജനകീയ പ്രക്ഷോഭമുറകളും നടത്തുമെന്നും ടീച്ചര്‍ പറഞ്ഞു. എസ്എന്‍ഡിപി മുകുന്ദപുരം താലൂക്ക് യൂണിയന്‍ പ്രസിഡണ്ട് സന്തോഷ് ചെറാക്കുളം അദ്ധ്യക്ഷത വഹിച്ചു. സമ്മേളനം ജില്ല രക്ഷാധികാരി കളരിക്കല്‍ രവീന്ദ്രനാഥ് ഭദ്രദീപം തെളിയിച്ചു. കൗണ്‍സിലര്‍ സന്തോഷ്ബോബന്‍ ആമുഖഭാഷണം നടത്തി. കച്ചേരിവളപ്പ് സമരഭടന്മാരെ കെ.പി.ഹരിദാസ് ഫലകം നല്കി ആദരിച്ചു. കൂടല്‍മാണിക്യം ക്ഷേത്രഭൂമിയില്‍ സ്ഥിതിചെയ്യുന്ന ജയില്‍, സിഐഓഫിസ് എന്നിവയെ മോചിപ്പിച്ച് ഭൂമി തിരിച്ചുപിടിക്കാനുള്ള രണ്ടാംഘട്ട സമരത്തിന് ആരംഭം കുറിക്കുന്നതായി കെ.പി.ഹരിദാസ് പ്രഖ്യാപിച്ചു. താലൂക്ക് സെക്രട്ടറി എം.മധുസൂദനന്‍, ജ്യോതീന്ദ്രനാഥ്, ഉണ്ണികൃഷ്ണന്‍മാസ്റ്റര്‍, കെ.പിഎംഎസ് ഏരിയ സെക്രട്ടറി ശിവന്‍ എന്നിവര്‍ സംസാരിച്ചു.

 

 

Advertisement