ഇരിങ്ങാലക്കുട : ടി.ഡി.രാമകൃഷ്ണന്‍ എഴുതിയ സുഗന്ധി എന്ന ആണ്ടാള്‍ ദേവനായകി എന്ന നോവല്‍ ഭൂത-ഭാവി-വര്‍ത്തമാന കാലങ്ങളെ മിത്തുമായി കൂട്ടിയിണക്കി തികച്ചും വ്യത്യസ്തമായ വായനാനുഭവം പകരുന്ന കൃതിയാണെന്ന് ശ്രീ.ഒ.എ.സതീശന്‍ അഭിപ്രായപ്പെട്ടു. തമിഴ് ഈഴ പ്രസ്ഥാനങ്ങളുടേയും, ശ്രീലങ്കന്‍ ഭരണകൂടത്തിന്റേയും, മനുഷ്യാവകാശ ധ്വംസനങ്ങളുടേയും, സ്ത്രീ വിരുദ്ധതയുടേയും, ഫാസിസത്തിന്റേയും മുഖംമൂടികള്‍ വായനക്കാരുടെ മുന്നില്‍ അഴിച്ചുലക്കുകയാണ് നോവലിസ്റ്റ് ചെയ്തിരിക്കുന്നത്. ചുറ്റുപാടുകളോടുള്ള തന്റെ കലഹങ്ങളും പ്രതിഷേധങ്ങളുമാണ് എഴുത്തിലൂടെ താന്‍ തുറന്നു കാണിക്കുന്നതെന്ന് നോവലിസ്റ്റ് ടി.ഡി.രാമകൃഷ്ണന്‍ വായനക്കാരുടെ ചോദ്യങ്ങള്‍ക്ക് മറുപടിയായി പറഞ്ഞു. ഇരിങ്ങാലക്കുട എസ് എന്‍ പബ്ലിക് ലൈബ്രറി നടത്തിവരുന്ന നോവല്‍ സാഹിത്യയാത്രയില്‍ പതിനേഴാമത് നോവല്‍ അവതരണം നടത്തുകയായിരുന്നു ഒ.വിസതീശന്‍.രാജലക്ഷ്മി കുറുവത്ത് അദ്ധ്യക്ഷത വഹിച്ച ചടങ്ങില്‍ പി.കെ.ഭരതന്‍, സി.സുരേന്ദ്രന്‍, കെ.ഹരി, കേശവ്.ജി.കൈമള്‍, ജോസ് മഞ്ഞില, ഉണ്ണികൃഷ്ണന്‍ കിഴുത്താണി, മായ.കെ എന്നിവര്‍ സംസാരിച്ചു.