ആളൂർ : ആളൂർ ഗ്രാമപഞ്ചായത്തും ആളൂർ പോലീസും സംയുക്തമായി സംഘടിപ്പിക്കുന്ന ‘ഓപ്പറേഷൻ തൂഫാൻ 2.0’ പദ്ധതിക്ക് വർണ്ണാഭമായ തുടക്കം. ആളൂർ ട്രയാങ്കിളിൽ രാവിലെ 10 മണിക്ക് ആർ.എം. ഹൈസ്കൂളിലെ വിദ്യാർത്ഥികൾ അവതരിപ്പിച്ച ഫ്ലാഷ് മോബോടെയാണ് പരിപാടികൾക്ക് തുടക്കമായത്.
തുടർന്ന് ആളൂർ ട്രയാങ്കിളിൽ നിന്ന് പഞ്ചായത്ത് ഓഫീസിലേക്ക് നടത്തിയ ബഹുജന റാലിയിൽ ജനപ്രതിനിധികൾ, പഞ്ചായത്ത് ഉദ്യോഗസ്ഥർ, ആശാ പ്രവർത്തകർ, ഹരിതകർമ്മസേനാംഗങ്ങൾ, കുടുംബശ്രീ അംഗങ്ങൾ, തൊഴിലുറപ്പ് തൊഴിലാളികൾ, ആളൂർ ആർ.എം. ഹൈസ്കൂളിലെയും മാള മോഡൽ പോളിടെക്നിക്കിലെയും വിദ്യാർത്ഥികൾ, ബഹുജനങ്ങൾ എന്നിങ്ങനെ സമൂഹത്തിന്റെ വിവിധ മേഖലകളിൽ നിന്നുള്ള നിരവധിയാളുകൾ അണിനിരന്നു.
പഞ്ചായത്ത് ഓഫീസിന് മുൻപിൽ ആളൂർ ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസിലി ഫ്രാൻസിസ് തൂഫാൻ പതാക ഉയർത്തി. തുടർന്ന് പഞ്ചായത്ത് ഹാളിൽ നടന്ന ഔദ്യോഗിക ചടങ്ങിൽ വൈസ് പ്രസിഡന്റ് ശ്രീ. പി. സി. ഷണ്മുഖൻ അധ്യക്ഷത വഹിച്ചു. ഗ്രാമപഞ്ചായത്ത് പ്രസിഡന്റ് ശ്രീമതി റോസിലി ഫ്രാൻസിസ് ‘തൂഫാൻ വാരിയർ’ പ്രഖ്യാപനവും തൂഫാൻ പ്രതിജ്ഞ ചൊല്ലിക്കൊടുക്കലും നിർവ്വഹിച്ചു.
ചടങ്ങിൽ സ്റ്റാൻഡിങ് കമ്മിറ്റി ചെയർപേഴ്സൺ ശ്രീമതി ഹെലൻ ചാക്കോ, ചെയർമാൻ ശ്രീ. ബാബു ടി. ഐ., വാർഡ് മെമ്പർ ശ്രീ. എം. സി. ഷാജു, ആർ.എം. ഹൈസ്കൂൾ പ്രിൻസിപ്പാൾ ലൈസൻ മാസ്റ്റർ തുടങ്ങിയവർ സംസാരിച്ചു.
ആളൂർ പോലീസ് സബ് ഇൻസ്പെക്ടർ ശ്രീമതി ശ്രീലക്ഷ്മി അവർകൾ തൂഫാൻ ബാഡ്ജ് വിതരണവും തുടർന്ന് തൂഫാൻ സന്ദേശ ബോധവൽക്കരണ ക്ലാസും നയിച്ചു. സമ്മേളന വേദിയിൽ സംസ്ഥാനതല ഉദ്ഘാടനത്തിന്റെ തത്സമയ ലൈവ് വീഡിയോ പ്രദർശനവും ഒരുക്കിയിരുന്നു.




