ഇരിങ്ങാലക്കുട സെൻ്റ് ജോസഫ് കോളേജിൽ മലയാള വിഭാഗത്തിൻ്റെ ആഭിമുഖ്യത്തിൽ മലയാള ദിനാഘോഷം സംഘടിപ്പിച്ചു. നവമലയാള എഴുത്തുകാരനും ഡോക്യൂമെൻ്ററി സംവിധായകനുമായ ഡോ. സച്ചിൻ ദേവ് ഉദ്ഘാടനം നിർവ്വഹിച്ചു. തുടർന്ന് ‘ഭാഷയും നവമാധ്യമങ്ങളും ഡി കൊളോണിയൽ സമീപനങ്ങളും’ എന്ന വിഷയത്തിൽ പ്രബന്ധം അവതരിപ്പിച്ചു.ഒന്നാം വർഷ മലയാള വിദ്യാർത്ഥിയായ അഞ്ജന ബൈജു തയ്യാറാക്കിയ മലയാള ലിപി കലണ്ടർ പ്രകാശനം ചെയ്തു. മലയാള ദിനാഘോഷത്തോടനുബന്ധിച്ച് കോളേജ് ലൈബ്രററിയും ഗ്രീൻബുക്സും ചേർന്ന് പുസ്തകമേള സംഘടിപ്പിച്ചു. മലയാള വകുപ്പ് അദ്ധ്യക്ഷ ഡോ. ജെൻസി. കെ.എ. സ്വാഗതവും, കോളേജ് വൈസ് പ്രിൻസിപ്പാൾ സിസ്റ്റർ. ഫ്ലവററ്റ് അദ്ധ്യക്ഷ പ്രസംഗവും, തുടി മലയാളം ട്രഷറർ കൃഷ്ണപ്രിയ നന്ദി പ്രകാശനവും നിർവ്വഹിച്ചു.




