ഇരിങ്ങാലക്കുട
സെന്റ്.ജോസഫ്സ്(ഓട്ടോണമസ് )കോളേജ് മലയാള സമാജം തുടി മലയാളവേദിയുടെ ഔദ്യോഗിക ഉദ്ഘാടനം നടന്നു
സെന്റ്.ജോസഫ്സ്(ഓട്ടോണമസ് )കോളേജ് മലയാള സമാജം തുടി മലയാളവേദിയുടെ 2025-26 അധ്യയന വർഷത്തിലെ പ്രവർത്തനോദ്ഘാടനം പ്രശസ്ത ചലച്ചിത്ര സഹസംവിധായകൻ ഐ.ഡി. രഞ്ജിത് നിർവഹിച്ചു. സമൂഹത്തെ മുന്നോട്ടു നയിക്കുന്നതിൽ സർഗാത്മകതയ്ക്കും സാഹിത്യത്തിനുമുള്ള പങ്കിനെ മുൻനിർത്തി വിദ്യാർത്ഥികളോട് സംസാരിച്ച അദ്ദേഹം പ്രപഞ്ചം കണികകളാലല്ല മറിച്ച് സർഗാത്മക സൃഷ്ടികളാലാണ് നിർമ്മിക്കപ്പെട്ടിരിക്കുന്നതെന്ന് അഭിപ്രായപ്പെട്ടു. പരിപാടിയ്ക്ക് വകുപ്പ് അധ്യക്ഷ ഡോ.ജെൻസി കെ.എ.സ്വാഗതം ആശംസിച്ചു. വൈസ് പ്രിൻസിപ്പാൾ ഡോ.സിസ്റ്റർ ഫ്ലവററ്റ് പരിപാടിയുടെ അധ്യക്ഷത അലങ്കരിച്ചു. ഓഫീസ് സൂപ്രണ്ട് ജ്യോതി എ.ജെ പരിപാടിയ്ക്ക് ആശംസകൾ അറിയിച്ചുകൊണ്ട് സംസാരിച്ചു. തുടി മലയാളവേദി പ്രസിഡന്റ് അരുണിമ നന്ദി പ്രകാശിപ്പിച്ചു. 2025 -26 അധ്യയനവർഷത്തെ തുടി മലയാളവേദി പുതിയ ഭാരവാഹികളുടെ സ്ഥാനാരോഹണം ഉദ്ഘാടനവേദിയിൽ വച്ച് നിർവഹിക്കപ്പെട്ടു. ഒന്നാംവർഷ പി ജി വിദ്യാർഥിനികളായ ആദ്യലക്ഷ്മി സി.ജെ പ്രസിഡന്റായും സൂര്യ കൃഷ്ണ ഒ.ടി. സെക്രട്ടറിയായും കൃഷ്ണപ്രിയ പി.വി. ഖജാൻജിയായും തിരഞ്ഞെടുക്കപ്പെട്ടു. ഉദ്ഘാടന പരിപാടിയുമായി ബന്ധപ്പെട്ട് പി ജി വിദ്യാർത്ഥികൾ ‘ആശാന്റെ നായികമാർ’ എന്ന പേരിൽ രംഗാവിഷ്കാരം നടത്തി. തുടി മലയാള വേദിയുടെ ആഭിമുഖ്യത്തിൽ നടന്ന വിവിധ പരിപാടികളിൽ സമ്മാനാർഹരായ വിദ്യാർഥികളെ ചടങ്ങിൽ അനുമോദിച്ചു.