ഉന്നത വിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രി ഡോ ആർ ബിന്ദു ഇരിങ്ങാലക്കുട നിയോജകമണ്ഡലത്തിൽ നടപ്പിലാക്കുന്ന ലഹരി വിരുദ്ധ പരിപാടിയായ മധുരം ജീവിതത്തിന്റെ ഭാഗമായി സംഘടിപ്പിക്കപ്പെടുന്ന നാടൻപാട്ട് മത്സരത്തിലേക്ക് അപേക്ഷകൾ ക്ഷണിക്കുന്നു. മണ്ഡലത്തിൽ സംഘടിപ്പിക്കപ്പെടുന്ന വർണ്ണക്കുട സാംസ്കാരിക ഉത്സവത്തിന്റെ കൂടി ഭാഗമായാണ് ഇത്തവണ ലഹരി വിരുദ്ധ ഓണാഘോഷ പരിപാടികൾ സംഘടിപ്പിക്കപ്പെടുന്നത്. ഇതിന്റെ ഭാഗമായി നടക്കുന്ന വിവിധ പരിപാടികളോടൊപ്പം സെപ്റ്റംബർ 2 ന് ഇരിങ്ങാലക്കുട ടൗൺ ഹാളിലാണ് നാടൻപാട്ട് മത്സരം അരങ്ങേറുക. 7 പേരിൽ കുറയാത്ത അംഗങ്ങളുള്ള ടീമുകൾക്ക് മത്സരത്തിന് അപേക്ഷിക്കാം. സബ്ബ് ജൂനിയർ , ജൂനിയർ , സീനിയർ വിഭാഗങ്ങളിലായാണ് മത്സരം സംഘടിപ്പിക്കുന്നത്. മത്സരത്തിൽ വിദ്യാഭ്യാസസ്ഥാപനങ്ങൾ , ക്ലബ്ബുകൾ, നാടൻപാട്ട് സംഘങ്ങൾ, കുടുംബശ്രീ സംഘങ്ങൾ, പഞ്ചായത്ത്- മുനിസിപ്പൽ തല ടീമുകൾ തുടങ്ങിയവർക്ക് പങ്കെടുക്കാം. മത്സരത്തിൽ പങ്കെടുക്കാൻ ആഗ്രഹിക്കുന്നവർ madhuramjeevitham@gmail.com എന്ന ഇമെയിൽ വിലാസത്തിലക്ക് പേരും അഡ്രസ്സും ഫോൺ നമ്പറും ഇമെയിൽ ചെയ്യുകയോ ഇരിങ്ങാലക്കുട കെഎസ്ആർടിസി ബസ്റ്റാന്റിന് സമീപമുള്ള ബഹു. ഉന്നതവിദ്യാഭ്യാസ സാമൂഹ്യനീതി വകുപ്പ് മന്ത്രിയുടെ ഓഫീസിൽ നേരിട്ട് എത്തിയോ അപേക്ഷകൾ നൽകാവുന്നതാണ്. കൂടുതൽ വിവരങ്ങൾക്ക് 9446572468 എന്ന നമ്പറിൽ ബന്ധപ്പെടാവുന്നതാണ്.
