കേരള സംസ്ഥാന കൃഷിവകുപ്പ് ഏർപ്പെടുത്തിയിരിക്കുന്ന കർഷക പുരസ്കാരം ഇരിങ്ങാലക്കുട ക്രൈസ്റ്റ് കോളേജിന്. കൃഷി പ്രോത്സാഹിപ്പിക്കുകയും കാർഷിക അവബോധം വളർത്തുകയും ചെയ്യുന്ന സ്ഥാപനങ്ങളുടെ വിഭാഗത്തിലാണ് ക്രൈസ്റ്റ് കോളേജ് പുരസ്കാരത്തിന് അർഹമായത്. ശാസ്ത്രീയ കൃഷി രീതികൾ അവലംബിച്ച് ക്രൈസ്റ്റ് കോളേജിൽ തുടങ്ങിയ ‘ക്രൈസ്റ്റ് അഗ്രോ ഫാം’ ശ്രദ്ധേയമായിരുന്നു. പ്രകൃതി സംരക്ഷണത്തിന് പ്രാധാന്യം നൽകിക്കൊണ്ടും ജൈവകൃഷി രീതികളും മണ്ണ് സംരക്ഷണം, ജലസംരക്ഷണം മുതലായവയ്ക്ക് ഊന്നൽ കൊടുത്തുകൊണ്ടുള്ളതുമായ കൃഷിരീതികൾ അവലംബിച്ചാണ് ക്രൈസ്റ്റ് അഗ്രോ ഫാം പ്രവർത്തിക്കുന്നത്. ഏകദേശം അഞ്ചേക്കറോളം സ്ഥലത്ത് വ്യാപിച്ചുകിടക്കുന്ന ക്രൈസ്റ്റ് അഗ്രോ ഫാമിൽ പച്ചക്കറി കൃഷി, മത്സ്യ കൃഷി, കൂൺ കൃഷി, ഔഷധസസ്യ തോട്ടം, കരിമ്പു കൃഷി, മഞ്ഞൾ കൃഷി, ഇഞ്ചി കൃഷി, 68 ഓളം ഫലവൃക്ഷങ്ങൾ അടങ്ങിയ തോട്ടം എന്നിവ ഉൾപ്പെടുന്നു. കൂടാതെ വിവിധയിനം പശുക്കൾ, ആടുകൾ, കോഴി, താറാവ്, മുയൽ, അലങ്കാര മത്സ്യങ്ങൾ എന്നിവയും ക്രൈസ്റ്റ് അഗ്രോ ഫാമിലുണ്ട്. കാർഷിക രംഗത്ത് നൂതന ഗവേഷണങ്ങൾക്ക് സഹായകരമായ ഇന്നൊവേഷൻ സെൻ്ററും ഇതിനോടനുബന്ധിച്ച് പ്രവർത്തിക്കുന്നു. സൗജന്യ കൃഷി പരിശീലനവും മൃഗപരിപാലന പരിശീലനവും പൊതുജനങ്ങൾക്കായി നൽകുന്നുണ്ട്. സ്കൂൾ കുട്ടികൾക്കായുള്ള ‘കൃഷിപാഠം’ പദ്ധതിയും ഇതിനോടനുബന്ധിച്ച് നടത്തുന്നു. ക്രൈസ്റ്റ് കോളേജ് ബർസാർ ഫാ. ഡോ. വിൻസെൻ്റ് നീലങ്കാവിൽ, അധ്യാപകനായ ഡോ. സുബിൻ കെ. ജോസ് എന്നിവരുടെ നേതൃത്വത്തിലാണ്
അഗ്രോഫാം പ്രവർത്തിക്കുന്നത്. മാറുന്ന കാർഷിക സംസ്കാരത്തിൽ ശാസ്ത്രീയ രീതികൾ അവലംബിച്ച് കാർഷിക രംഗത്തെ പ്രോത്സാഹിപ്പിച്ചതിന് കിട്ടിയ അംഗീകാരമാണ് ഈ അവാർഡ് എന്ന് പ്രിൻസിപ്പാൾ ഫാ. ഡോ. ജോളി ആൻഡ്രൂസ് അഭിപ്രായപ്പെട്ടു.