ഇരിങ്ങാലക്കുട ഐടിയു ബാങ്കിന് മുന്നിൽ നിക്ഷേപത്തുക ലഭിക്കണമെന്ന് ആവശ്യപ്പെട്ട് പ്ലാക്കാർഡുമായി ഇരിക്കുന്ന വയോധിക ദമ്പതികളുടെ മക്കൾ. ഈസ്റ്റ് കോമ്പാറ തേക്കാനത്ത് വീട്ടിൽ 79 വയസ്സുള്ള ഡേവിസും ഭാര്യയുമാണ് ബാങ്കിൽ നിക്ഷേപിച്ച പണം ഉടൻ തിരിച്ച് നൽകണമെന്നും ആവശ്യപ്പെട്ടാണ് സമരം. രണ്ട് അറ്റാക്കും സ്ട്രോക്കും നേരിട്ടുള്ള പിതാവിന് നാല് ബ്ലോക്കുകൾ ഉണ്ട്. ചാലക്കുടിയിലെ സ്വകാര്യ ആശുപത്രിയിലാണ് ചികിൽസ നടത്തുന്നത്. അടിയന്തരമായി പേസ് മേക്കർ വയ്ക്കേണ്ടതുണ്ട്. ഇതിനുള്ള പണമാണ് തങ്ങൾ ചോദിക്കുന്നത്. ബാങ്ക് ആർബിഐ യുടെ നിയന്ത്രണത്തിൽ വന്ന അന്ന് തന്നെ ഇതിനുള്ള അപേക്ഷ നൽകിയതാണ്. പിന്നീട് ഡോക്ടറുടെ റിപ്പോർട്ടും നൽകി. വിശദമായ റിപ്പോർട്ടും സഹിതം എത്തിയിട്ടും ആർബിഐ യിൽ നിന്നുള്ള മറുപടി ലഭിച്ചിട്ടില്ലെന്ന മറുപടിയാണ് ബാങ്ക് അധികൃതർ പറയുന്നതെന്ന് മാതാപിതാക്കളോടൊപ്പം എത്തിയിട്ടുള്ള മക്കൾ പറഞ്ഞു.
പത്ത് ലക്ഷത്തിൽ അധികം തുകയാണ് ഇവർക്ക് ബാങ്കിൽ നിക്ഷേപമായിട്ടുള്ളത്. അതേ സമയം ചികിൽസക്കുള്ള ഇവരുടെ അപേക്ഷ നേരത്തെ തന്നെ ആർബിഐ അധികൃതർക്ക് നൽകിയിട്ടുണ്ടെന്നും നടപടികൾ സ്വീകരിച്ച് വരുന്നുണ്ടെന്നുമുള്ള മറുപടിയാണ് ലഭിച്ചിട്ടുള്ളതെന്നും രണ്ട് ദിവസത്തിനുള്ളിൽ പണം ലഭിക്കുമെന്ന പ്രതീക്ഷയാണ് ഉള്ളതെന്നും ബാങ്ക് അധികൃതർ അറിയിച്ചു.