ഇരിങ്ങാലക്കുടയുടെ സ്വപ്നപദ്ധതിയായ ഠാണ – ചന്തക്കുന്ന് വികസനവുമായി ബന്ധപ്പെട്ട് 41. 86 കോടി രൂപ ചിലവഴിച്ച് വികസനത്തിന് ആവശ്യമായ ഭൂമി പൂർണ്ണമായും ഏറ്റെടുത്ത് കഴിഞ്ഞ സാഹചര്യത്തിൽ നിർമ്മാണ പ്രവൃത്തികൾ ഉടനെ ആരംഭിക്കുമെന്ന് മന്ത്രി ഡോ. ആർ ബിന്ദു പറഞ്ഞു. ഭൂമി ഏറ്റെടുക്കലുമായി ബന്ധപ്പെട്ട് മുഴുവൻ പേർക്കും നഷ്ടപരിഹാരം ലഭ്യമാക്കി ഭൂമി ഏറ്റെടുക്കുകയും എല്ലാ കെട്ടിടങ്ങളും മറ്റു നിർമ്മതികളും പൊളിച്ചു നീക്കുകയും ചെയ്ത് കഴിഞ്ഞിട്ടുണ്ട്. റെക്കോർഡ് വേഗതയിലാണ് സങ്കീർണമായ ഭൂമി ഏറ്റെടുക്കൽ നടപടികൾ പൂർത്തീകരിച്ച് മുഴുവൻ പേർക്കും പൂർണമായും നഷ്ടപരിഹാര തുക വിതരണം ചെയ്‌തത്. ഇനി പണി കാലതാമസമില്ലാതെ ആരംഭിക്കാനാവുമെന്നാണ് കെ എസ് ടി പി അറിയിച്ചിട്ടുള്ളത്.
കൊടുങ്ങല്ലൂർ ഷൊർണ്ണൂർ റോഡിൽ കെ എസ് ടി പി യുടെ നിർമ്മാണ പ്രവൃത്തികൾ നടന്നു വരികയാണ്. ഇതിലാണ് ഠാണ – ചന്തക്കുന്ന് പ്രവർത്തി ഉൾപ്പെടുന്നത്. കൊടുങ്ങല്ലൂർ – ഷൊർണ്ണൂർ സംസ്ഥാനപാത നിലവിൽ രണ്ടു വരിയിലാണ് കോൺക്രീറ്റ് ചെയ്യുന്നത് ഇതിൽ പൂതംകുളം തൊട്ട് ചന്തക്കുന്ന് സെൻ്റ് ജോസഫ്സ് കോളേജ് ഇറക്കം വരെ 17 മീറ്റർ വീതിയിൽ നാലു വരിയായിട്ടാണ് ഠാണ – ചന്തക്കുന്ന് ജംഗ്ഷന്റെ നിർമ്മാണം. റോഡിന് പുറമെ ഇരുവശത്തും ഫൂട്പാത്ത്, കൈവരി, ഡിവൈഡർ, ലൈൻ മാർക്കിംഗ്, റിഫ്ലക്ടറുകൾ, ദിശാബോർഡുകൾ, സൂചനാ ബോർഡുകൾ എന്നിവയും സ്ഥാപിക്കണം. ഈ നിർമ്മാണ പ്രവൃർത്തികൾക്കായി 11 കോടി രൂപ ചിലവ് വരും. ഭൂമി ഏറ്റെടുക്കൽ പ്രവൃത്തി പൂർത്തിയായപ്പോൾ നാലുവരിയിൽ റോഡ് നിർമ്മാണം പൂർത്തിയാക്കുന്നതിന് കൂടുതൽ തുക ചെലവു വരുമെന്നത് കൊണ്ട് ഇതുമായി ബന്ധപ്പെട്ട പുതുക്കിയ എസ്റ്റിമേറ്റ് കെ എസ് ടി പി സർക്കാരിന് സമർപ്പിച്ചു. ഇത് അംഗീകരിച്ച് അനുമതി ലഭ്യമായിട്ടുണ്ട്. ഈ സാഹചര്യത്തിൽ എത്രയും പെട്ടന്ന് പണി ആരംഭിക്കാൻ കഴിയുമെന്ന് കെ എസ് ടി പി യും അറിയിച്ചിട്ടുണ്ട്.
വ്യാപാരികളുടെയും ആരാധനാലയ അധികൃതരുടെയും അഭ്യർത്ഥനകളടക്കമുള്ള ജനകീയമായ ആവശ്യങ്ങളുടെ പേരിൽ നിർമ്മാണപ്രവൃത്തി നീട്ടിവെച്ച സമയത്തു പോലും സ്വന്തം ഉടമസ്ഥതയിലുള്ള കെട്ടിടങ്ങൾ പൊളിച്ചുനീക്കൽ പൂർത്തീകരിച്ചു തരാൻ സാധിക്കാത്ത നഗരസഭാ അധികൃതരാണ് നിർമ്മാണത്തിൽ കാലതാമസം വന്നിട്ടുണ്ടെങ്കിൽ മറുപടി പറയേണ്ടതെന്ന് മന്ത്രി ഡോ. ബിന്ദു പറഞ്ഞു. സ്വകാര്യവ്യക്തികളുടെയും സർക്കാരിൻ്റെയും ആരാധാനാലയങ്ങളുടെയും അടക്കമുള്ള കെട്ടിടങ്ങൾ പൊളിച്ചു നീക്കി റോഡിന് വഴിയൊരുക്കാൻ കഴിഞ്ഞുവെങ്കിലും ശേഷം ഇക്കഴിഞ്ഞ ഏപ്രിൽ മാസം അവസാനം മാത്രമാണ് നഗരസഭയുടെ കൈവശമുള്ള രണ്ടു കെട്ടിടങ്ങൾ പൂർണമായും പൊളിച്ച് മാറ്റിയത്. ഈ പൊളിച്ചു മാറ്റലിന് വേണ്ടി വന്ന കാലതാമസമാണ് പ്രധാനമായും പദ്ധതിക്ക് വൈകൽ വരുത്തിയത്. പദ്ധതി പ്രദേശത്തെ നിർമ്മിതികൾ പൂർണ്ണമായും പൊളിച്ച് നീക്കിയതിന് ശേഷം മാത്രമേ ആവശ്യമായ തുകയ്ക്ക് വേണ്ടി എസ്‌റ്റിമേറ്റ് സർക്കാരിന് സമർപ്പിക്കാനാകു. നിരന്തരമായി സർക്കാരും ജനപ്രതിനിധിയെന്ന നിലയിലും മന്ത്രിയെന്ന നിലയിലും മറ്റു അനുബന്ധ വകുപ്പുകളിലടക്കം നടത്തിയ ഇടപെടൽ കൊണ്ടാണ് മുനിസിപ്പാലിറ്റിയുടെ ഭാഗത്തു നിന്നുള്ള കടമ്പ കടക്കാൻ വഴിയൊരുങ്ങിയത്.
ഓരോ റീച്ചായാണ് പാത നിർമ്മാണ പ്രവൃത്തി കെ എസ് ടി പി പൂർത്തീകരിച്ചു വരുന്നത്. ജനങ്ങൾക്ക് യാത്രാക്ലേശം വരുത്താതിരിക്കാൻ എല്ലാ ഘട്ടത്തിലും സർക്കാർ ശ്രദ്ധിച്ചു. മണ്ഡലത്തിനകത്തെ റോഡിൻ്റെ പണിയുടെ ഓരോ ഘട്ടത്തിലും നഗരസഭാ അധികൃതരുമായി ബന്ധപ്പെട്ടു. എന്നാൽ നഗരസഭാ കെട്ടിടത്തിന്റെ പൊളിച്ചു നീക്കൽ ഉദ്ദേശിച്ച സമയത്തിലും ഘട്ടത്തിലും പൂർത്തീകരിച്ചു തന്നില്ല.
ഒരു ഘട്ടത്തിൽ വ്യാപാരികളുടെ അഭ്യർത്ഥന പരിഗണിച്ച് ഈ റീച്ചിൻ്റെ പ്രവർത്തനം സാവധാനമാക്കേണ്ടിയും വന്നു. ഇതും, രണ്ട് സുപ്രധാന ആഘോഷ വേളകളിലും അതാത് ആരാധനാലയ കമ്മിറ്റികളുടെ അഭ്യർത്ഥന പ്രകാരം ഈ റീച്ചിലെ പ്രവർത്തനം നീട്ടിവെച്ചതും തീർത്തും ജനകീയമായ ആവശ്യങ്ങൾ ചെവിക്കൊണ്ടാണ്. പ്രവൃത്തിയിൽ അങ്ങനെ വന്ന കാലതാമസം ന്യായവും അനിവാര്യവുമായിരുന്നു.
എന്നാൽ, ഈ സാവകാശമൊന്നും ഉപയോഗപ്പെടുത്തി ബെൽമൌത്തിലെ കെട്ടിടം പൊളിച്ചുനീക്കൽ പണി വേഗത്തിലാക്കാൻ ശ്രമം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടായില്ല. ഉത്സവങ്ങൾ പൂർത്തിയായ ശേഷവും തുടർന്നുള്ള മാസങ്ങളിൽ പ്രവൃത്തി തുടരാൻ നഗരസഭയുടെ കൃത്യതയില്ലായ്മ മൂലം സാധിക്കാതെ വരികയാണുണ്ടായത്. പുത്തൻതോട് കരുവന്നൂർ റീച്ച് പ്രവൃത്തിയ്ക്ക് എടുക്കുന്നതിനു മുമ്പായിട്ട് ഠാണ – ചന്തക്കുന്ന് റീച്ച് പണിയ്ക്കായി എടുക്കാമായിരുന്നതും നഗരസഭയുടെ ഈ വീഴ്ചയാൽ കഴിയാതെ പോയി.
നിർമ്മാണ സാമഗ്രികളുമായി കരാറുകാർക്ക് മേൽപ്പറഞ്ഞ റീച്ചിലേക്ക് കടക്കേണ്ടിയും വന്നു ഇതിനിടെ. ഇനി ആ റീച്ച് പൂർത്തിയായി വേണം ഇവിടെ പണി പുനരാരംഭിക്കാൻ എന്ന സ്ഥിതി ഉണ്ടായി. എങ്കിലും ഠാണ – ചന്തക്കുന്ന് വികസനത്തിന് വേണ്ടിയുള്ള യൂട്ടിലിറ്റി ഷിഫ്റ്റിംഗും അനുബന്ധ റോഡുകളുടെ നിർമ്മാണവും ഒരാഴ്ചക്കകം ആരംഭിക്കും. പിന്നാലെ തന്നെ നിർമ്മാണ പ്രവൃത്തിയും ആരംഭിക്കും – മന്ത്രി ഡോ. ബിന്ദു വ്യക്തമാക്കി.