ഇരിങ്ങാലക്കുട: നവോത്ഥാനത്തിൻ്റെ വിളക്ക് അണയാതിരിക്കാൻ ചെറുപ്പം രാഷ്ട്രീയത്തിലേക്ക് വരണമെന്ന് സിപിഐ സംസ്ഥാന എക്സിക്യൂട്ടീവംഗവും മുൻമന്ത്രിയുമായ മുല്ലക്കര രത്നാകരൻ. സിപിഐ ജില്ലാ സമ്മേളനത്തോടനുബന്ധിച്ചുള്ള സാഹിത്യോത്സവത്തിൽ ‘നവോത്ഥാന മുന്നേറ്റത്തിന്റെ നൈരന്തര്യങ്ങൾ’ സെമിനാർ ഉദ്ഘാടനം ചെയ്യുകയായിരുന്നു അദ്ദേഹം.
രാഷ്ട്രീയത്തിൽ നിന്നും ചെറുപ്പക്കാരെ പിൻവലിച്ചാൽ അത് കോർപ്പറേറ്റുകൾക്കാണ് ഗുണം ചെയ്യുക. അതിനുള്ള പ്രവർത്തനങ്ങളാണ് ലോകം സാങ്കേതിക വിദ്യയുടെ സഹായത്തോടെ നടത്തുന്നത്. നല്ലതല്ലാത്ത മൊബൈൽ സംസ്കാരത്തിലൂടെ നമ്മളെ ഭിന്നിപ്പിക്കുവാൻ ആധുനിക കോർപ്പറേറ്റ് മുതലാളിമാർക്ക് കഴിയുന്നത്. വാഹനവും വീടുമൊക്കെയായി യുവത ലോണുകളുടെ പിടിയിലാണ്. കമ്പോളം എന്ന തന്ത്രത്തിലൂടെ യുവത്വത്തെ കുരുക്കിൽപ്പെടുത്തുകയാണ് ഇവർ ചെയ്യുന്നത്. കടത്തിൻ്റെയും ലോണിൻ്റെയും കുരുക്കിൽപ്പെട്ട യുവത്വമാണ് ഒരു രാഷ്ട്രീയ പാർട്ടികളിലും ചേരാത്തത്. രാഷ്ട്രീയം പിൻവലിക്കപ്പെട്ടാൽ പിന്നെ മൊത്തം മതം മാത്രമാകും. മതവും രാഷ്ടീയവും ചേർന്നാൽ വർഗീയതയും. ഇവിടെയാണ് കലയുടെയും സാഹിത്യത്തിൻ്റെയുമെല്ലാം പ്രസക്തിയെന്നും അദ്ദേഹം പറഞ്ഞു.
സിപിഐ മണ്ഡലം സെക്രട്ടറി എൻ കെ ഉദയപ്രകാശ് സ്വാഗതം പറഞ്ഞു. പി എൻ ഗോപീകൃഷ്‌ണൻ, ഡോ. ടി എസ് ശ്യാംകുമാർ, ഡോ. അമൽ സി രാജൻ എന്നിവർ വിഷയാവതരണം നടത്തി. സിപിഐ ജില്ലാ എക്സിക്യൂട്ടീവംഗം കെ എസ് ജയ അധ്യക്ഷയായി. ജില്ലാ കൗൺസിലംഗം അനിത രാധാകൃഷ്ണൻ നന്ദി പറഞ്ഞു. തുടർന്ന് കെ ദാമോദരൻ്റെ പാട്ടബാക്കി നാടകം അരങ്ങേറി.