ഇരിങ്ങാലക്കുട : കെ. ദാമോദരൻ്റെ രചിച്ച പാട്ടബാക്കി നാടകം 88 വർഷങ്ങൾക്ക് ശേഷം വീണ്ടും പുനരവതരണത്തിലൂടെ ഇരിങ്ങാലക്കുടയിൽ വേദിയാവുകയാണ്. സിപിഐ തൃശ്ശൂർ ജില്ലാ സമ്മേളന അനുബന്ധ പരിപാടികളുടെ ഭാഗമായി ജൂലൈ എട്ടാം തീയതി വൈകിട്ട് 7:00 മണിക്ക് ഇരിങ്ങാലക്കുട ടൗൺ ഹാളിൽ നാടകം അരങ്ങേറും.
88 വർഷം മുമ്പ് കെ. ദാമോദരൻ രചിച്ച് വൈലത്തൂരിൽ ആദ്യമായവതരിപ്പിച്ച രാഷ്ട്രീയ നാടകമാണ് “പാട്ടബാക്കി”.
1937-ൽ പൊന്നാനി കർഷകസമ്മേളനത്തിൽ അവതരിപ്പിക്കാൻ കെ. ദാമോദരൻ രചിച്ച നാടകം, 1938-ലാണ് അച്ചടിച്ച് പ്രസിദ്ധീകരിക്കുന്നത്. കേരളത്തിലെ കർഷകസംഘപ്രവർത്തനങ്ങളെയും കമ്മ്യൂണിസ്റ്റ് പാർട്ടിയുടെ വളർച്ചയേയും ഈ നാടക അവതരണം സഹായിച്ചിട്ടുണ്ട്. കഥാഘടനയുടെ ലാളിത്യവും ഉള്ളടക്കത്തിന്റെ സത്യാവസ്ഥയും പാട്ടബാക്കിയെ മലയാളത്തിന്റെ ഏറ്റവും വിജയകരമായ രാഷ്ട്രീയനാടകമാക്കിത്തീർത്തു.